സൃഷ്ടിയുടെ നാഥനായ ദൈവം തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. വി. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ ‘സമസ്തസൃഷ്ടികളും ഒന്നു ചേർന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും’ (8:22) ചെയ്യുന്ന കഠിനമായ പരീക്ഷണത്തിന്റെ ഒരു കാലഘട്ടമാണ് കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിലൂടെ വന്നുചേർന്നിരിക്കുന്നത്. ഈശോ തന്റെ രക്ഷാകരദൗത്യം പൂർത്തിയാക്കിയത് അതികഠിനമായ വേദന സഹിക്കുകയും കുരിശുമരണം വരിക്കുകയും ചെയ്തുകൊണ്ടാണ്. അവിടത്തെ ഉത്ഥാനത്തിൽ പങ്കുചേർന്ന് ഈ ലോകത്തിലും, അന്തിമമായി പരലോകത്തിലും വിജയിക്കേണ്ടതിന് ഈശോയെപ്പോലെ കഷ്ടപ്പാടുകളിലൂടെയും പരിക്ഷണങ്ങളിലൂടെയും നമ്മൾ കടന്നുപോകണം. ഈശോയുടെ ജീവിതത്തിൽനിന്നു വ്യത്യസ്തമായ ഒരു ജീവിതം ആഗ്രഹിക്കാൻ നമുക്ക് സാധിക്കില്ല. ‘ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. അവൻ ഗുരുവിനെപ്പോലെ ആയാൽ മതി’ (മത്താ. 10:24).
കോവിഡ് 19 പകർച്ചവ്യാധിയുടെ വ്യാപനത്തിൽ നമുക്കു പ്രത്യാശ കൈവിടാതിരിക്കാം. നമുക്കു കർത്താവിൽ ദൃഢമായി ശരണം വയ്ക്കുകയും വൈറസ് ബാധിതരായ നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിച്ചുകൊണ്ട് അവിടത്തെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യാം. ഈ പരീക്ഷണകാലഘട്ടത്തിൽ തങ്ങളുടെ ജീവൻ വിലയായി നൽകി കർത്താവിലുള്ള വിശ്വാസത്തിൽ മരണമടയുന്നവരുടെ ആത്മശാന്തിക്കായി നമുക്കു പ്രാർത്ഥിക്കാം.
നമുക്കറിയാവുന്നതുപോലെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2021 മെയ് ഒന്നു മുതൽ 31 വരെയുള്ള ദിവസങ്ങൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ട് പ്രത്യേകമായി പ്രാർത്ഥിക്കുവാനുള്ള സമയമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ദിവസവും മുടങ്ങാതെ ജപമാല ചെല്ലുവാൻ മാർപാപ്പ നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഇതോടൊപ്പം, ഓരോരുത്തർക്കും സാധിക്കുന്ന രീതിയിൽ നമ്മുടെ അനുഷ്ഠാനത്തിനായി ചില കാര്യങ്ങൾ ഞാൻ കൂട്ടിച്ചേർക്കുന്നു.
1. ഇടവക ദൈവാലയങ്ങളിലും സന്യാസസമൂഹങ്ങളുടെ ചാപ്പലുകളിലും രാവിലെ മുതൽ വൈകുന്നേരം വരെ പരി. കുർബാനയുടെ ആരാധന നടത്തുക.
2.നമ്മുടെ സഭയുടെ സായാഹ്നപ്രാർത്ഥന (റംശ) ആഘോഷമായി ചെറിയ ഗ്രൂപ്പുകളിലും സമർപ്പിതസമൂഹങ്ങളിലും എല്ലാ ദിവസവും നടത്തുക.
3.കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുക
ഇക്കാര്യങ്ങളെല്ലാം ചെയ്യേണ്ടതു സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണമെന്നു പറയേണ്ടതില്ലല്ലോ.