ബിഷപ് ഫ്രാങ്കോയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു!
സഭ ആരെയും നിർദ്ദയം കുറ്റംവിധിക്കുന്നില്ല! കോടതിയുടെ നിയമപരമായ നിഗമനങ്ങൾ പരിഗണിക്കാതിരിക്കുന്നുമില്ല!
എങ്കിലും, സഭ അതിന്റെ നിലപാടുകളിൽ കുറ്റമറ്റതെന്നു ബോധ്യമാകുന്നവിധം ഉപരിനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു! ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടേണ്ട ഒരു നിയമ പ്രശ്നമാണ്.
അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും നിയമ വ്യവഹാരങ്ങളിലേക്കും നിയമ നടപടികളിലേക്കും എത്തിച്ചതും സഭക്കുള്ളിലുള്ളവർ തന്നെയാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടുക എന്നതിനർത്ഥം, സദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യങ്ങളും താല്പര്യങ്ങളും വെളിപ്പെടേണ്ടിയിരിക്കുന്നു എന്നുകൂടിയാണ്. ആരോപണം ഉന്നയിച്ചവർ സഭയിൽ വ്രതബദ്ധമായ ജീവിതം നയിച്ചിരുന്നവരാണ് എന്നത് ആരോപണത്തിന്റെ ഗൗരവം വർധിപ്പിക്കുകയും ചെയ്യുന്നു!
കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയെങ്കിലും, സർക്കാരും ആരോപണമുന്നയിച്ചവരും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.
ഹൈക്കോടതിയും സുപ്രീം കോടതിയും മുറപ്രകാരം കേസ് പരിഗണിച്ച് അന്തിമ വിധി പറയുമ്പോഴേക്കും ഇരു കൂട്ടരുടെയും മനുഷ്യായുസ്സ് മിക്കവാറും പര്യവസാനിച്ചിരിക്കും!
ആത്യന്തികമായി ആരും വിജയിക്കുക എളുപ്പമല്ല! ആന്തരിക വൈരുധ്യങ്ങളിൽനിന്നും വൈരനിര്യാതന ബുദ്ധിയിൽനിന്നും ഉടലെടുക്കുന്ന ഇത്തരം ആരോപണങ്ങളും നിയമ പോരാട്ടങ്ങളും സഭയെ ശക്തിപ്പെടുത്തുകയോ സമൂഹത്തിനു സന്മാതൃക സമ്മാനിക്കുകയോ ചെയ്യും എന്നു കരുതാനുമാകില്ല!
സെൽഫ് ഡിഫീറ്റ് ആൻഡ് സെൽഫ് ഡിസ്ട്രക്ഷൻ! അതാവും അന്തിമ ഫലം എന്ന യാഥാർഥ്യം മറനീക്കി പുറത്തു വരുന്നു!
കാരുണ്യത്തിലൂടെ വീണ്ടെടുക്കാൻ പരാജയപ്പെടുന്നിടത്തു, സാത്താൻ സർവ്വ നാശത്തിന്റെ വിത്തുകൾ വിതച്ചു മുളപ്പിക്കും! അതിനു വെള്ളം കോരുന്ന ആരും അന്തിമമായി വിജയിക്കുകയില്ല!
എല്ലാവരെയും ഒരുപോലെ പരാജയപ്പെടുത്തുന്നിടത്താണ് തിന്മയുടെ ശക്തി വിജയം വരിക്കുന്നത്! ഇവിടെയും അങ്ങനെ സംഭവിച്ചുകൂടായ്കയില്ല!
ഇത്തരം അനുഭവങ്ങൾ സഭാഗാത്രത്തിൽ ഒരു മുള്ളുപോലെ കുത്തിക്കയറി മുറിപ്പെടുത്തിക്കണ്ടിരിക്കും.
ബിഷപ് ഫ്രാങ്കോയോ ആരോപണമുന്നയിച്ച സമർപ്പിതകളോ അവരെ വളർത്തി വലുതാക്കിയ സഭയോ ഇക്കാര്യത്തിൽ ആഹ്ലാദിക്കാൻ യോഗ്യരല്ല, ഏവർക്കും ഇതു സങ്കടകരമാണ്! സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ മാത്രമാണ് പക്ഷംചേർന്ന് ആഹ്ലാദിക്കുന്നത്!
സഭയുടെ നന്മ കണക്കിലെടുത്തുകൊണ്ട്, നിരപരാധി എന്നു കോടതി വിധിച്ചയാളെ ചുമതലകളിൽനിന്നും ഒഴിവാക്കിയും, അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചവർക്ക് നിയമപരമായ മാർഗത്തിലൂടെ അവരുടെ ആരോപണം തെളിയിക്കാനുള്ള അവസരം നൽകിക്കൊണ്ടും, ജലന്ധർ രൂപതക്കു പുതിയൊരു മെത്രാനെ നൽകാനുള്ള അവസരം ഒരുക്കിക്കൊണ്ടും, ബിഷപ് ഫ്രാങ്കോയുടെ രാജി സ്വീകരിച്ചുകൊണ്ട് ഫ്രാൻസിസ് പപ്പാ അദ്ദേഹത്തെ രൂപതാ ഭരണം സംബന്ധിച്ച അപ്പസ്ത്തോലിക ചുമതലകളിൽനിന്നും നീക്കിയിരിക്കുന്നു!
നല്ലത്!നടപടി സഭയിൽ സമാധാനമുണ്ടാക്കട്ടെ!
സഭയിലെ ആനുകാലിക പ്രതിസന്ധികളിൽ, ഒരു മുന്നറിയിപ്പും താക്കീതുമായി ഭവിക്കുകയും ചെയ്യട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്