ഒരു വിശുദ്ധന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രം. ധാരാളം ആളുകൾ അവിടെ വരികയും വിശുദ്ധന്റെ രൂപത്തിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.ആ തിരക്കിനിടയിൽ ഒരു സ്ത്രീയെ ശ്രദ്ധിച്ചു.

അവർ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ കരയുകയും ചെയ്യുന്നുണ്ട്. അവർ വിശുദ്ധന്റെ രൂപത്തിന്നരികിലെത്തി.

“ഞാനിതാ രൂപത്തിന്നടുത്തെത്തിയിട്ടുണ്ട്. ഇനി എല്ലാ കാര്യങ്ങളും പുണ്യാളനോട് പറഞ്ഞ് പ്രാർത്ഥിച്ചോളൂ…” എന്ന് പറഞ്ഞ് ഫോൺ രൂപത്തോട് ചേർത്ത് വച്ചു.

ഫോണിന്റെ മറുതലയ്ക്ക് ആരുടെയോ കണ്ണീരോടു കൂടിയ പ്രാർത്ഥന ഉയരുന്നുണ്ട്. ഒപ്പം ആ സ്ത്രീയുടെ കണ്ണീർക്കണങ്ങളും.

അങ്ങനെയൊരു പ്രാർത്ഥനാദൃശ്യം, ആദ്യമായിരുന്നു. ഒരു പക്ഷേ, എന്തിനാണ് മൊബൈൽ ഫോൺ വിശുദ്ധന്റെ കാൽക്കീഴിൽ വച്ച് പ്രാർത്ഥിച്ചത് എന്ന ചോദ്യം യുക്തിസഹമായ് അവശേഷിക്കുമ്പോഴും,മറ്റൊരു തരത്തിൽ ചിന്തിക്കുമ്പോൾ അതൊരു തിരിച്ചറിവ് സമ്മാനിക്കുന്നുണ്ട്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും മനുഷ്യനോട് പറയാൻ കഴിയുന്ന കാര്യങ്ങൾക്കും മനുഷ്യന് ആശ്വസിപ്പിക്കാൻ കഴിയുന്ന നൊമ്പരങ്ങൾക്കും അതിർവരമ്പുകളുണ്ട്.

എത്ര പേർ ആശ്വസിപ്പിച്ചാലും എത്രപേരോട് തുറന്നു പറഞ്ഞാലും ദൈവീക ഇടപെടലിനു വേണ്ടിയുള്ള ഒരു ഇടം നമ്മുടെയെല്ലാം ജീവിതങ്ങളിൽ അവശേഷിക്കുന്നുണ്ട്. ആ ശൂന്യതയെ തിരിച്ചറിയുമ്പോഴാണ് ഒരാൾ വിശ്വാസിയാകുന്നതും ദൈവത്തിലേക്ക് തിരിയുന്നതും.

അടുത്തിടെ ഒരു സഹോദരി പറഞ്ഞ വാക്കുകൾ ഇതിനോട് ചേർത്ത് ചിന്തിക്കാവുന്നതാണ്:

“അച്ചനോട് കാര്യങ്ങൾ പറഞ്ഞശേഷം ഞാൻ ദൈവാലയത്തിൽ പോയി ഏറെ നേരം കരഞ്ഞു…..അതിനു ശേഷം ലഭിച്ച ആശ്വാസം എത്ര വലുതായിരുന്നുവെന്നത് പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല.”

അതെ, മനുഷ്യരിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ദൈവം നൽകുന്ന കരുത്തും ബലവുമാണ് യഥാർത്ഥമായ ആശ്വാസം!

അതുകൊണ്ടാണ് കുരിശുമരണത്തോട് അടുത്തപ്പോൾ ക്രിസ്തുവും തന്റെ പിതാവിനോട് മാത്രം സംസാരിക്കാൻ സമയം കണ്ടെത്തിയത്:”അവന്‍ പുറത്തുവന്ന്‌ പതിവുപോലെ ഒലിവുമലയിലേക്കു പോയി……അവന്‍ അവരില്‍ നിന്ന്‌ ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു പ്രാര്‍ത്ഥിച്ചു”(ലൂക്കാ 22 :39-41)

ചിലപ്പോഴെങ്കിലും സ്വകാര്യതയുടെ മഞ്ചലിലേറി ദൈവത്തിലേക്ക് തിരിയാൻ കഴിയണം.എങ്കിൽ മാത്രമേ മനുഷ്യനേക്കാൾവലിയൊരു ദൈവമുണ്ടെന്ന തിരിച്ചറിവിൽ നമ്മൾ ആഴപ്പെടൂ.

ഫാദർ ജെൻസൺ ലാസലെറ്റ്ജൂലൈ 11 -2023

നിങ്ങൾ വിട്ടുപോയത്