എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു.

സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി. ജെ. ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായി. ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെസംഗീതത്തിൽ “കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി” എന്ന ഗാനവും ഒപ്പം “വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിൻ പനിനീരേ” എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്തു.

ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എൻ. എൻ പിള്ളയുടെപ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റിൽ തുടങ്ങിയ നാടകങ്ങളിലും കെ. ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളായ എൻ. ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവനതുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും എം. ടി വാസുദേവൻ നായരുടെ ഒരേയൊരു നാടകം ഗോപുരനടയിൽ അരങ്ങിലെത്തിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിനും ജീവൻ നൽകിയതും മരട് ജോസഫായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലും അഭിനയിച്ചു

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

കൊച്ചി :കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അനുശോചനം അറിയിച്ചു.

കാലത്തിനതീതമായ സ്മരണകൾ ഉണർത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന് ആർച്ച് ബിഷപ് അറിയിച്ചു. കാലം മായിക്കാത്ത കഥാപാത്രങ്ങളെ കലാ കൈരളിക്ക് സംഭാവന ചെയ്ത ആ വലിയ കലാകാരന്റെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. വരാപ്പുഴ അതിരൂപതയുടെ പുത്രനായ അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടുള്ള അഗാധമായ അനുശോചനവും മെത്രാപ്പോലീത്ത രേഖപ്പെടുത്തി.

Fr Yesudas Pazhampillil
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

Public Relations Department, Archdiocese of Verapoly.

നിങ്ങൾ വിട്ടുപോയത്