പ്രിയമുള്ളവരേ,
ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്സ് എന്ന മൂവികണ്ടു .
ലോഫിൽ നിന്ന് ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. രാജു ചേട്ടനും, റീനുവും, പിന്നെ ഞാനും, ശോഭാ സിറ്റിയിൽ ഇത്രയധികം സിസ്റ്റർമാർ ഒരുമിച്ചെത്തിയതായിരുന്നു ആദ്യത്തെ കൗതുകം.
നമ്മുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവുൾപ്പടെ, വൈദികരും നൂറിലധികം സന്യാസിനിമാരും ഉൾപ്പെടുന്ന ഒരു പ്രൗഡഗംഭീര സദസിനു മുമ്പിലായിരുന്നു പ്രിവ്യൂ ഷോ.

വളരെ ഹൃദയസ്പർശിയായ ഒരു സമർപ്പിത ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു ഈ സിനിമ.ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച, ക്ഷമയുടെയും, ത്യാഗത്തിൻ്റേയും സഹാനുഭൂതിയുടേയും മധ്യസ്ഥ എന്ന് വിശേഷിപ്പിക്കാവുന്ന വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ അനിതര സാധാരണമായ ജീവിതകാവ്യം അഭ്രപാളിയിൽ, അതുല്യപ്രഭയോടെ ചിത്രീകരിച്ചിരിക്കുകയാണ്.
ഇൻഡോർ രൂപതയിലെ ഉദയനഗറിൽ വീരോചിതമായ ഉപവിപ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സേവനത്തിന് പുതുജീവൻ നൽകി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതനിലമാരമുയർത്താൻ അശ്രാന്ത പരിശ്രമം ഒറ്റക്ക് ചെയ്ത ഒരു സമർപ്പിത .

ഒടുവിൽജന്മിമാർക്കും ചൂഷകരായ നാട്ടുപ്രമാണിമാരുടേയും കണ്ണിലെ കരടായി മാറുകയായിരുന്നു. …. 1995 ഫെബ്രുവരി 25ന് സിസ്റ്റർ റാണി മരിയ ഉദയ നഗറിൽ നിന്ന് ഇൻഡോർ ലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ നച്ചൻ ബോർ മലയിൽ സഹയാത്രികർക്ക് മുൻപിൽ വച്ച് സമന്തർ സിംഗ് എന്ന വാടക കൊലയാളിയുടെ 54 കുത്തുകൾ ഏറ്റാണ് രക്ത സാക്ഷിത്വം വരിച്ചത്.
സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന വചനം യാഥാർത്ഥ്യമാക്കിയ വിശുദ്ധയുടെ ജീവിതകാവ്യം തീവ്രത തെല്ലും ചോരാതെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ സംവിധായകനായ ഷൈസൺ പി ഔസേപ്പും, തിരക്കഥാകൃത്തായ ജയപാൽ ആനന്ദനും വലിയ അഭിനന്ദനം അർഹിക്കുന്നുവെന്ന് നിസ്സംശയം പറയാം …
ഹൃദയസ്പർശിയായ ഈ ദൃശ്യാനുഭവത്തിന് ശേഷം അഭിവന്ദ്യ മാർ.ടോണി നീലങ്കാവിൽ പിതാവിൻ്റെ വാക്കുകൾ വികാരനിർഭരമായിരുന്നു.

“ഹൃദയങ്ങളെ തകർത്തു കളഞ്ഞ ഒരു ചലച്ചിത്രാനുഭവം എന്ന് പറഞ്ഞു തുടങ്ങിയ പിതാവ്മിഷൻ ആത്യന്തികമായി ദൈവത്തിൻ്റെതാണെന്നും, ഭാരതത്തെ തൊട്ടറിയാൻ ഈ സിനിമ ഓരോരുത്തരേയും സഹായിക്കുമെന്നും കൂട്ടി ചേർത്തു.”ഈ കഥ എൻ്റെയും നിങ്ങളുടെയും ഒരു സഹോദരിയുടെ സത്യകഥയാണ്. ഈ കഥയിൽ നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ എന്നോടൊപ്പം തയ്യാറാവണം … ”
പതിനൊന്നോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രത്തിൻ്റെ സംവിധായകനായ ഷൈസൺ പി ഔസേപ്പിന്റെ വാക്കുകൾ ഹൃദയഹാരിയായിരുന്നു.

നവംബർ 17 മുതൽ..സെൻട്രൽ പിക്ചേഴ്സ് തിയറ്ററിലെത്തിക്കുന്ന ഈ സിനിമ നമ്മുടെ ചെറുപ്പക്കാരും, കാറ്റക്കിസം അധ്യാപകരും, വിദ്യാർത്ഥികളും മാത്രമല്ല പൊതു സമൂഹവും കാണേണ്ട ഒരു നേർക്കാഴ്ച തന്നെയാണ്.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ .
അമ്പിളി ഇമ്മാനുവൽ, ലോഫ്.