മണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ സുവിശേഷത്തിന്റെ പുനർവായനാനുഭവം പകർന്നുനൽകിയ ആത്മീയാചാര്യൻ. ഇതാണ് ‘പാവങ്ങളുടെ പിതാവ്’ എന്ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ച ആർച്ച് ബിഷപ് മാർ ജോസഫ് കുണ്ടുകുളം.
ആടുകളുടെ മുന്നിൽ അരമുറുക്കി കാവൽ നിന്ന് സംരക്ഷിച്ച നല്ല ഇടയനെക്കുറിച്ച് തൃശ്ശൂർക്കാർക്ക് ഒന്നേ പറയാനുള്ളു.”അത് ഞങ്ങളുടെ കുണ്ടുകുളം പിതാവാണ്”. ആ ഇടയൻ്റെ കീഴിൽ ഒതുങ്ങി നിൽക്കുമ്പോൾ ഒരിക്കലും ഭയമെന്താണെന്ന് അവർ അറിഞ്ഞിട്ടില്ല. ”മഴുത്തായ കൊണ്ട് ഞങ്ങൾ നേരിടും” തേക്കിൻകാട് മൈതാനിയിലെ പതിനായിരങ്ങൾക്ക് മുന്നിൽ പിതാവ് ഉയർത്തിയത് കേവലം ഏറുവാക്കുകളായിരുന്നില്ല. ആ വാക്കുകളിലെ ചങ്കുറ്റം തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങൾ പത്തി മടക്കി പാളത്തിലേക്ക് പല തവണ പിന്മാറിയതും സഭാ മക്കൾ അഭിമാനത്തോടെ ഇന്നും ഓർക്കുന്നു.
മഹത്വ്യക്തികള് ജീവിച്ചിരിക്കുന്ന കാലത്തേക്കാള്‍ കൂടുതല്‍ സ്മരിക്കപ്പെടുക മരണശേഷമാകും എന്നു പറയുന്നതു ഏറെ ശരിയാണ്. കാരണം നല്ല വ്യക്തികളുടെ സംഭാവനകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ എന്നതിനേക്കാള്‍ അസാന്നിദ്ധ്യത്തിലാണു നമുക്കനുഭവപ്പെടുന്നത്.കുണ്ടുകുളം പിതാവ് തൃശൂരുകാരുടെ
ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത് വിശുദ്ധ ജീവിതം നയിച്ച പാവങ്ങളുടെ പിതാവായിട്ടാണ്.പുല്ലഴിയിലെ അനാഥ മന്ദിരത്തിലെ ഒരു കുടുസ്സുമുറിയായിരുന്നു പിതാവ് വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്തതെന്ന് ഓർക്കുമ്പോൾ തന്നെ അറിയാം അദ്ദേഹം എന്തായിരുന്നുവെന്ന്.
സാധാരണക്കാരനായി ജനിച്ച്, സഭാഭരണത്തിെൻറ ഔന്നത്യത്തിലെത്തിയപ്പോഴും ദീനരെ മറക്കാതിരുന്ന ആ കർമോന്മുഖ ആധ്യാത്മികത അദ്ദേഹത്തിെൻറ ചരമദിനത്തിന്റെ ഇരുപത്തിയഞ്ചാം വർഷവേളയിൽ കൂടുതൽ പ്രസക്തമാകുന്നു, പ്രത്യേകിച്ച് “സഭ ദരിദ്രമായിരിക്കണം” എന്ന ദർശനം ഉയർത്തിപ്പിടിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ആഗോളസഭ തലവനായിരിക്കുന്ന ഈ കാലഘട്ടത്തിൽ. പരമദാരിദ്ര്യം അനുഭവിച്ചില്ലെങ്കിൽപോലും ക്രിസ്തുമൂല്യങ്ങൾക്ക് വിരുദ്ധമായ കാരണങ്ങളാൽ സമൂഹത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് നീക്കിനിർത്തപ്പെട്ടവരുടെ ക്ഷേമവുംമോചനവും സാധ്യമാക്കാൻ തിളക്കമുള്ള മേലങ്കികൾ മാറ്റി സാധാരണക്കാരെൻറ നിസ്സഹായതയിലേക്കിറങ്ങുന്നതാണ് സാക്ഷാൽ ക്രിസ്തുമതം എന്ന് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ സാധാരണക്കാരനായ മെത്രാനായിരുന്നു മാർ ജോസഫ് കുണ്ടുകുളം.
സാധാരണക്കാരുടെ ശബ്ദം തന്റെയും എന്ന ഉത്തമ ബോധ്യത്തിൽ വലിയ ഒരു അതിരൂപതയായ തൃശൂരിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത പിതാവ് ഒരിക്കലും ‘തിരുമേനി’യായിട്ടുള്ള ഒരു അരമനവാസിയായിരുന്നില്ല. വൈദികർക്ക് എന്നും അദ്ദേഹം എപ്പോഴും ആശ്രയിക്കാവുന്ന പിതാവായിരുന്നു.റിട്ടയർമെൻറിനുശേഷവും സാധുജന സംരക്ഷണ പ്രവർത്തനങ്ങളുമായി ആഫ്രിക്കയിലെ വാമ്പ എന്ന പ്രദേശത്ത് കർമനിരതനായിരുന്ന മുഹൂർത്തത്തിലാണ് ദരിദ്രർക്കായി നിലകൊണ്ട കർമയോഗി മരിക്കുന്നത് (1998 ഏപ്രിൽ 29). ‘എല്ലാവർക്കും എല്ലാമായി’ എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള അദ്ദേഹം മരണത്തിലും അത് അന്വർഥമാക്കി.
അവിവാഹിതരായ അമ്മമാരുടെ പുനരധിവാസ കേന്ദ്രമായ പുല്ലഴിയിലെ സെന്റ് ക്രിസ്റ്റീന ഹോം 1967-ൽ അദ്ദേഹം ആരംഭിച്ചു. പാവപ്പെട്ടവരുടെ സേവനത്തിനായി തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹം “പാവങ്ങളുടെ പിതാവ്” എന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. ക്രിസ്തുമതം യഥാർത്ഥത്തിൽ ഭൂമിയും സ്വർഗ്ഗവും ഒന്നിക്കുന്ന ഒന്നാണെന്ന് ഊന്നിപ്പറയുന്ന ഒരു മികച്ച ധ്യാന പ്രസംഗകനായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വർഗീയവും ഭൗമികവുമായ നന്മകളിൽ ശ്രദ്ധ ചെലുത്തുന്ന ക്രിസ്തുവിന്റെ അപ്പസ്തോലനായിരുന്നു അദ്ദേഹം.
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഭൗമിക അസ്തിത്വത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകൾക്ക് മുകളിൽ, അനന്തമായ സന്തോഷത്തിലും സമാധാനത്തിലും പൂർത്തീകരിക്കപ്പെടുന്ന നിത്യജീവന്റെ അവകാശങ്ങളിലേക്ക് കുണ്ടുകുളം പിതാവ് തന്റെഹൃദയം ഉയർത്തി.
ഏതു വിഷയത്തിലും ഇടിമുഴക്കം പോലെയായിരുന്നു ചിലപ്പോള്‍ പിതാവിന്റെ പ്രസംഗം. മൂര്‍ച്ചയും തീര്ച്ചയുമുള്ള വാക്കുകള്‍. കത്തോലിക്കാ വിശ്വാസത്തില്‍ മായം ചേര്‍ക്കുന്നവരെ വെല്ലവിളിക്കുന്ന ധീരത. കുറിക്കുകൊള്ളന്ന ഫലിതം. നാടകീയവും അര്‍ത്ഥഗര്‍ഭവുമായ സംഭവവിവരണങ്ങള്‍. കേള്‍വിക്കാരെ വെല്ലുവിളിക്കുന്ന ആശയസംവേദനം. പ്രത്യേകിച്ച് പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പ്രതിബദ്ധത ജനിപ്പിക്കുന്ന അവതരണശൈലി.കൃത്യമായ നിലപാടുകള്‍ ഉറക്കെ പറഞ്ഞിരുന്ന ആര്‍ച്ച് ബിഷപ്പിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ അത് ചെന്നു കയറേണ്ട ഇടങ്ങളിൽ ചാട്ടുളി പോലെ ചെന്ന് കയറി .അദ്ദേഹം തന്നെ ഭരമേല്പിച്ച ജനങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഇടക്കൊക്കെ പാവങ്ങളെ സഹായിക്കാത്തതിന്റെ പേരിൽ കരയിപ്പിക്കുകയും ചെയ്തിരുന്നു.
സഭയുടെ ഉത്തമതാല്പര്യങ്ങളെ സംരക്ഷിക്കാനും അനീതിക്കെതിരെ ശക്തമായ നിലപാടുകളെടുക്കാനും അശരണര്‍ക്ക് ആശ്രയമേകാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ജീവിച്ച ജോസഫ് കുണ്ടുകുളം പിതാവ് ഇന്നത്തെ തലമുറയിൽ ആവേശം ജനിപ്പിക്കുന്നു.കാൽ ശതാബ്ദത്തിലേറെ നീണ്ട ഭരണത്തിലെ മുഖ്യ അജണ്ട ജാതിമത അതിരുകളില്ലാത്ത സാധുജനോദ്ധാരണമായിരുന്നു. ചാലക്കുടിപ്പുഴ മുതൽ തമിഴ്നാട്ടിലെ സേലം വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തിെൻറ ശുശ്രൂഷ മേഖലകളായിരുന്നു. പാവങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും സമൂഹത്തിൽ അപൂർവമായിെട്ടങ്കിലും കാണാൻ കഴിയും. പക്ഷേ, പാവങ്ങളെ കാണുമ്പോൾ അവരിലേക്ക് കൂടുമാറ്റം നടത്തുന്നവർ അത്യപൂർവമാണ് . ദരിദ്രനായ യേശു രൂപമാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നവർക്കു മാത്രമേ ഈ കൂടുമാറ്റ അനുഭവം ഉണ്ടാകൂ.
സഭയ്ക്കു ചീത്തപ്പേരുണ്ടാക്കുന്ന, സുവിശേഷത്തിനു ചേരാത്ത കാര്യങ്ങള്‍ തന്നോടു പറയരുത്,അത് ഒരിക്കലും ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നയം.സഭയിലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കരുക്കള്‍ നീക്കുകയോ വാദിക്കുകയോ ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല. വൈദികസമിതിയോഗങ്ങളില്‍ തൃശൂരിനെ അതിരൂപതയാക്കണമെന്ന് വൈദികര്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം അതിനായി പരിശ്രമമൊന്നും നടത്തിയിരുന്നില്ല. പിന്നീട് 75 വയസ്സ് ആകാറായപ്പോഴാണ്, ഈ രൂപതയ്ക്ക് കിട്ടേണ്ട ഒരംഗീകാരം താന്‍ മൂലം കിട്ടാതെ വരരുതെന്ന ചിന്തയിലേക്ക് അദ്ദേഹം വന്നതും അതിനായി ശ്രമിച്ചതും. അതിരൂപതയാകുകയും അദ്ദേഹത്തെ ആര്‍ച്ചുബിഷപ്പാക്കുകയും ചെയ്തപ്പോള്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ പിതാവു പറഞ്ഞു, ”ഞാന്‍ ആര്‍ച്ചുപോലെ വളഞ്ഞപ്പോള്‍ ആര്‍ച്ചുബിഷപ്പായി”.
മരിക്കുന്നതുവരെ മിഷണറിയായി ജീവിച്ച പിതാവായിരുന്നു അദ്ദേഹം.ചെറിയ മനുഷ്യരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോലും വാദിച്ച പിതാവ്, ആഫ്രിക്കയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടായതും മരണമടഞ്ഞതും.സത്യത്തിനുവേണ്ടി നിലകൊള്ളുന്ന, ചെറിയ മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന, കൂട്ടായ്മയ്ക്കു മുന്‍ഗണന നല്കുന്ന കുണ്ടുകുളം പിതാവിന്റെ അജപാലന ശൈലി എന്നെന്നും വേറിട്ടതായിരുന്നു.
പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സമീപനമാണ് തൃശൂര്‍ അതിരൂപതയ്ക്കു കീഴില്‍ അദ്ദേഹം മരിക്കുന്നതു വരെ 27 സന്നദ്ധ സേവന സ്ഥാപനങ്ങള്‍ നടത്തി വന്നത് . ഇതില്‍ അനാഥാലയങ്ങള്‍ , വൃദ്ധസദനങ്ങള്‍, മാനസികമായ തകർച്ച ഉള്ളവര്‍ക്കുള്ള പരിശീലന ഭവന കേന്ദ്രങ്ങള്‍ , എയ്ഡ്സ് രോഗികളെ പുനരധിവസിപ്പിക്കുന്ന ആവാസകേന്ദ്രം , പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍, തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കു പുറമേ നിര്‍ധനരായ നൂറുകണക്കിനാളുകള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കിയും പിതാവ് മാതൃകയായിട്ടുണ്ട് .
വി.മത്തായി രചിച്ച സുവിശേഷത്തിലെ 2-5ാം അധ്യായത്തിലെ 31 മുതൽ 40 വരെയുള്ള തിരുവചനങ്ങൾ തന്നിൽ യാഥാർഥ്യമാക്കിയ ദരിദ്രന്മാരുടെ സഹചാരിയായിരുന്നു കുണ്ടുകുളം പിതാവ്.ദാഹിക്കുന്നവർക്കും വിശക്കുന്നവർക്കും പാനീയവും ഭക്ഷണവും, പരദേശിക്കും ഭവനമില്ലാത്തവനും അഭയം, ഉടുതുണിയില്ലാത്തവന് വസ്ത്രം, കാരാഗൃഹത്തിൽ വസിക്കുന്നവർക്കുപോലും സൗഹൃദം.ഈ ദൈവ വചനങ്ങളെയാണ് അദ്ദേഹം ഉപാസിച്ചത്.തന്റെ ആഴമായ വിശ്വാസജീവിതത്തിൽനിന്ന് വ്യതിചലിക്കാതെ വീട്ടുകാർപോലും ഉപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ മക്കൾ,അവിവാഹിത അമ്മമാർ, കുടുംബത്തിന്റെ മാന്യത സംരക്ഷിക്കാൻ കുപ്പയിലെറിയുന്ന കുഞ്ഞുങ്ങൾ, സമൂഹം ഭയത്തോടും വെറുപ്പോടും കൂടെ മാറ്റിനിർത്തുന്ന എയ്ഡ്സ് രോഗികൾ എന്നിവരുടെയെല്ലാം പിതൃത്വം ഏറ്റെടുത്ത ഈ ക്രിസ്തു ശിഷ്യനിൽ “ഈ എളിയവരായ ഇവർക്ക് ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്’’ എന്ന ക്രിസ്തുവചനം പൂർത്തിയാകുകയായിരുന്നു.
സ്വന്തം തിരുപട്ടത്തിന് ,75 വർഷം മുമ്പ് 125 രൂപ വിലയുണ്ടായിരുന്ന കാലത്ത്, അത് പണം കൊടുത്ത് വാങ്ങാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. മരിച്ചുപോയ ഒരു സീനിയർ വൈദികന്റെ ളോഹ അലക്കിത്തേച്ച് ധരിച്ചാണ് അദ്ദേഹം വൈദികാഭിഷേകം സ്വീകരിച്ചത്. ദാരിദ്ര്യത്തെ മുഖാമുഖം കണ്ടനുഭവിച്ച വ്യക്തിക്ക് ദരിദ്രരെ കാണുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നെങ്കിൽ അത്ഭുതമില്ല.
സഭാ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം ‘‘ദാരിദ്ര്യം കൊണ്ട് വെന്തുരുകുന്ന മനുഷ്യഹൃദയങ്ങളിലാണ്”. ആ കർമയോഗിയുടെ നിഘണ്ടുവിൽ നിറഞ്ഞുനിൽക്കുന്ന പദമാണ് ദാരിദ്ര്യം ഉള്ളവരോടുള്ള ഐക്യദാർഢ്യവും ശുശ്രൂഷയും .
അടിച്ചമർത്തപ്പെട്ടവർക്കായി രക്തസാക്ഷിത്വം വരിച്ച ആർച്ച് ബിഷപ് ഓസ്കർ റൊമെരോ, ദരിദ്രരുടെ അമ്മയായ മദർ തെരേസ എന്നീ നാമങ്ങളോട് ചേർത്തുവായിക്കപ്പെടേണ്ടതാണ് തൃശ്ശൂരിലെ മാനവവിമോചകനായ മാർ ജോസഫ് കുണ്ടുകുളം എന്ന നാമവുമെന്ന് പറയട്ടെ.കത്തോലിക്കാ സഭയിലെ അൾത്താരകളിൽ അദ്ദേഹത്തെ വിശുദ്ധൻ എന്ന് വിളിക്കപ്പെടേണ്ട കാലം ഇനിയും വിദൂരമല്ല.
ടോണി ചിറ്റിലപ്പിള്ളി