2013-ൽ അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ പിതാവിന്റെ മെത്രാഭിഷേക കർമ്മങ്ങൾ എറണാകുളം സെന്റ മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയത്തിൽ നടക്കുകയാണ്.

വിശുദ്ധ കുർബാന സ്വീകരണ സമയത്താണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി സർ ദേവാലയത്തിലേക്ക് എത്തുന്നത്.

ദേവാലയത്തിനകത്തും ഹാളിലും പുറത്ത് പന്തലിലും വിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന വിശ്വാസികളുടെ അടുക്കലേക്ക് ദിവ്യകാരുണ്യം കൊണ്ടുപോകുന്നതിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്.
ദിവ്യകാരുണ്യവുമായി പോകുന്ന വൈദികർക്ക് വഴികാട്ടിയായി പോകാൻ അൾത്താര ബാലന്മാർ തിരികളുമായി നിരന്നു നിൽക്കുന്നു.
ദിവ്യകാരുണ്യവുമായി വൈദികർ പുറത്തേക്ക് പോകേണ്ട വഴിയിലൂടെ വേണം ഹാളിനകത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയ കസേരയിലേക്ക് എത്താൻ.
അദ്ദേഹത്തിന്റെ കൂടെ വന്ന അനുയായികൾ അൾത്താര ബാലന്മാരോട് മാറിനിൽക്കാൻ പറഞ്ഞുകൊണ്ട്, അദ്ദേഹത്തിന് വഴിയൊരുക്കി കൊണ്ട് മുമ്പേ നടക്കുകയാണ്.കത്തിച്ച് തിരികളുമായി നിൽക്കുന്ന അൾത്താര ബാലന്മാരെ കണ്ട മാത്രയിൽ, ഉമ്മൻചാണ്ടി സാറിന് കാര്യം മനസ്സിലായി.
ഹാളിന് അകത്തേക്ക് കയറിയ അദ്ദേഹം ഒരു വാതിലിന്റെ മറവിൽ ഒരു സൗണ്ട് ബോക്സ് സ്റ്റാൻഡിന്റെ ഇടയിൽ ഞെരുങ്ങിക്കൂടി ഒതുങ്ങി നിൽക്കുന്ന ഒരു കാഴ്ച.

എല്ലാ വൈദികരും തിരുവോസ്തിയുമായി കടന്നുപോയതിനുശേഷം മാത്രമാണ് അദ്ദേഹം അവിടെനിന്ന് മുമ്പോട്ട് വന്ന് തന്റെ കസേരയിലിരുന്നത്.
പരിശുദ്ധ കുർബാനയോട് കാണിച്ച ആ ആദരവ്, അദ്ദേഹത്തിന്റെ ഉള്ളിലെ യഥാർത്ഥ ജീവിക്കുന്ന വിശ്വാസിയെ വെളിപ്പെടുത്തുന്ന ഒന്നാണ്.

എന്നേക്കാൾ വലുതാണെന്റെ ഈശോ! മുഖ്യമന്ത്രിയായ അദ്ദേഹം അന്നത് പറയാതെ പറഞ്ഞു…
താൻ ഒന്നുമല്ല എന്നുള്ള അടിസ്ഥാന ചിന്തയാണ് മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠരായി നോക്കിക്കാണാനും, തന്റെ പേരിന് കളങ്കം വന്നാലും അപരന്റെ സൽപേരിന് കളങ്കം വരുത്താൻ ഇടയാകാതിരിപ്പനും അദ്ദേഹത്തെ ചിന്തിപ്പിച്ചത്.
മറ്റുള്ളവരുടെ സങ്കടങ്ങളെ തന്നിലേക്ക് ആവഹിക്കാനും, കഴിയും വിധം അവരെ സഹായിക്കാനും, വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും സൗമ്യതയോടെ കാണാനും, ജനഹൃദയങ്ങളിൽ ഇത്രമാത്രം ഉയരങ്ങളിലേക്ക് എത്തിച്ചേരാനും പ്രാപ്തനാക്കിയത് ഈ വിശ്വാസമൂല്യവും അവബോധവും തന്നെയാണ്.
ഇന്നത്തെ എല്ലാ രാഷ്ട്രീയ- മത- സാമുദായിക നേതാക്കന്മാർക്ക് ഇദ്ദേഹം ഒരു പ്രചോദനവും മാതൃകയും ആകട്ടെ.
ആദരാഞ്ജലികൾ….

Fr.Sebichan Kanjirathingal