അച്ചന്മാർ കളിക്കളത്തിലും!
സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു.
അറുപത്തിനാലു ടീമുകളിലായി 128 കത്തോലിക്കാ പുരോഹിതർ അണിനിരക്കുന്ന ഫാ. സാജു മെമ്മോറിയൽ അഖില കേരള ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സെപ്റ്റംബർ 28-ാം തീയതി കളമശ്ശേരി രാജഗിരി സ്പോർട്സ് സെൻ്ററിൽ വിസിൽ മുഴങ്ങും.
ഷട്ടിൽ പ്രേമികളായ വൈദികരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തിരിക്കുന്നത് കോട്ടപ്പുറം രൂപതയിലെ വൈദികക്കൂട്ടായ്മയാണ്.
2020 മാർച്ച് 14ന് ബാഡ്മിൻ്റൺ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞുവീണ് മരിച്ച തങ്ങളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ ഫാ. സാജു കണിച്ചുകുന്നത്തിൻ്റെ സ്മരണ നിലനിറുത്താനാണ് കോട്ടപ്പുറം രൂപതയിലെ വൈദികർ ഇതു സംഘടിപ്പിക്കുന്നത്.
സെമിനാരിക്കാലം മുതലേ വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന സാജുവച്ചൻ്റെ സ്മരണയ്ക്കായുള്ള ആദ്യ ടൂർണമെൻ്റ്, ഈ കുറിപ്പെഴുതുന്ന എന്നിൽ പകരുന്ന സന്തോഷം ചെറുതല്ല.
നലം തികഞ്ഞ ഒരു സംഗീതജ്ഞനും സംഘാടകനും അജപാലകനുമായിരുന്ന സാജുവച്ചൻ എപ്പോഴും എവിടെയും സ്പോർട്സ്മാൻ സ്പിരിറ്റ് കാത്തുസൂക്ഷിച്ചയാളായിരുന്നു.
സംഘാടകരും പങ്കെടുക്കുന്നവരും പുരോഹിതന്മാർതന്നെ എന്നതാണ് ഈ ടൂർണമെൻ്റിൻ്റെ സവിശേഷത.
കേരള കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളിലും പെട്ട വൈദികർക്കും മെത്രാന്മാർക്കും ഇതിൽ പങ്കെടുക്കാം എന്ന് സംഘാടകനായ ഫാ. ഷിജു കല്ലറയ്ക്കൽ വ്യക്തമാക്കുന്നു.
രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്തംബർ 24 ആണ്. ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിൻ്റെ നേതൃത്വത്തിൽ ഒരു ടീം മത്സരത്തിൽ പങ്കെടുക്കും എന്നും അറിയുന്നു.
ഈ സംരംഭം കേരള കത്തോലിക്കാ സഭയിലെ വിവിധ വ്യക്തിഗതസഭകളിലും രൂപതകളിലും സന്യാസസമൂഹങ്ങളിലും പെട്ട വൈദികർക്കിടയിൽ സ്പോർട്സ് താൽപര്യം പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ വളർത്താനും ഇടയാക്കും എന്ന, സംഘാടക സമിതിയംഗമായ ഫാ. ഡയസ് ആൻ്റണിയുടെ പ്രതീക്ഷ തീർച്ചയായും സാക്ഷാത്കൃതമാകും.
സാജുവച്ചൻ്റെ മധ്യസ്ഥ്യം അത് ഉറപ്പാക്കുകതന്നെ ചെയ്യും.
ഫാ .ജോഷി മയ്യാറ്റിൽ