കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് .

ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ പരമോന്നത കോടതി ഊന്നൽ നൽകിയിരിക്കുകയാണ് . സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ഭദ്രതക്ക് ഏറെ സഹായകമാകുന്നതാണ് സുപ്രീം കോടതിയുടെ സ്വവർഗ വിവാഹത്തിനെതിരെയുള്ള വിധി എന്ന് കത്തോലിക്ക കോൺഗ്രസ് നേതൃ യോഗം വിലയിരുത്തി .


ഭ്രൂണത്തിന്റെ വളർച്ച ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതിയുടെ തീരുമാനം മനുഷ്യ ജീവനെ ബഹുമാനിക്കുകയും , സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഏറെ സന്തോഷവും അതിലേറെ പ്രതീക്ഷയും നൽകുന്നതാണ് . ആർഷ ഭാരത സംസ്കാരത്തിൽ മനുഷ്യജീവന് നൽകുന്ന വില് ഏറെ വലുതാണ് . മാത്രമല്ല ഒരു കുഞ്ഞു ജീവൻ ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതൽ , ഈ ലോകത്തു ജനിക്കാനും ജീവിക്കുവാനും ഉള്ള അവകാശം ആ കുഞ്ഞിനുണ്ട് .

ആ അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യ പോലുള്ള കിരാതമായുള്ള കാര്യങ്ങൾ ഒരു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല . സുപ്രീം കോടതിയുടെ വിധി ഏറെ സന്തോഷമുളവാക്കുന്നതാണെങ്കിലും , ഭ്രൂണഹത്യ പൂർണ്ണമായി നിരോധിക്കുവാൻ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .


കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി , ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ , രാജേഷ് ജോൺ , ബെന്നി ആന്റണി , ട്രീസ ലിസ് സെബാസ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു .

നിങ്ങൾ വിട്ടുപോയത്