പലസ്തീൻ/ഇസ്രായേൽ യുദ്ധത്തിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഏകപക്ഷീയവും അനീതിപരവുമായ നിലപാടുകൾ പുലർത്തുന്നു; സ്ഥാപിതതാല്പര്യങ്ങളോടെ അസത്യങ്ങളും അർദ്ധസത്യങ്ങളും ചരിത്രസത്യമായി വിളമ്പുന്നു; വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രവാചകർ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു; ബൈബിൾ വാക്യങ്ങൾ പോലും ദൈവദൂഷണപരമായി ഉപയോഗിക്കപ്പെടുന്നു; ഈ സമയത്ത് ക്രൈസ്തവർ പുലർത്തേണ്ട നിലപാടിനെ സംബന്ധിച്ച് അനേകം ഉപദേശങ്ങളും നിർദ്ദേശങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
*ഒരു ക്രൈസ്തവവിശ്വാസി ഈ സാഹചര്യത്തിൽ എന്തു നിലപാടെടുക്കണം?*
വത്തിക്കാൻ ചത്വരത്തിൽ ഇന്നലെ (11/10/2023) നടന്ന പ്രതിവാര പൊതുദർശനവേളയിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞ നിലപാടു മാത്രമാണ് ക്രൈസ്തവർക്കു കരണീയം: “ഇസ്രായേലിലും പലസ്തീനായിലും നടക്കുന്ന കാര്യങ്ങൾ എന്നെ ഏറെ ദുഃഖിപ്പിക്കുന്നു. അനേകർ കൊല്ലപ്പെട്ടിരിക്കുന്നു; അനേകർക്കു മുറിവേറ്റിരിക്കുന്നു.
ഒരു തിരുനാൾ ദിനം വിലാപദിനമായി മാറിയതു കാണേണ്ടിവന്ന കുടുംബങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. *തടവുകാരെ ഉടനടി വിട്ടയയ്ക്കാൻ ഞാൻ ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ടവർക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്; പക്ഷേ, തികഞ്ഞ ഉപരോധത്തിൽ കഴിയേണ്ടിവന്നിരിക്കുന്ന, നിരപരാധികളായ അനേകർ ഇരകളായി മാറിയിരിക്കുന്ന, ഗാസായിലെ പലസ്തീനക്കാരെക്കുറിച്ച് ഞാൻ ഏറെ ഉത്ക്കണ്ഠപ്പെടുന്നു*”.
*പ്രായോഗികമായി പറഞ്ഞാൽ:*
1) ഹാമാസ് കൊടുംക്രൂരതയാണ് കാണിച്ചിട്ടുള്ളത്.
2) ഭീകരവാദികളെ തകർക്കാൻ വേണ്ടിയുള്ള യുദ്ധം ന്യായമാണ്.
3) ഇരകളായിത്തീർന്ന ഇസ്രായേല്ക്കാരോട് ഒപ്പമാണ് പാപ്പയുടെ മനസ്സ്. പക്ഷേ, അതിൻ്റെയർത്ഥം, വേദനിക്കാത്തവർക്ക് എതിരാണ് എന്നല്ല.
4) നിഷ്കളങ്കരും സാധാരണക്കാരുമായ പലസ്തീനിയൻ പൗരന്മാർ ഒരു കാരണവശാലും ഈ യുദ്ധത്തിൽ ഇരകളായിത്തീരരുതെന്ന് പാപ്പ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
5) എത്രയും വേഗം യുദ്ധം അവസാനിക്കാൻവേണ്ടി പാപ്പയോടൊപ്പം നാമും പ്രാർത്ഥിക്കണം.
6) വെറുപ്പും ദൈവദൂഷണവും പരത്താൻ നമുക്ക് ഇടയാകരുത്.
“I continue to follow, with pain and apprehension, what is happening in Israel and Palestine. So many people were killed, and others were wounded. I pray for those families who saw a feast day turn into a day of mourning, and I ask that the hostages be immediately released. It is the right of those who are attacked to defend themselves, but I am very worried by the total siege in which Palestinians live in Gaza, where there have also been many innocent victims”.
(റോയിട്ടർസ് പുറത്തുവിട്ട ആംഗലേയ ഉദ്ധരണി)
ഫാ. ജോഷി മയ്യാറ്റിൽ