ഇത് ട്രോളല്ല.
മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്.

അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്.
പക്ഷെ ഇത് ഉയർന്ന പൗരബോധവും ശുചിത്വബോധവും പ്രകടിപ്പിക്കുന്ന മലയാളിയുടെ തെറ്റല്ല. മറിച്ച് ഗാർഹിക മാലിന്യം പ്ലാസ്റ്റിക്ക് ബാഗിൽ വീടുകളിൽ നിന്നും ശേഖരിച്ച് ഗോപ്യമായാണെങ്കിലും ചുമന്ന് തന്റെ വീട്ടിൽ നിന്നും സുരക്ഷിത അകലത്തിലുള്ള – പൊതു വഴിയിൽ ആണെങ്കിൽ കൂടിയും – നിക്ഷേപിക്കുന്ന ശരാശരി മലയാളിയുടെ പൗരബോധം വികസിത രാജ്യങ്ങളിൽ ഉള്ളവരെക്കാൾ വളരെ മുകളിലാണ്.

എന്നെ ചാടിക്കടിക്കാൻ വരേണ്ട. ഞാൻ പറഞ്ഞത് എന്താണെന്ന് വിശദമാക്കാം.
ചെന്നിറങ്ങിയാൽ ഒറ്റ നോട്ടത്തിൽ ഒരു വികസിത രാജ്യത്തേയും നമ്മുടെ നാടിനെയും വ്യത്യാസപ്പെടുത്തുന്ന കാര്യമെന്താണ്? വൃത്തി. പൊതു സ്ഥലങ്ങളിലെ വൃത്തി. പൊതു വഴികളിലെ വൃത്തി. പക്ഷെ അതിന് വേണ്ടി വികസിത രാജ്യങ്ങളിലെ ജനങ്ങൾ എന്താണ് ചെയ്യുന്നത്?
സിംബിൾ!
ലോക്കൽ കൗൺസിൽ, അതായത് ഇവിടുത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപറേഷൻ, രണ്ട് വലിയ ബിൻ നൽകും ച്രിലപ്പോൾമൂന്നും), ഓരോ വീട്ടിലേക്കും. വീട്ടുകാർ അഴുകുന്നതും, അഴുകാത്തതും എന്ന് തരം തിരിച്ച്, ചെറിയ പ്ലാസ്റ്റിക്ക് ബാഗിൽ കെട്ടി ഈ ഗാർഹിക മാലിന്യം ആ ബിന്നുകളിൽ ഇടുകയേ വേണ്ടു. പിന്നെ ആഴ്ച്ചയിൽ ഒന്ന് കൗൺസിലിന്റെ വേസ്റ്റ് കളക്ഷൻ വണ്ടി വരുന്ന ദിവസം ആ ബിന്നുകൾ ഒന്ന് തള്ളി വീടിന്റെ മുമ്പിലേക്ക് വച്ചേക്കണം. തീർന്നു പൗരധർമ്മം.
മലയാളി ഇതിനപ്പുറത്തേക്കുളള പൗരധർമ്മമല്ലേ ചെയ്യുന്നത്- ചെറിയ പ്ലാസ്റ്റിക്ക് ബാഗിലാക്കിയ മാലിന്യം നടന്നോ, ബൈക്കിലോ, കാറിലോ ചുമന്ന് തന്റെ വീടിന്റെ പരിസരത്ത് പോലും അടുപ്പിക്കാതെ വളരെ ദൂരത്ത് നിക്ഷേപിക്കാനുള്ള അധിക ബാദ്ധ്യത വരെ അവർ ഏറ്റെടുക്കുന്നു! കാരണം അവന് ബിന്നില്ല. അഴുകുന്നതും, അഴുകാത്തതും തരം തിരിച് പ്ലാസ്റ്റിക്ക് ബാഗിലാക്കണമെന്ന് പറഞ്ഞാൽ മലയാളിക്ക് വല്ല പ്രശ്നവുമുണ്ടോ? ഇത്രയും ചെയ്യുന്നവർ സന്തോഷത്തോടെ അതും ചെയ്യും. പിന്നെ പൊതു വഴിയിൽ ആരും കാണാതെ വലിചെറിയുന്നത്, അത് നിവ്യത്തികേട് കൊണ്ടാണ്. വേറെ വഴിയില്ല. പക്ഷെ ആരാണ് കൂടുതൽ പണിയെടുക്കുന്നത് – മലയാളികളോ അതോ വികസിത രാജ്യങ്ങളിലുള്ളവരോ?
എന്താ സംശയം നമ്മൾ തന്നെ. മലയാളി ഡാ .

സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഓടിയൊളിക്കാൻ വേണ്ടി സർക്കാർ അവതരിപ്പിച്ചിരിക്കുന്നഏറ്റവും വലിയ നുണയാണ് “നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്വമാണ്” എന്നത്. ലോകത്തിലെല്ലായിടത്തും വ്യവസ്ഥാപിതമായ സത്യമാണ് ഗാർഹിക മാലിന്യം മറവ് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെത് , പ്രത്യേകിച്ച്, ലോക്കൽ ഗവൺമെന്റിന്റേത് ആണെന്നുള്ളത്. അല്ലെന്ന് വികസിത രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾ പറയട്ടെ.

നമ്മുടെ സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ കടമ ഗാർഹിക മാലിന്യ ശേഖരണവും, സംസ്കരണവുമാണ്. അതിനാണ് നാം കരമടയ്ക്കുന്നത്. ആ കടമ നടപ്പാക്കേണ്ടത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലൂടെയാണ്.
ഗാർഹിക മാലിന്യ ശേഖരണത്തിനും, സംസ്കരണത്തിനും കേരളത്തിത് കേരളത്തിന്റേതായ ചില പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷെ, അതിനെ മറികടക്കാൻ മാർഗ്ഗങ്ങളുമുണ്ട്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ആ മാർഗ്ഗങ്ങളെകുറിച്ച് സമഗ്രമായ പദ്ധതിയെ കുറിച്ച് പിന്നീട് കുറിക്കാം.

പക്ഷെ ആദ്യം വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്. സർക്കാരിനെയും, രാഷ്ട്രീയക്കാരെയും അക്കൗണ്ടബിൾ ആക്കാൻ നിർബന്ധിക്കുന്ന ജനങ്ങളുടെ ആജ്ഞാശക്തിയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞകൂട്ടത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇതും ഉണ്ടായിരുന്നുവെന്നാണ് എന്റെ ഓർമ്മ. പക്ഷെ ഈ കാര്യത്തിൽ മാത്രം ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. പക്ഷെ ഇത്തവണ വിടരുത്.

ശുചിത്വ പൂർണ്ണമായ പൊതുവിടങ്ങൾ നമ്മുടെ അവകാശമാണെന്ന് കേരളം ഒറ്റ സ്വരത്തിൽ ആവശ്യപ്പെടണം. അത് നടപ്പിലാക്കുന്നതിൽ കേരളീയരല്ല പ്രശ്നക്കാർ, അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കാത്ത സർക്കാരുകളാണ് സർക്കാർ സംവിധാനങ്ങളാണ്. അത് മാറണം. മാറ്റണം.
വാൽകഷ്ണം: നയരൂപികരണ വിദഗരായ 20-20യുടെ സാബുജേക്കബും, ബി.ജെ.പിയുടെ ശ്രീധരൻ സാറും, യുഡിഎഫിന്റെ ശശി തരൂരും, ജോൺ സാമുവലും, എൽഡിഎഫിന്റെ മുരളി തുമ്മാരുകുടിയുമൊക്കെ ഇത് താന്താങ്ങളുടെ പ്രകടനപത്രികയിൽ ഉറപ്പ് വരുത്താൻ പൊതുജനാഭിപ്രായം ഉണരണം. ശുചിത്വകേരളത്തോടൊപ്പം, അതിവേഗ സാമ്പത്തിക വളർച്ചയ്ക്കും അത് വഴി തെളിക്കും.

Jaison MulerikkalCMI
A Carmelite of Mary Immaculate.
21-02-21
അച്ചൻ്റെ ചിന്തകൾ ശരിയാണ് ,ഇവിടെ മാലിന്യം വലിച്ചെറിയുന്ന മലയാളിയല്ല കുറ്റക്കാർ മറിച്ച് സ്വാതന്ത്യം കിട്ടിയിട്ട് ഇത്രയും വർഷം കഴിഞ്ഞിട്ടും മാലിന്യം നിക്ഷേപിക്കാനോ നശിപ്പിക്കുവാനോ സംവിധാനം ഒരുക്കുവാൻ തയ്യാറാകാത്ത ഭരണകൂടങ്ങളാണ് പ്രതികൾ.
25 കോടി മുടക്കി ദിവസേന പത്രപ്പരസ്യം കൊടുക്കാനും മതിലു കെട്ടി ചേരി മറക്കാനും കാണിക്കുന്ന വൃഗ്രത ഓരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും മാലിന്യം സംഭരിക്കുവാനും സംസ്കരിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുവാൻ കാണിച്ചിരുന്നെങ്കിൽ എന്നേ പരിഹാരമാകുമായിരുന്നു.
