ക്രിസ്തുവർഷം 225 ഡിസംബർ 31 ന് റോമിലെ വലൻസിയയിൽ ഒരാൺകുട്ടി പിറന്നു. ക്രിസ്ത്യാനിയായതിന്റെ പേരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മാതാപിതാക്കളുടെ മകൻ. വളർന്നു വന്നപ്പോൾ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ ഉറച്ചു നിന്നവൻ.

പ്രായപൂർത്തിയായപ്പോൾ അവൻ റോമിലെ എഴു ഡീക്കൻമാരിലൊരാളായി. പിന്നെ ആർച്ചു ഡീക്കനായി. സഭയുടെ സ്വത്തുക്കൾ മുഴുവൻ കൈകാര്യം ചെയ്യാൻ അവൻ നിയോഗിക്കപ്പെട്ടു. പാവങ്ങളോട് വലിയ അനുകമ്പയുണ്ടായിരുന്ന അവൻ, തന്റെ വ്യക്തിപരമായ സമ്പത്തു മുഴുവൻ വിറ്റ് പാവങ്ങളുടെ പക്ഷത്തു നിന്നു. സിക്സറ്റസ് രണ്ടാമൻ പാപ്പായുടെ സ്നേഹ വാൽസല്യങ്ങൾക്ക് പാത്രീഭൂതനായി.

പ്രായപൂർത്തിയായപ്പോൾ അവൻ റോമിലെ എഴു ഡീക്കൻമാരിലൊരാളായി. പിന്നെ ആർച്ചു ഡീക്കനായി. സഭയുടെ സ്വത്തുക്കൾ മുഴുവൻ കൈകാര്യം ചെയ്യാൻ അവൻ നിയോഗിക്കപ്പെട്ടു. പാവങ്ങളോട് വലിയ അനുകമ്പയുണ്ടായിരുന്ന അവൻ, തന്റെ വ്യക്തിപരമായ സമ്പത്തു മുഴുവൻ വിറ്റ് പാവങ്ങളുടെ പക്ഷത്തു നിന്നു. സിക്സറ്റസ് രണ്ടാമൻ പാപ്പായുടെ സ്നേഹ വാൽസല്യങ്ങൾക്ക് പാത്രീഭൂതനായി.

AD 258 ൽ വലേറിയൻ ചക്രവർത്തി റോമിലെ മുഴുവൻ മെത്രാൻമാരേയും വൈദികരേയും സന്യാസികളേയും ഡീക്കൻമാരേയും, അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത ശേഷം കൊല്ലാനുത്തരവിട്ടു. പോപ്പ് സിക്സ്റ്റസ് രണ്ടാമൻ ആദ്യമേ കൊല്ലപ്പെട്ടു. ഇടയനില്ലാത്ത ആടുകളെപ്പോലെ സഭ ചിതറി. റോമിലെ ആർച്ചുഡീക്കനോട് സഭയിലെ സ്വത്തുക്കൾ മുഴുവൻ സറണ്ടർ ചെയ്യാൻ അടുത്ത ദിവസം കൊട്ടാരത്തിലെത്താൻ ചക്രവർത്തി ഉത്തരവിട്ടു. ആർച്ചുഡീക്കൻ മൂന്നു ദിവസത്തെ സമയം ചോദിച്ചു. ചക്രവർത്തി അതനുവദിച്ചു. മൂന്നു ദിവസം കൊണ്ട് സഭയുടെ സ്വത്തുക്കൾ, ബാക്കിയുണ്ടായിരുന്നതു മുഴുവൻ ആർച്ചുഡീക്കൻ പാവങ്ങൾക്കു വിതരണം ചെയ്തു.

മൂന്നാം ദിവസം രാവിലെ രാജകൊട്ടാരത്തിനു മുന്നിൽ വലിയ ആൾക്കൂട്ടം. സഭ അത്രയും നാൾ സഹായിച്ചു കൊണ്ടിരുന്ന പാവപ്പെട്ടവരേയും അനാഥരേയും വിധവകളേയും പീഡിതരേയും കൂട്ടി ആർച്ചുഡീക്കൻ, ചക്രവർത്തിക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. പാപ്പായെ നിഷ്ക്കരുണം കൊന്നുകളഞ്ഞ ആ നരാധമന്റെ ചോരച്ച കണ്ണുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

“ഇതാ, ഇതാണു സഭയുടെ യഥാർത്ഥ സ്വത്ത്! ചോരപ്പുഴയൊഴുക്കി നീ നേടിയെടുത്ത നിന്റെ സാമ്രാജ്യത്തേക്കാൾ ഇതിനു വിലയുണ്ട്!”

ആ വാക്കുകളുടെ പ്രകമ്പനത്തിൽ രാജസിംഹാസനം വിറച്ചു. കോപം കൊണ്ടു ജ്വലിച്ച ചക്രവർത്തി അദ്ദേഹത്തെ പിടിച്ചു കെട്ടാൻ ആജ്ഞാപിച്ചു. പടയാളികൾ അദ്ദേഹത്തെ പിടികൂടി കൈകാലുകൾ ബന്ധിച്ചു. പിന്നെ, കത്തിജ്ജ്വലിക്കുന്ന കൽക്കരിയടുപ്പുകൾക്കു മീതെ സ്ഥാപിച്ചിരുന്ന, ചുട്ടുപഴുത്തു ചെന്തീ നിറമാർന്ന ഇരുമ്പു ദണ്ഡുകൾക്കു മുകളിലേക്ക് ഒരു കുഞ്ഞാട്ടിൻകുട്ടിയെക്കണക്ക് വലിച്ചെറിഞ്ഞു.

പച്ചമാംസം വെന്തുരുകുന്ന രൂക്ഷ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. പുകയടങ്ങിയപ്പോൾ, ഒരു വശം മുഴുവൻ വെന്തുരുകിയ ശരീരത്തിൽ ബാക്കിയായ മുഴുവൻ പ്രാണനുമെടുത്ത് അദ്ദേഹം വിളിച്ചു പറഞ്ഞു:”എന്റെ ഒരു വശം മുഴുവൻ വെന്തു പാകമായി, ഇനിയൊന്നു തിരിച്ചിടാമോ!”

ഇതു ലോറൻസാണ്! വിശുദ്ധ ലോറൻസ്! സ്വർഗ്ഗീയ മേഘങ്ങളിൽ തനിത്തങ്കത്തിന്റെ തിളക്കമുള്ള താരകം!

ആഗസ്റ്റ് 10 നാണ് തിരുനാൾ!

Fr. Sheen Palakkuzhy

Catholic Priest