
എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഫാ.വർഗീസ് ചെമ്പോളി മുഖ്യകാർമികത്വം വഹിച്ചു.
ഫാ.ജോഷി മയ്യാറ്റിൽ, ഫാ.ഡിറ്റോ ദേവസ്സി, ഫാ.ആൽവിൻ മുണ്ടക്കൽ എന്നിവർ സഹകാർമ്മികരായി. ഫാ.ഷിബു കോലോത്തുംവീട് ഒ.സി.ഡി വചനസന്ദേശം നൽകി. തുടർന്ന് പ്രൊഫസർ സി സി ആലിസുകുട്ടിയുമൊത്തുള്ള സൗഹൃദ സദസ്സ് നടന്നു. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് റവ.ഡോ. ജെയിംസ് ആനാപറമ്പിലും ഫാ. എബ്രഹാം പള്ളിവാതുക്കലും വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. സൗഹൃദസദസ്സിൽ പങ്കുചേരാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ച്
സീറോ മലബാർ കൂരിയാ ബിഷപ്പ് മാർസെബാസ്റ്റ്യൻ വാണിയപുരക്കൽ 80ന്റെ നിറവിൽ നിൽക്കുന്ന പ്രൊഫസർ സിസി ആലീസുകുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
കെയ്റോസ് മീഡിയ ഡയറക്ടർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. യുവജന കമ്മീഷൻ സെക്രട്ടറി ഫാ.സ്റ്റീഫൻ തോമസ്, സി.ജിയ MSMI , സാജു ചെറിയാൻ, ഷാജി മാലിപ്പാറ, സി.ഒ ആന്റണി, ജീസസ് യൂത്ത് ഭാരവാഹികളായ മനോജ് സണ്ണി, അഡ്വ.റൈജു വർഗീസ്, മിഥുൻ പോൾ,ജസ്റ്റിൻ പി ജെ അഡ്വ.ജോൺസൺ ജോസ്, സുജ സിജു, എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രൊഫ.സി.സി. ആലീസുകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.



ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ ഒരാളായ പ്രൊഫ. സി.സി. ആലീസ്കുട്ടി അനേകം പേരുടെ ആത്മീയ വളർച്ചയിൽ നേതൃപരമായി സഹായിച്ച വ്യക്തിയാണ്. കേരള കത്തോലിക്കാ സഭയിൽ സ്ത്രീകളുടെ ഉന്നമനത്തിനും പൊതു സ്ഥാനങ്ങളിലേക്ക് അവരെ വളർത്തിക്കൊണ്ടുവരാനും നടത്തിയ നിർണ്ണായക ഇടപെടലുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് പടത്തുകടവ് സ്വദേശിനിയാണ്. ദീർഘകാലം പാലക്കാട് മേഴ്സി കോളേജ്ജ് ഇംഗ്ലീഷ് പ്രൊഫസറായി ജോലിചെയ്തു. ഏകസ്ഥയായി ജീവിതം നയിക്കുന്ന പ്രൊഫ.സി.സി. ആലീസ് കുട്ടിയുടെ സഹോദരൻനാണ് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും ജീസസ് യൂത്ത് ഇന്റർനാഷണൽ ടീം ആനിമേറ്ററുമായിരുന്ന ബേബിചാക്കോ.

