രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം
ഒരു സർക്കാർ ആശുപത്രിയിൽ ജനിച്ച നവജാതശിശുവിനെ ശ്വാസംമുട്ടായി ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവന്നു.
സിസേറിയൻ ആയതുകൊണ്ട് കുഞ്ഞിന്റെ അമ്മയെ കൊണ്ടുവന്നിട്ടില്ല.
അമ്മൂമ്മയുമായി സംസാരിച്ചപ്പോഴാണ് ഈ കഥയുടെ ചുരുളഴിയുന്നത്.
ഒരു പ്രമുഖ കത്തോലിക്കാ ഇടവകാംഗമായ പെൺകുട്ടി. എൻജിനീയറിങ്ങിലും മാനേജ്മെന്റിലും ഡിഗ്രികൾ ഉണ്ട്. അവസാനം പഠിച്ച കോളേജിന് അടുത്തുള്ള മറ്റൊരു കോളേജിലെ രാഷ്ട്രീയപ്രവർത്തകനും അന്യമതസ്ഥനുമായ വിദ്യാർത്ഥിയുമായി പ്രേമത്തിലായി.
അദ്ദേഹത്തിന് രാഷ്ട്രീയം മാത്രമല്ല ആവശ്യത്തിന് ഗുണ്ടായിസവും ഉണ്ടായിരുന്നു. ഇതുപോലെയുള്ള ആൺകുട്ടികളെയാണ് ഇപ്പോൾ ന്യൂ ജനറേഷൻ പെൺകുട്ടികൾ ആരാധിക്കുന്നതത്രേ.
മാതാപിതാക്കൾ ഉപദേശിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ടിയാനെത്തന്നെ കല്യാണം കഴിക്കണം എന്ന് വാശിപിടിച്ച് അത് നടത്തി കൊടുക്കേണ്ടി വന്നു. ടിയാൻ മയക്കുമരുന്നിൻ്റെ അടിമയാണെന്ന് പിന്നീടാണ് മനസ്സിലായത്.
മൂത്ത കുട്ടിക്ക് ഒന്നേകാൽ വയസ്സുള്ളപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു. കുഞ്ഞിന് ഗർഭത്തിൽ രണ്ടുമാസം ആയപ്പോൾ ആരാധനാമൂർത്തി ആത്മഹത്യ ചെയ്തു. ആ കുഞ്ഞിനെയാണ് ഇപ്പോൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
ഇനി ഭാവി എന്താണെന്ന് ചോദിച്ചപ്പോൾ ഈ രണ്ടു കുട്ടികളെ മാതാപിതാക്കളെ ഏൽപ്പിച്ച് വിദേശത്ത് പോയി ജോലി ചെയ്ത് മക്കളെ വളർത്താനാണ് പ്ലാൻ.
ഇതുപോലുള്ള സംഭവങ്ങൾ പലതും ആവർത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ പെൺകുട്ടികൾ വീണ്ടും വീണ്ടും തലവച്ചു കൊടുക്കുകയാണ്.
പലകാരണങ്ങൾ കൊണ്ടും സിംഗിൾ പാരന്റിങ് വർദ്ധിച്ചുവരികയാണ്.
ഇതുപോലെയുള്ള കുഞ്ഞുങ്ങളാണ് വഴിയാധാരമാകുന്നത്.തിരുവിവാഹം എന്ന കൂദാശയുടെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണെന്ന് വേണം അനുമാനിക്കാൻ.
നല്ല കുടുംബങ്ങൾ ഉണ്ടാവാൻ വിവാഹിതർ തന്നെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
കുടുംബമാകുന്ന ദൈവാലയത്തിൽ പ്രവേശിച്ച് പൗരോഹിത്യശുശ്രൂഷ ചെയ്യാൻ വിളിക്കപ്പെട്ട മാതാപിതാക്കളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥന വളരെ പ്രധാനപ്പെട്ടതാകുന്നു.
Dr.Reju Varghese Kallely
24.09.2023