കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു.

1. മനുഷ്യ ജീവന്റെ മഹത്വം

കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് കേരളസമൂഹത്തില്‍ സജീവമായിരുന്നല്ലോ.

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട്. വികസനനയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് ജനസംഖ്യ കുറയ്്ക്കുക മാത്രമാണ് പരിഹാരം എന്ന നിലപാട് യുക്തിസഹമല്ല.

കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ കുറച്ച വികസിത രാജ്യങ്ങളും ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

മനുഷ്യ വിഭവശേഷിയുടെ ശരിയായ സാമൂഹിക അനുപാതം വികസനത്തിന് അനിവാര്യമാണെന്ന സത്യം പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്.

സ്വാഭാവിക ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചു വ്യക്തമായ ബോധവല്‍ക്കരണം നല്‍കിക്കൊണ്ടു സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണസംരഭങ്ങളോടു ക്രിയാത്മകമായി സഹകരിച്ച ചരിത്രമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. എന്നാല്‍, നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണ്.

1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്.

ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണ്.

2. തീരദേശത്തിന്റെ ആശങ്കകള്‍

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. അവര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം.

കൊച്ചിന്‍ തുറമുഖത്ത് ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

3. സാമൂഹ്യനീതിയുടെ സംരക്ഷണം

ഈശോ സഭാംഗമായ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടര്‍ന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ദളിതരെയും ആദിവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം എടുത്ത ധീരമായ നിലപാടുകളും ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതസാക്ഷ്യവും മരണവുംവഴി ഇന്ത്യയിലെ ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളെ സമൂഹമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കഴിഞ്ഞു.

അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഇതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്.

4. ആറാധനാ സ്വാതന്ത്ര്യം

ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണ്. ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്.

മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനാധിപത്യ മതേതര സര്‍ക്കാരുകള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഉചിതവും നീതിയുക്തവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

5. ആവിഷ്‌ക്കാര സ്വതന്ത്ര്യവും

മതവിശ്വാസവുംകലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല.

ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

6. കോവിഡ് പ്രതിസന്ധി

കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിലും മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിലും ജനങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വിദഗ്ദ്ധരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങള്‍ മാതൃകയാകണം.

ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ ലോക്ഡൗണിന്റെ നിബന്ധനകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ അവരുടെ ഉപജീവനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്നതാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് ദൈവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്കാനും സര്‍ക്കാര്‍ താല്‍പര്യമെടുക്കണം.

കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു.