ഫ്രഞ്ച് തത്വചിന്തകൻ ആയിരുന്ന വോൾട്ടയർ പറഞ്ഞത്,
” എന്റെ മരണശേഷം നൂറു വർഷത്തിനുള്ളിൽ ബൈബിൾ ഒരു മ്യൂസിയത്തിൽ മാത്രം അവശേഷിക്കുന്ന ഗ്രന്ഥം ആകും ” എന്നാണ്. എന്നിട്ടെന്തായി?
പിൽക്കാലത്ത് ഫ്രഞ്ച് ബൈബിൾ സൊസൈറ്റി വോൾട്ടയറുടെ പാരീസിലുള്ള വീട് വിലക്ക് വാങ്ങി അവിടെ ബൈബിൾ അച്ചടി തുടങ്ങി.
അതുകൊണ്ട് ഗോവിന്ദൻമാഷിന്റെ സംശയം ന്യായമാണെങ്കിലും ഭയപ്പെടേണ്ട, രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുൻപ് നസ്രത്തിൽ ജീവിച്ച് മരിച്ചുപോയ യേശു എന്ന ചെറുപ്പക്കാരൻ ആരാണെന്ന് താങ്കൾക്ക് അത്ര ധാരണയില്ലാഞ്ഞിട്ടാ.അവന്റെ വരവിൽ ചരിത്രം തന്നെ വഴിമാറി. മാഷേ ‘അവന് മുൻപ് ‘എന്നും ‘അവന് ശേഷം’ എന്നും( BC & AD) ലോകചരിത്രം തന്നെ രണ്ടായി വേർതിരിക്കപ്പെട്ടു.
എക്കാലത്തെയും മനുഷ്യർക്ക് അവൻ പാഠവും പാഠശാലയും അദ്ധ്യാപകനുമായി നിലകൊള്ളുന്നു.ഒരു സ്ഥാപനവും അവൻ പടുത്തുയർത്തിയില്ല, തന്റെ പ്രതിമ സ്ഥാപിക്കാൻ അണികളോട് ആവശ്യപ്പെട്ടില്ല. ശ്രോതാക്കളുടെ കയ്യടി വാങ്ങാൻ ഉത്സാഹിച്ചില്ല. രാജ്യങ്ങൾ വെട്ടിപ്പിടിച്ചില്ല. എങ്കിലും അവൻ രാജാക്കന്മാരുടെ രാജാവായി.
ലോകചരിത്രത്തിൽ അനേകം മഹാന്മാരും മതനേതാക്കളും വിജ്ഞാനികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ ഒന്നും ജനനം നൂറ്റാണ്ടുകൾക്ക് മുൻപേ പ്രവചിക്കപ്പെട്ടതായിരുന്നില്ല. അവരുടെയൊന്നും വരവിനായി ലോകം യേശുവിന്റേത് പോലെ ഇത്ര കാത്തിരുന്നിട്ടുമില്ല.
മരണത്തിനപ്പുറം ചെല്ലാൻ ഒരു പ്രവാചകർക്കും മതസ്ഥാപകർക്കും തത്വചിന്തകർക്കും ആൾദൈവങ്ങൾക്കും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല.
കല്ലറകൾക്കപ്പുറം അവരുടെയൊക്കെ ചരിത്രം ഇല്ലാതായി. യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വെളിപ്പെടുത്തലും അവൻ മാനവരാശി മുഴുവന്റെയും രക്ഷകനുമാണെന്ന പ്രഖ്യാപനവുമായിരുന്നു അവന്റെ ഉയിർപ്പ്.
മനുഷ്യന്റെ പാപം മോചിക്കാൻ വേറെ ഒരു മഹാന്മാർക്കും സാധിച്ചിട്ടില്ല. ക്രിസ്തുവിന് മാത്രം കഴിയുന്ന പ്രവൃത്തിയാണത്. ദൈവത്തിന് മാത്രം കഴിയുന്നത്.
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന രാഷ്ട്രീയപാഠങ്ങൾ അല്ല മാഷേ, , യഥാർത്ഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചവൻ അവനാണ് .
കാരണം സ്നേഹം ദൈവത്തിൽ നിന്ന് വരുന്നു. വഴിയും സത്യവും ജീവനും അവൻ കാണിച്ചു തന്നു.
അണികളെ വിട്ട് സ്വയരക്ഷ നോക്കുന്നചില നേതാക്കളെപ്പോലെ അല്ല . ആടുകൾക്ക് വേണ്ടി സ്വന്തജീവൻ അർപ്പിക്കുന്ന ഇടയൻ.
യുഗാന്ത്യം വരെ കൂടെ ഉണ്ടാവും എന്നുറപ്പ് തന്നവൻ. ലോകത്തിന് നിത്യജീവൻ നൽകാൻ സ്വശരീരരക്തങ്ങൾ വിഭജിച്ചു നൽകാൻ വേറെ ആർക്ക് പറ്റും? ദൈവത്തിനേ അത് സാധിക്കൂ.
അവന്റെ സ്നേഹത്തെ പ്രതി, ജീവൻ ത്യജിച്ചത് ലക്ഷോപലക്ഷം പേരാണ്.
ലക്ഷം ലക്ഷം പിന്നാലെ എന്ന് ചങ്കിൽ തട്ടി അവന് പറയാൻ പറ്റും.ആഗോളതലത്തിൽ മതതീവ്രവാദവും വർഗ്ഗീയ ചിന്താഗതികളും വളർന്നു വരുമ്പോഴും, വിദേശപള്ളികളിൽ ആളുകൾ കുറഞ്ഞെന്നും കന്യാസ്ത്രീകൾ സേവനം തൊഴിൽ പോലെയാക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാലും, അവനും അവൻ പഠിപ്പിച്ച കാര്യങ്ങളും അവൻ കാണിച്ച മാതൃകയും അവന്റെ സാന്നിധ്യവും ഒരിക്കലും ഞങ്ങടെയൊക്കെ ചങ്കിൽ നിന്നും, ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോവില്ല ഗോവിന്ദൻ മാഷേ.
അതുകൊണ്ട് താങ്കൾ പേടിക്കണ്ട. കത്തോലിക്കവിശ്വാസം ഒരിക്കലും നാമാവശേഷമാവില്ല. ക്രിസ്തുവാകുന്ന മൂലക്കല്ലിന്മേൽ, അവന്റെ തിരുശരീരരക്തങ്ങളുടെ മേൽ പടുത്തുയർത്തിയ ഭവനം ആണ് അത്.
കടപ്പാട് :ജിൽസ ചേച്ചി..
Siby Michael M (Siby oottukalathil)