മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപം ഒരു ഭാഗത്തു ശക്തമാണ്.

ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിക്കുകയും, കലാപ മേഖലയിൽ സൈന്യത്തെ നിയോഗിക്കാൻ കോടതി ഇടപെടണം എന്ന ആവശ്യമുന്നയിക്കുകയും ചെയ്ത അഡ്വ. കോളിൻ ഗോൻസാൽവസിനു ചീഫ് ജസ്റ്റീസ്‌ ഡി വൈ ചന്ദ്രചൂഡ് നൽകിയ മറുപടി ശ്രദ്ധേയമാണ്: ‘സൈന്യത്തിന് നിർദേശം നൽകാൻ സുപ്രീം കോടതിക്കാവില്ല, 72 വർഷത്തെ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല, ക്രമസമാധാന പാലനം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ചുമതലയിൽപ്പെട്ട കാര്യമാണ്’ എന്നായിരുന്നു മറുപടി.

ഈ വിഷയം സുപ്രീം കോടതിവരെ എത്തിയതിനു കാരണം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നു എന്ന ഒരു വിഭാഗത്തിന്റെ ആരോപണമാണ്! ഇനിയെന്ത് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

സർക്കാരുകളെ വിശ്വാസത്തിലെടുക്കുക, ദേശീയതലത്തിൽ വിഷയം ചർച്ചചെയ്തു കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഇടപെടൽ ആവശ്യപ്പെടുക, പ്രധാനമന്ത്രിയുമായി നേരിട്ടുകണ്ടു പരാതി നൽകുക എന്നിവയൊക്കെയാണ് ഇനി സഭയുടെ ഭാഗത്തുനിന്നും സാധ്യമയേക്കാവുന്ന മാർഗം.

ഇക്കാര്യത്തിൽ നോർത്ത് ഈസ്റ്റ് മെത്രാൻ സമിതിയുടെ നിലപാട് നിർണ്ണായകമാണ്.

മണിപ്പൂരിലെ സങ്കീർണ്ണമായ സാഹചര്യവും അതിനു പിന്നിലുള്ള കാരണങ്ങളും പശ്ചാത്തലവും എന്തെന്നു വ്യക്തമായി ദേശീയ തലത്തിലുള്ള സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ അവർക്കു കഴിയണം. സർക്കാരുകളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാതെതന്നെ, പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ ആരായാൻ സഭാ നേതൃത്വത്തിനും കഴിയണം.

മണിപ്പൂരിൽ അക്രമ സംഭവങ്ങൾ കുറഞ്ഞുവരുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിഭാഗീയതയും ശത്രുതയും ശക്തിപ്രാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രശ്ന മേഖലയെ സംബന്ധിച്ച് ബാഹ്യലോകത്തിനുള്ള ധാരണകൾ പലതും അർത്ഥസത്യങ്ങളും അതിശയോക്തി കലർന്നതുമാകാം. രണ്ടു വ്യത്യസ്തമായ ആഖ്യാനങ്ങളാണ് മണിപ്പൂർ പ്രശ്നത്തെ സംബന്ധിച്ചു മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. രണ്ടിലും കുറേയധികം വസ്തുതകളുണ്ടാകാം.

സമാധാനം തിരികെയെത്താൻ അനുരഞ്ജനത്തിന്റെ പാത തെളിയണം. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നാശത്തിലൂടെയാകരുത്. മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളും ഇന്ത്യയുടേതാണ്.

ക്രമസമാധാനം പുനസ്ഥാപിച്ചുകൊണ്ടാകണം, നിഷ്കളങ്കരക്തം ചൊരിഞ്ഞുകൊണ്ടാകരുത്, മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരേണ്ടത്.

അനധികൃതമായോ നിയമവിരുദ്ധമായോ ഏതെങ്കിലും വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ ഭരണകൂടം അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നു എന്നുറപ്പുവരുത്താൻ സുപ്രീം കോടതിക്കും പൊതു സമൂഹത്തിനും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിനും കടമയുണ്ട്.

ഫാ. വർഗീസ് വള്ളിക്കാട്ട്

Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council (KCBC)

നിങ്ങൾ വിട്ടുപോയത്