ഇരിങ്ങാലക്കുട:ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്കാവസ്ഥയെപ്പറ്റി സമഗ്രമായി പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും ഇരിങ്ങാലക്കുട രൂപത വൈദിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു.

ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതിനിഷേധവും അവഗണനയും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2020 നവംബറില്‍ കമ്മിഷനെ നിയോഗിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ സിറ്റിങ്ങുകള്‍ നടത്തിയശേഷം അഞ്ഞൂറോളം ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് 2023 മേയ് 17 ന് സമര്‍പ്പിച്ചു. എന്നാല്‍ അഞ്ചു മാസം പിന്നിട്ടെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാനോ ശുപാര്‍ശകളില്‍ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് ക്രൈസ്തവ സമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്.

സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള അലംഭാവം അവസാനിപ്പിക്കണമെന്നും എത്രയും വേഗം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം നീളുന്നതിലും നിരപരാധികളായ ആയിരങ്ങള്‍ക്ക് ജീവഹാനി നേരിടുന്നതിലും വ്യാപകമായ ദുരിതങ്ങള്‍ക്ക് ഇടയാകുന്നതിലും കൗണ്‍സില്‍ ദുഃഖം പ്രകടിപ്പിച്ചു. മുഴുവന്‍ ബന്ദികളെയും ഹമാസ് വിട്ടയയ്ക്കണം.

രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് മേഖലയില്‍ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കപ്പെടണം. ഇരുവിഭാഗവും സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരാന്‍ ലോകനേതാക്കളും സര്‍വവിഭാഗം ജനങ്ങളും ഐക്യദാര്‍ഢ്യവുമായി അണിനിരക്കണം.

ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ ഏതു യുദ്ധവും അന്തിമമായി പരാജയങ്ങളാണ്. തീവ്രവാദവും അക്രമങ്ങളും പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ല. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, വൈദിക സമിതി സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്