പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്ഥലം വിറ്റ് റെസ്റ്റിറ്റിയൂഷന്‍ (നഷ്ടം നികത്തല്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത്

ജൂണ്‍ 21, 2021
Prot. N. 29/2021

അഭിവന്ദ്യ പിതാവേ,

2021 ഏപ്രില്‍ 28 ന് അഭിവന്ദ്യ പിതാവ് അയച്ച RN2/2021/0157 കത്തിനൊപ്പം കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വില്‍പ്പന സംബന്ധിച്ച് പെര്‍മനന്റ് സിനഡ് നല്‍കിയ നിര്‍ദേശത്ത എതിര്‍ക്കുന്ന അതിരൂപതയിലെ കാനോനിക സമിതികളില്‍ അംഗങ്ങളായ ചിലര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അയച്ചിരുന്നല്ലോ.

ഈ വിഷയം ശ്രദ്ധാപൂര്‍വ്വം പരിഗണിച്ച ഈ കാര്യാലയം, പെര്‍മെനന്റ് സിനഡ് നല്‍കിയ നിര്‍ദ്ദേശത്തില്‍ സംതൃപ്തരാണ്; അതുവഴി ശ്ലൈഹിക സിംഹാസനം ആഗ്രഹിക്കുന്ന നഷ്ടംനികത്തല്‍ (restitution) അന്തിമമായി പൂര്‍ത്തിയാക്കാനാവും. പെര്‍മെനന്റ് സിനഡ് അംഗീകരിച്ച വിലപ്രകാരം മേല്‍പ്പറഞ്ഞ രണ്ട് സ്ഥലങ്ങള്‍ വില്‍ക്കുവാന്‍ അതിരൂപത ആലോചന സമിതിയും സാമ്പത്തികസമിതിയും അഭിവന്ദ്യ (കരിയില്‍) പിതാവിനോട് സഹകരിക്കണമെന്ന് ഈ കാര്യാലയം കല്‍പ്പിക്കുന്നു.

ഈ കാനോനികസമിതികള്‍ ഇപ്പറഞ്ഞ നിര്‍ദേശത്തെ അംഗീകരിക്കാത്ത അനഭികാമ്യ സാഹചര്യമുണ്ടായാല്‍, സ്ഥലം വില്‍പ്പനയില്‍ അതിരൂപത കാനോനിക സമിതികളുടെ അംഗീകാരം വേണമെന്നുള്ള പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാനന്‍ നിയമം 1036§1,1o (ഇതിന് അനുബന്ധമായ സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമം, എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്റ്ററ്റിയൂട്‌സ് എന്നിവയില്‍ നിന്ന്) ഈ വില്പനയ്ക്കു മാത്രമായി, അങ്ങേയ്ക്ക് ഒഴിവു നല്‍കുന്നു; സിനഡിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് സ്ഥലം വില്‍പ്പന പൂര്‍ത്തിയാക്കണമെന്ന് കല്‍പ്പിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പുരോഗതിയും ഈ കാര്യാലയത്തെ അറിയിക്കുമല്ലോ.

അങ്ങ് അയച്ചുനല്‍കിയ മേലുദ്ധരിച്ച റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍, ഈ കാര്യാലയം കര്‍ദിനാള്‍ ആലഞ്ചേരിക്ക് അയച്ച മറ്റൊരു കത്തിനു (Prot. 157/2018 of 26 June 2019) നല്‍കിയ ദുര്‍വ്യാഖ്യാനത്തിലും ഞങ്ങള്‍ക്കുള്ള ഉല്‍ക്കണ്ഠ അറിയിക്കുന്നു. കര്‍ദിനാള്‍ തന്റെ ഔദ്യോഗിക പദവിയുടെ ഭാഗമായി നഷ്ടം വീണ്ടെടുക്കണം എന്നതല്ലാതെ, വ്യക്തിപരമായി നഷ്ടം നികത്തണം എന്നുള്ളത് തികച്ചും തെറ്റായ വ്യാഖ്യാനമാണ്.

ഇപ്രകാരമുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് താക്കീത് നല്‍കുകയും, ഇതില്‍ നിലനില്‍ക്കുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ കാനനിക ശശിക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം.

പരസ്യ പൊട്ടിത്തെറികളും ധിക്കാരപരമായ പെരുമാറ്റങ്ങളും ഒഴിവാക്കണമെന്ന് എല്ലാ വൈദികരെയും അല്മായ സഹോദരങ്ങളെയും, പ്രത്യേകിച്ച് കാനോനികസമിതിയിലെ അംഗങ്ങളെയും, അങ്ങ് ഉദ്‌ബോധിപ്പിക്കണം. താക്കീത് നല്‍കിയതിനു ശേഷവും പിന്തിരിയാത്തവരക്കെതിരെ സഭാനിയമം അനുസരിച്ചുള്ള ശിക്ഷണനടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.

കൂട്ടായ്മ വീണ്ടെടുക്കാനുള്ള അങ്ങയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. എറണാകുളം അതിരൂപതയിലെ എല്ലാ അംഗങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിനു സമര്‍പ്പിക്കുന്നു. നമ്മുടെ കര്‍ത്താവില്‍ സ്‌നേഹാശംസകളോടെ,

കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി, പ്രീഫെക്റ്റ്

ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ദെമെത്‌റിയൊ ഗല്ലാറൊ, സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്