അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം

അമ്മു എന്ന പെൺകുട്ടിയെ പരിചയപ്പെടാം (യഥാർത്ഥ പേരല്ല).
പതിവില്ലാത്ത സന്തോഷത്തോടെ അവൾ അന്ന് വികാരിയച്ചന്റെയടുത്തു ചെന്നു.
“അച്ചാ ഇന്നെന്റെ അമ്മയുടെ പിറന്നാളാണ്. പ്രാർത്ഥിക്കണം.”

“തീർച്ചയായും പ്രാർത്ഥിക്കാം. മോളെന്താണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയിട്ടുള്ളത്?”

അവൾ ഉടനെ തന്റെ മൊബൈൽ ഫോൺ എടുത്ത് ഒരു വീഡിയോ അച്ചനെ കാണിച്ചു.
അമ്മയുടെ ചിത്രങ്ങൾ വച്ച് തയ്യാറാക്കിയ മനോഹരമായ വീഡിയോ.
ആ വീഡിയോയിൽ ഇങ്ങനെ എഴുതിയിരുന്നു:

“ഞങ്ങളുടെ വീടിന്റെ വിളക്കായ അമ്മേ….
പപ്പയുടെ വേർപാട് തിരിച്ചറിയാതെ ഞങ്ങളെ വളർത്തിയതിന്,
ഞങ്ങൾക്കായ് കൂലിപ്പണിക്ക് പോയതിന്,
ഞങ്ങൾക്കുവേണ്ടി നോമ്പുനോറ്റ് പ്രാർത്ഥിക്കുന്നതിന്,
ഞങ്ങൾക്കു വേണ്ടി പട്ടിണി കിടന്നതിന്,
ഞങ്ങൾക്കായ് രുചികരമായ ഭക്ഷണം പലതും കഴിക്കാതിരുന്നതിന്…..
എല്ലാറ്റിനുമുപരി ഞങ്ങളുടെ സുരക്ഷയെ ഓർത്തു മാത്രം
വീണ്ടും വിവാഹം കഴിക്കാതിരുന്നതിന്
നന്ദി….
അമ്മയ്ക്ക് തരാൻ ഈ ജീവിതം മാത്രം ….
ജന്മദിനാശംസകൾ….”

വീഡിയോ കണ്ട അച്ചൻ അവളോട് പറഞ്ഞു:
“ഇത് മനോഹരമായിരിക്കുന്നു.
ഇതെന്താ ഈ വർഷം ഇങ്ങനെ
ചെയ്യാൻ കാരണം?”

“ഒന്നുമില്ലച്ചാ …
ഞങ്ങൾ മൂന്നുപേരുടെയും
ജന്മദിനം അമ്മ ഓർത്തെടുക്കും.
ആ ദിവസം അമ്മ ഞങ്ങൾക്കായ് പള്ളിയിൽ കുർബാനയ്ക്ക് പണം നൽകും. പായസവും നല്ല ഭക്ഷണവുമൊരുക്കും.
ഇന്നിപ്പോൾ അമ്മ രോഗിയായി കിടപ്പിലാണല്ലോ?
ഇതുവരെ ഞങ്ങൾ അമ്മയുടെ ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല.
ഇത്തവണയാണ് ഞങ്ങൾ
ജന്മദിനം എന്നാണെന്നറിഞ്ഞ് ആഘോഷിക്കാമെന്നു തീരുമാനിച്ചത്.
അമ്മയിനി എത്രനാൾ ജീവിച്ചിരിക്കുമെന്ന് ഒരുറപ്പുമില്ല.
ഈ വേദനയിലും അമ്മയെ സന്തോഷിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”

വീട്ടിലേക്ക് പോകാൻ നേരത്ത്
അമ്മു അച്ചനോട് ചോദിച്ചു:
“അച്ചന്റെ അമ്മയുടെ ബർത്ത്ഡേ എന്നാണ്?”

“സെപ്തംബർ എട്ട്”

“അന്നല്ലെ പരിശുദ്ധ
കന്യകാമാതാവിന്റെ
ജനനത്തിരുന്നാൾ?”

അല്പം ജാള്യതയോടെ അച്ചൻ പറഞ്ഞു:
“നിനക്കറിയുമോ? എന്റെ അമ്മയുടെ യഥാർത്ഥ ജന്മദിനം എന്നാണെന്ന് എനിക്കറിയില്ല. സെമിനാരിയിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു.
പിന്നെ അമ്മയുടേതെന്നു പറയാൻ ഏറ്റവും നല്ല ദിനം സെപ്തംബർ എട്ടാം തിയതിയാണ്.
അന്ന് എല്ലാ അമ്മാരെയും ദിവ്യബലിയിൽ ഓർക്കും.”

അതെ,
എല്ലാ അമ്മമാരെയും ഓർക്കാനുള്ള ദിനമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനമായ സെപ്തംബർ എട്ട്.
മക്കൾ ജനിച്ചതെന്നാണെന്ന് ഓർക്കാത്താ മാതാപിതാക്കൾ കുറവായിരിക്കും.
എന്നാൽ മാതാപിതാക്കളുടെ ജന്മദിനം എന്നാണെന്നറിയാത്ത മക്കൾ ധാരാളമുണ്ടുതാനും.

ഇവിടെയാണ് നമുക്കെല്ലാം ഓർമപ്പെടുത്തലായി തിരുസഭ
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നത്.
അത് മറിയത്തിനുള്ള ആദരവ് മാത്രമല്ല എല്ലാ അമ്മമാർക്കുമുള്ള ആദരവാണ്.

മറിയത്തിൽ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(Ref: മത്തായി 1 :16) എന്ന് വചനം പറയുമ്പോൾ രക്ഷകര ചരിത്രത്തിൽ മറിയത്തിനുള്ള സ്ഥാനം എത്ര വലുതാണെന്ന് നമ്മൾ മനസിലാക്കണം.

മറിയത്തെ ആദരിക്കുമ്പോൾ മാതാപിതാക്കളെ ആദരിക്കാനും സ്നേഹിക്കാനുമുള്ള കർത്തവ്യത്തെ നമുക്കോർത്തെടുക്കാം.
അവർക്കായ് പ്രാർത്ഥിക്കാം

പരിശുദ്ധ കന്യകാമറിയത്തിന്റെ
ജനനത്തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്
സെപ്തംബർ 8 – 2021

നിങ്ങൾ വിട്ടുപോയത്