അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര
അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ ബാബു ഫ്രാൻസിസിന്റെ മുടങ്ങാതെയുള്ള അപ്ഡേറ്റ്സിനുവേണ്ടി, എന്നും ഉച്ചസമയത്തു പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു . രണ്ടു ദിവസം മുൻപ് വരെ ഞങ്ങൾക്ക് കിട്ടിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം അപകടനില തരണം ചെയ്ത സന്തോഷത്തിയായിരുന്നു അച്ചനെ അറിയുന്നവർ എല്ലാവരും.
അച്ചനുവേണ്ടി മുടങ്ങാതെ എല്ലാവരും പ്രാർത്ഥിക്കുമായിരുന്നു. പെട്ടന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് അറിഞ്ഞപ്പോൾ എല്ലാവരും വീണ്ടും തളർന്നു. എന്നാൽ പ്രത്യാശയോടെ ഇന്നലെ വൈകിട്ട് ചെറിയാച്ചനുവേണ്ടി തുടങ്ങിയ ഓണലൈൻ അംഖണ്ഡജപമാലയിൽ രാത്രി പകലാക്കിയും,’നന്മനിറഞ്ഞ മറിയമേ’ എന്ന ആ ശക്തിയേറിയ പ്രാർത്ഥന ചൊല്ലി വാട്സ്ആപ്പ് ഗ്രുപ്പിലും, ഗുഗിൾ മീറ്റിലും പങ്കുചേരാത്ത വൈദീകരാരുമില്ല. ആ വിലയേറിയ പ്രാർത്ഥന തന്നെയായിരിക്കും വൈദീകസഹോദരങ്ങളായ ഞങ്ങൾക്ക് ചെറിയാച്ചനുവേണ്ടി നൽകാൻ സാധിച്ച എളിയ സമ്മാനം. ചെറിയാച്ചന്റെ ‘മരണ സമയത്തു തമ്പുരാനോട് അപേക്ഷിക്കാൻ’ അതിരൂപതയിലെ എല്ലാ അഭിഷിക്തരും ഉണ്ടായിരുന്നുവെന്നത് ഞങ്ങൾക്കും അല്പം ആശ്വസിക്കാൻ വക നല്കുന്നു.
കഴിവുള്ള നിരവധി വൈദീകരെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയേറെ എളിമയോടെ, ലാളിത്യത്തോടെ ജീവിച്ച ഒരു മനുഷ്യസ്നേഹിയെ വളരെ വിരളമായെ കണ്ടിട്ടുള്ളു. ഇത്രയും രഹസ്യമായി മനുഷ്യർക്കുവേണ്ടി നന്മചെയ്യാൻ സാധിക്കുമെന്ന് പഠിപ്പിച്ച ചെറിയാനച്ചനുണ്ടായ റോഡപകടവും ആദ്യത്തെ 12 മണിക്കൂറിൽ ആരും അറിഞ്ഞിരുന്നില്ല.
അവസാനമായി പള്ളിമുറിയിൽ നിന്നും നടക്കാൻ യാത്രയായപ്പോൾ, അതു നിത്യതയിലേക്കുള്ള വഴി തേടിയുള്ളതാണെന്നു ആരും കരുതിയിരുന്നില്ല. എന്നാൽ തുറന്നിട്ട പള്ളിമുറിയും, എടുക്കാതെപോയ മൊബൈൽ ഫോണും ഇന്ന് അച്ചന്റെ വ്യക്തിത്വത്തിന്റെ പ്രതീകമായി അവശേഷിക്കുകയാണ്. ഈ ലോകജീവിതത്തിലെ ഒന്നിനോടും പ്രത്യേക അടുപ്പംകാണിക്കാതെ, ഒരു തുറന്ന പുസ്തകമായിരുന്നു അച്ചന്റെ ജീവിതമെന്ന സന്ദേശം.
ജീസസ് യൂത്തിലെ ആയിരങ്ങൾക്ക് മാത്രമല്ല അച്ചൻ വഴികട്ടിയായത്, എത്രയോ യുവവൈദീകരാണ് അച്ചനെ മാത്രകയായി എടുത്തിട്ടുള്ളത്.
സുവിശേഷമൂല്യങ്ങൾ പണയം വയ്ക്കാതെ വാക്കുകൾ കൊണ്ടും എഴുതുകൊണ്ടും, ജീവിതം കൊണ്ടും അച്ചൻ പ്രചോദിപ്പിച്ച എത്രയോപേർക്കാണ് അച്ചന്റെ വിയോഗം തീരാനഷ്ടമായത്. പക്ഷെ അച്ചൻ അർപ്പിച്ച ബലികളും, പാടിയ പാട്ടുകളും, എഴുതിയ വാക്കുകളും, സംസാരിച്ച ബോധ്യങ്ങളും ഒരു *ചെറിയാനച്ചൻ ഇമ്പാക്ട്* ഈ സമൂഹത്തിൽ ഉണ്ടാക്കട്ടെ.
ഈ ദിവസങ്ങളിൽ ഞങ്ങളുടെ സമൂഹ്യമാധ്യമങ്ങളിൽ തെളിഞ്ഞ *സ്റ്റാറ്റസ്* അച്ചനുവേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു. എന്നാൽ ഇന്നുമുതൽ ഞങ്ങളുടെ ‘ഹൃദയങ്ങളിലെ സ്റ്റാറ്റസിൽ’ ഇതാ, ഞങ്ങൾക്കുവേണ്ടി ദൈവത്തോട് മധ്യസ്ഥം അപേക്ഷിക്കുന്ന ചെറിയാച്ചൻ’ എന്ന് കുറിക്കാനാണിഷ്ടം.
ഫാ വർഗീസ് പാലാട്ടി