കൊച്ചി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നു കെആർഎൽസിസി – കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 41-ാം ജനറ ൽ അസംബ്ലി ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏക വ്യക്തിനിയമം അഭിപ്രായസമന്വയമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കരുതെന്നും ദീർഘമായ ചർച്ചകൾക്കു ശേഷമാണ് ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും അംഗീകരിക്കുന്നതായിരിക്കണം വ്യക്തിനിയമം. മണിപ്പുരിൽ മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികൾ ആവശ്യമാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ ലജ്ജാകരമാണ്. ഏതു വിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യരാണ് അവിടെ മരിക്കുന്നത്. എല്ലാവരെയും ഒരുമിച്ചു കാണുന്ന സംസ്കാരമാണ് ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ദലീമ ജോജോ എംഎൽഎ, ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ്, റവ.ഡോ. ജിജു അറക്കത്തറ, പി.ജെ. തോമസ്, എബി കുന്നേപ്പറമ്പിൽ, ഫാ. തോമസ് തറയിൽ, ഷിബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. മോഹൻ ഗോപാൽ, എ.ജെ. ഫിലിപ്പ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മോഡറേറ്ററായിരുന്നു. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലുള്ള ത്രിദിനസമ്മേളനത്തിൽ 12 രൂപതകളിലെ മെത്രാന്മാരും പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.