ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.
രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു.
ഇടവകാംഗമായ മോണ്‍. ഡോ. ജോണ്സണ് കൈമലയില്‍ കോര്‍ എപ്പിസ്കോപ്പ വിശുദ്ധ കുര്‍ബ്ബാനയ്ക്കും പെന്തക്കുസ്തി ശുശ്രൂഷകള്‍ക്കും നേതൃത്വം നല്കി.
സഭയില്‍ കോര്‍ എപ്പിസ്കോപ്പ സ്ഥാനം സ്വീകരിച്ചതിനുശേഷം ഇതാദ്യമായാണ് ബഹു അച്ചന് മാതൃ ഇടവകയില്‍ എത്തുന്നത്.
വീല്‍ചെയറിലിരുന്ന് അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയും വചനസന്ദേശവും ആളുകള്‍ക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.
സഹനത്തിന്റെ അര്‍ത്ഥവും അനുഭവവും ആളുകള്‍ക്ക് പകര്‍ന്നു നല്കുവാന് അച്ചന്റെ സാന്നിധ്യം ഏറെ സഹായിച്ചു. തുടര്‍ന്ന് എല്ലാവരും നിര്‍മ്മാണം നടക്കുന്ന ദൈവാലയത്തിലേക്ക് പോയി.
ആരാധനാഗീതത്തില്‍ പാടുന്ന തീയല്ലോ ഈ മദ്ബഹ എന്ന ഗീതം ഗായക സംഘത്തോടൊപ്പം ദൈവജനം മുഴുവന്‍ ഏറ്റുപാടി.
തുടര്‍ന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകം ആറാം അധ്യായം, എണ്പത്തിനാലാം സങ്കീര്‍ത്തനം, ഹഗ്ഗായി പ്രവാചകന്റെ പുസ്തകം രണ്ടാം അധ്യായം പതിനഞ്ചുമുതല്‍ പത്തൊന്‍പത് വരെയുള്ള വാക്യങ്ങള്‍ വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം പതിമൂന്ന് മുതല്‍ ഇരുപത് വരെയുള്ള വാക്യങ്ങള്‍ എന്നിവ വായിച്ചു.
തുടര്‍ന്ന് ഇടവകയിലെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിച്ച് എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും പൊളിച്ചുമാറ്റിയ ദൈവാലയത്തിലെ ബലിപീഠത്തിലെ മണ്ണ് പുതിയ ബലിപീഠം നിര്‍മ്മിക്കുന്ന സ്ഥലത്ത് നിക്ഷേപിച്ചു.
തുടര്‍ന്ന് ഇടവകയിലെ 272 കുടുംബങ്ങളും തങ്ങളുടെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് കുടുംബാംഗങ്ങളെല്ലാവരും കൂടി നിക്ഷേപിച്ചു. അതിനുശേഷം ഇടവക വികാരിയും ബഹു. സിസ്റ്റേഴ്സും, ദൈവാലയ നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളും, ബേത്ലഹേം, നസ്രത്ത്, ജറുസലേം, കാന, താബോര്‍ മല, ചെങ്കടല്‍, ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോം, അസീസി, പാദുവാ, ലൂര്‍ദ്ദ്, ഫാത്തിമ, ലിസ്യു തുടങ്ങിയ സ്ഥലങ്ങളിലെ മണ്ണും, കല്ലും, ബലിപീഠത്തിനായി സമര്‍പ്പിച്ചു.
അനേകം വിശുദ്ധരുടെ കബറിടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണും ഇക്കൂട്ടത്തിലൂണ്ടായിരുന്നു.
ഉച്ച ഭക്ഷണത്തോടുകൂടിയാണ് ചടങ്ങുകള്‍ സമാപിച്ചത്. രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ദൈവജനം അച്ചടക്കത്തോടും പരിപാടികളുടെ ഗൗരവത്തോടും കൂടി ആദ്യാവസാനം സംബന്ധിച്ചത് എടുത്തുപറയേണ്ട കാര്യമാണ്.
Bovas Mathew
Catholic priest belongs to the Major Archdiocese of Trivandrum, India (Syro Malankara Church)