പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി.
ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളിൽ പെട്ടവരുമായി പൊന്തിഫിക്കൽ ഡെലഗേറ്റ് ചർച്ച നടത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഓറിയന്റൽ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആർച്ച്ബിഷപ് വാസിൽ നൽകിയിട്ടുണ്ട്.
ഏകീകൃത വി. കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് അറിയിച്ചു.
ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ
ഓഗസ്റ്റ് 24, 2023
കുർബാന തർക്കം മാർപാപ്പയ്ക്ക് മുന്നിൽ ബോധിപ്പിച്ചു പേപ്പൽ ഡെലീഗേറ്റ്
ആർച്ച് ബിഷപ്പ് സിറിൽ വാസിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ നടന്ന കൂടിക്കാഴ്ചയിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളും ചർച്ചയായി
വിമത വൈദികർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തതായി സൂചന