കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ ഉൾപ്പെടുത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
ക്രിമിനൽ ഗൂഢാലോചനയിലൂടെ, വീട്ടമ്മയായ സംരംഭകയെ കുരുക്കിയതിൽ എക്സൈസ് ഉദ്യോഗസ്ഥർ വഹിച്ച പങ്ക് അതീവ ഗൗരവത്തോടെയാണ് പൊതുസമൂഹം കാണുന്നത്. ശാസ്ത്രീയ അന്വേഷണസംവിധാനങ്ങൾ നിലവിലുള്ള കാലഘട്ടത്തിൽ വിവേകപൂർണമായ അന്വേഷണമോ തെളിവുകളോ ഇല്ലാതെ അവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് പ്രതിഷേധാർഹമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ ആവശ്യമാണ്.
അജ്ഞാത വിവരദാതാക്കൾ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും ലഹരിക്കേസുകൾ അന്വേഷിക്കുക സ്വാഭാവികം. അപ്പോഴെല്ലാം യഥാർത്ഥ കുറ്റവാളികളാണെന്ന് തെളിവുകളോടെ ഉറപ്പുവരുത്തിയ ശേഷമേ അറസ്റ്റ് ആകാവൂ. റിമാൻഡ് അടക്കമുള്ള നടപടികളിലും അതീവ സൂക്ഷ്മത അനിവാര്യം. തൊണ്ടി വസ്തുക്കളുടെ നിജസ്ഥിതി അതിവേഗം ഉറപ്പുവരുത്തുവാനും ജാഗ്രത വേണം.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെല്ലാം ഉടനെ ‘സെൻസേഷണൽ ‘ വാർത്തയാക്കുന്നതിലൂടെ വ്യക്തിഹത്യ നടത്തി ആഘോഷിക്കുന്ന മാധ്യമങ്ങളും ആത്മശോധന നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
വിവേകരഹിതമാകരുത് മാധ്യമ ആക്രമണം. ഇതുവഴി വ്യക്തികളുടെയും കുടുംബങ്ങളുടെയും സത്പേര് നഷ്ടപ്പെടുവാൻ ഇടയാകരുത്. മാധ്യമങ്ങൾ സ്വന്തം അന്വേഷണങ്ങൾക്ക് ശേഷമേ ഇത്തരം വാർത്തകൾ നൽകാവൂ.
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തങ്ങൾ ശക്തമായി തുടരേണ്ടതാവശ്യമാണ്. അതിന് സമൂഹത്തിന്റെ വലിയ പിന്തുണയും ആവശ്യം. പക്ഷേ, യഥാർത്ഥ കുറ്റവാളികളെ മാത്രമേ ശിക്ഷിക്കാവൂ എന്ന കാഴ്ചപ്പാട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായേ തീരൂ.ഷീല സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെയും, വസ്തുതകൾ പ്രസിദ്ധികരിച്ച മാധ്യമങ്ങളെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.