എറണാകുളം അങ്കമാലി അതിരൂപതയിലെ ”മഹാപണ്ഡിതനും” വ്യാജരേഖക്കേസ് പ്രതിയുമായ ഫാ പോള്‍ തേലക്കാട്ടിന്‍റെ പാഷണ്ഡ ഉപദേശങ്ങളേയും വ്യാജപ്രബോധനങ്ങളേയും ചരിത്രത്തിന്‍റെയും ദൈവവചനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്ന ഫാ ജോസ് മാണിപ്പറമ്പിലിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു.

കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തിയാണ് ഞായറാഴ്ച ആചരണം നടപ്പാക്കിയത് എന്നണ് ഫാ പോള്‍ തേലക്കാട്ടിന്‍റെ വ്യാജപ്രബോധനം. ഇതിനെതിരേയാണ് ഫാ മാണിപ്പറമ്പില്‍ യൂട്യൂബ് വീഡിയോയിൽ പ്രതികരിക്കുന്നത് ( ലിങ്ക് കമൻ്റ് ബോക്സിൽ)”സാബത്ത് ശനിയാഴ്ചയില്‍ നിന്ന് ഞായറാഴ്ചയാക്കിയത് എഡി 313ന് ശേഷം കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തിയാണ്, ക്രിസ്തുവിനെ സൂര്യദേവനുമായി താദാത്മ്യപ്പെടുത്താന്‍ വേണ്ടിയാണ് മിലാന്‍ വിളംബരത്തിനു ശേഷം സൂര്യന്‍റെ ദിവസമായിരുന്ന ഞായറാഴ്ചയിലേക്ക് കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവരുടെ ആരാധനാദിനം മാറ്റിയത്. കൂടാതെ ചക്രവര്‍ത്തിയാണ് ഞായറാഴ്ചയെ അവധിദിനമായി പ്രഖ്യാപിച്ചതും കിഴക്കോട്ട് തിരിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതും. ഇത് സൂര്യനേ ആരാധിക്കാന്‍ വേണ്ടിയായിരുന്നു” – എന്നിവയാണ് ഫാ പോള്‍ തേലക്കാട്ട് പ്രചരിപ്പിക്കുന്നത്.

ഫാ. ജോസ് മാണിപ്പറമ്പിലിൻ്റെ മറുപടി:

എഡി 61ല്‍ എഴുതിയിരിക്കുന്ന അപ്പൊസ്തൊല പ്രവര്‍ത്തികള്‍ എന്ന ഗ്രന്ഥത്തില്‍ ”ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി” (20:7) എന്ന് വായിക്കുന്നു. ബൈബിളില്‍ ഉള്ളതുകൊണ്ടാണ് ആഴ്ചയുടെ ആദ്യദിവസം അപ്പംമുറിക്കാന്‍ ക്രൈസ്തവര്‍ ഒരുമിച്ചുകൂടിയത്. ബൈബിളില്‍ ഉള്ളതും ആദിമസഭ ആചരിച്ചതുമായതിനാലാണ് ഞായറാഴ്ചയില്‍ ക്രൈസ്തവര്‍ ആരാധനയ്ക്കായി ഒരുമിച്ചുകൂടിയത്.

ക്രിസ്തീയ ആരാധനയെ നിര്‍ണ്ണയിച്ച ഏറ്റവും പ്രധാന സംഗതി ആഴ്ചയുടെ ആദ്യദിനം ക്രിസ്തുവിൻ്റെ ഉത്ഥാനദിനം ആയിരുന്ന എന്ന കാരണത്താലായിരുന്നു. യേശു സാബത്തില്‍ നന്മചെയ്തപ്പോള്‍ സാബത്ത് ലംഘിച്ചു എന്നു പറയുന്നത് യേശുവിന്‍റെ ശത്രുക്കളാണ്.

ഇന്നും യേശുവിന്‍റെ ശത്രുക്കളാണ് ഇത്തരം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത്. മാര്‍പാപ്പായേയും മേജര്‍ ആര്‍ച്ച് ബിഷപ്പിനേയും മെത്രാന്‍ സിനഡിനേയും ലംഘിക്കാന്‍ വേണ്ടി കൊണ്ടുവരുന്ന ന്യായമാണ് യേശു സാബത്ത് ലംഘിച്ചു എന്ന വാദം. കര്‍ത്താവ് സാബത്ത് ലംഘിച്ചിട്ടില്ല, ഇത് അവന്‍റെ ശത്രുക്കള്‍ പ്രചരിപ്പിച്ചതാണ്. ഇത്തരം വ്യാജം യേശുവിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന വിമതവൈദികരും യേശുവിന്‍റെ ശത്രുക്കളാണ്.

യേശു സാബത്ത് ലംഘിച്ചു എന്ന് പറഞ്ഞവരോട് അവിടുന്നു പറയുന്നു ”മനുഷ്യപുത്രന്‍ സാബത്തിന്‍റെ കര്‍ത്താവാണ്”. പുതിയ ഒരു സാബത്ത് സൃഷ്ടിക്കുന്ന കര്‍ത്താവാണ് മനുഷ്യപുത്രനായ ക്രിസ്തു എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പുതിയത് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവനാണ് ക്രിസ്തു. അതിനാല്‍ ഞായറാഴ്ചയെ കര്‍ത്താവിന്‍റെ ദിവസമെന്നാണ് വിളിക്കുന്നത്. വെളിപാട് 1:10ല്‍ ഇതാണ് വായിക്കുന്നത്. സൂര്യന്‍റെ ദിവസം എന്ന അര്‍ത്ഥത്തില്‍ ആഴ്ചയുടെ ആദ്യദിവസത്തെ ഞായര്‍ എന്ന് എന്നു വിളിക്കുന്നത് ഏതാനും ചില ഭാഷകളില്‍ മാത്രമേയുള്ള. പുനഃരുത്ഥാന ദിനം എന്നും കര്‍ത്താവിന്‍റെ ദിവസമെന്നും ആഴ്ചയുടെ ആദ്യദിവസമെന്നും പ്രവര്‍ത്തിക്കാത്ത ദിനം എന്നൊക്കെയാണ് പല ഭാഷകളിലും ഞായറാഴ്ചയെ വിളിക്കുന്നത്. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നാണ് ക്രൈസ്തവ വിശ്വാസം. “ഞായറാഴ്ചയെ” (സൂര്യന്‍റെ ദിവസത്തെ) പരിശുദ്ധമായി ആചരിക്കണം എന്ന് ക്രൈസ്തവസഭ എവിടെയും പഠിപ്പിക്കുന്നില്ല.

ജെറുസലേം സഭയ്ക്ക് കൊടുക്കേണ്ട സാമ്പത്തിക സഹായം “ആഴ്ചയുടെ ആദ്യദിനം സമ്മേളിക്കുമ്പോള്‍ ശേഖരിക്കണമെന്ന്” എഡി 57ല്‍ പൗലോസ് 1 കൊരിന്ത്യര്‍ 16:2 ലേഖനത്തില്‍ എഴുതി. “ഇനി വിശുദ്ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍. ഞാന്‍ വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം” വചനവിരുദ്ധമായി പഠിപ്പിക്കുന്ന എറണാകുളം മഹാപണ്ഡിതന്‍ ദൈവവചനം വായിക്കണം, വ്യാജപ്രബോധനം നിര്‍ത്തണം. അപ്പൊസ്തൊല കാലഘട്ടത്തില്‍ തന്നെ അപ്പംമുറിക്കേണ്ട ദിനം ഉത്ഥാനദിവസമായ ആഴ്ചയുടെ പ്രഭാതമായിരിക്കണം എന്ന് നിര്‍ണ്ണയിക്കപ്പെട്ടു. എഡി 100ല്‍ എഴുതിയ ഡിഡാക്കേയിലും 14:1ലും കര്‍ത്താവിന്‍റെ ദിവസത്തില്‍ ഒരുമിച്ചുകൂടി അപ്പം മുറിക്കുന്നതിനേക്കുറിച്ചും ഇതിനു മുമ്പ് പാപങ്ങള്‍ ഏറ്റുപറയുന്നതിനേക്കുറിച്ചും പ്രതിപാദിക്കുന്നു. എഡി 110 ല്‍ മരിച്ച അന്ത്യോഖ്യയിലെ വി: ഇഗ്നേഷ്യസ് പറഞ്ഞത് “കര്‍ത്താവിന്റെ ദിവസം അനുസരിച്ചാണ് ക്രിസ്തീയ ജീവിതത്തെ ക്രമീകരിച്ചിരിക്കുന്നത്” എന്നാണ്. സാബത്ത് ആചരിക്കുന്നവരില്‍നിന്നും ക്രിസ്ത്യാനികളെ വ്യത്യസ്തരാക്കുന്നതും കര്‍ത്താവിന്‍റെ ദിവസത്തിന് നല്‍കുന്ന പ്രാധാന്യമാണ്.

അന്ത്യത്താഴദിനത്തിലെ ഓര്‍മ്മ മാത്രമായിരുന്നു വിശുദ്ധ കുര്‍ബാനയെങ്കില്‍ അത് വ്യാഴാഴ്ചകളില്‍ മാത്രമേ ആചരിക്കാന്‍ കഴിയുമായിരുന്നുള്ളു. എല്ലാവരും നിലത്തിരുന്ന് വേണമായിരുന്നു ഇതില്‍ പങ്കാളികളാകാന്‍. എന്നാല്‍ ഉത്ഥാനത്തിന്‍റെ അടയാളമാണ് എഴുന്നേറ്റു നിന്ന് കുര്‍ബാന അര്‍പ്പിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ഇരുന്നിട്ടാണ് പലയിടത്തും കുര്‍ബാന അര്‍പ്പിക്കുന്നത്. ഇത് ആരുടെയും അനുവാദം ചോദിച്ചിട്ട് ചെയ്യുന്നതല്ല. ഇതുതന്നെയാണ് എറണാകുളത്തേയും പ്രശ്നം. വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നതിന് ഇവര്‍ക്ക് ആരും നിര്‍ദ്ദേശം നല്‍കാന്‍ പാടില്ല. എന്നാല്‍ കിഴക്കോട്ട് ഒഴികെ ഏതു ദിശയിലേക്കും തിരിയാനും ഇവര്‍ തയ്യാറാണ്. ചരിത്രത്തിലും തിരുവചനത്തിലും ഇത്രമേല്‍ തെളിവുകളുണ്ടായിരിക്കെ എറണാകുളത്തെ പണ്ഡിതന് ലജ്ജയില്ലേ ഇങ്ങനെ പാഷണ്‍ഡത പഠിപ്പിക്കാന്‍ -ഫാ ജോസ് മാണിപ്പറമ്പില്‍ ചോദിക്കുന്നു. തെറ്റായ പ്രബോധനം നല്‍കി വിശ്വാസികളെ കുഴിയില്‍ ചാടിക്കരുത് – അദ്ദേഹം ആവശ്യപ്പെടുന്നു.

Mathew Chempukandathil