*നല്ല മൈക്കുകൾ ഓരിയിടാറില്ല!*

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു,

ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു.

ആത്മാവിൻ്റെ വിളയാട്ടം ആ ജീവിതത്തിൽ ആർക്കും അനുഭവവേദ്യമായിരുന്നു. പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങളും ഫലങ്ങളും കൊണ്ട് സമാലംകൃതമായ ഒരു ജീവിതം!

എത്രയെത്ര ആത്മാക്കൾക്ക് അച്ചൻ ദൈവദൂതനായി! എത്രയെത്ര വൈദികർക്കും വൈദികാർത്ഥികൾക്കും സന്യസ്തർക്കും അദ്ദേഹം ആത്മീയപിതാവായി!

എത്രയെത്ര യുവതീയുവാക്കൾക്ക് വഴികാട്ടിയായി!

2008ൽ കാർമൽഗിരി സെമിനാരിയിൽ സ്റ്റാഫായി ഞാൻ എത്തിയപ്പോഴാണ് അവിടെ ആത്മീയപിതാവായി ശുശ്രൂഷ ചെയ്തിരുന്ന ജസ്റ്റിനച്ചനെ ആദ്യമായി പരിചയപ്പെടുന്നത്.

അദ്ദേഹത്തിൻ്റെ ആത്മീയോപദേശങ്ങൾ എനിക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ. അധികം വൈകാതെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം രൂപതയിലേക്ക് അദ്ദേഹത്തിനു തിരിച്ചുപോകേണ്ടി വന്നു. എനിക്കത് വലിയൊരു നഷ്ടമായിരുന്നു. എങ്കിലും പൂർവാധികം ശക്തിയോടെ രൂപതയിൽ ശുശ്രൂഷയിൽ മുഴുകുന്ന ജസ്റ്റിനച്ചനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.

“ഈ അസ്വസ്ഥതകൾ തല്ക്കാലത്തേക്ക് ദൈവം അനുവദിച്ചിട്ടുള്ളതാണ് അച്ചാ” എന്ന് അദ്ദേഹം പണ്ടു പറഞ്ഞത് ഓർത്ത് ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അച്ചൻ്റെ സാന്നിധ്യം എത്രയെത്ര വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമാണ് ദൈവസാന്നിധ്യം പകർന്നു നല്കിയിരുന്നത്!

എമ്മാവൂസിലെ പല പ്രവർത്തനങ്ങൾക്കു പിന്നിലും ശാലീനവും കുലീനവുമായ ആ സാന്നിധ്യം ഉണ്ടായിരുന്നു. എയ്ഞ്ചൽസ് ആർമിയുടെ ആനിമേറ്റായിരുന്ന അച്ചൻ മാസികയിൽ എഴുതിയിരുന്ന കൊച്ചു കുറിപ്പുകൾക്കും അനുഭവങ്ങൾക്കും അനിതരസാധാരണമായ ആകർഷകത്വം ഉണ്ടായിരുന്നെന്നത് അനുവാചകരെല്ലാം ഒന്നുപോലെ അംഗീകരിക്കുന്ന കാര്യമാണ്.

എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

നിരന്തരമായ പ്രാർത്ഥന! അതു പ്രകടമായതാകട്ടെ, അനിതരസാധാരണമായ ശാന്തതയിലും എളിമയിലും ക്ഷമയിലും ആയിരുന്നു.

“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍” എന്ന യേശുവചനം (മത്തായി 11:29) ആഴത്തിൽ ഉൾക്കൊണ്ട ജസ്റ്റിനച്ചൻ ഈശോയുടെ ഗുരുകുലത്തിൽ പഠിച്ച ഏറ്റവും മികച്ച ശിഷ്യരിൽ ഒരാളായിരുന്നു.

പ്രിയ ആത്മീയപിതാവേ, യാത്രയാകുക – നിത്യതയുടെ സ്നേഹതീരത്തേക്ക്…

ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുക.

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്