Impiety is far from God, and iniquity is far from the Almighty.
(Job 34:10)
ജീവിതത്തിൽ വേദനയുടെ അല്ലെങ്കിൽ ആകുലതയുടെ സാഹചര്യങ്ങളിൽ കൂടി പോകുമ്പോൾ നാം പലപ്പോഴും ചിന്തിച്ചേക്കാം ദൈവം ദുഷ്ടതയാണോ പ്രവർത്തിക്കുന്നതെന്ന്. ജീവിതത്തിൽ ദൈവം തിരഞ്ഞെടുക്കാൻ പറയുന്ന വഴികളിൽ കൂടി സഞ്ചരിക്കുമ്പോളും നമ്മുടെ ജീവിതത്തിൽ തടസങ്ങൾ ഉണ്ടാകാം. പുറപ്പാട് 14 അദ്ധ്യായത്തിൽ ദൈവം ആണ് മോശയോട് ചെങ്കടൽ വഴി പോകാൻ നിർദേശിച്ചത്. എന്നാൽ മോശ ഫെലിസ്ത്യരുടെ നാട്ടിലൂടെ പോകാൻ ആണ് ഉദേശിച്ചത്. ദൈവം ഇത്രയും നാളും ഇസ്രായേൽ ജനതയ്ക്ക് വഴി കാണിച്ചത് പകൽ മേഘം സ്തംഭത്താലും രാത്രി അഗ്നിതൂണാലും ആയിരുന്നു. എന്നാൽ ആദ്യമായിട്ടാണ് മോശയോട് ദൈവം ഇന്ന വഴിക്കു പോകാൻ നിർദേശിക്കുന്നത്.
ദൈവം പറഞ്ഞ വഴി മോശ തെരെഞ്ഞെടുത്തു. ദൈവം പറഞ്ഞ വഴിക്കു പോയപ്പോൾ ചെങ്കടലിനു മുൻപിൽ എന്ത് ചെയ്യണം എന്ന് അറിയാതെ മോശ പകച്ചു നിൽക്കുകയും, മുന്നോട്ടു പോകുവാൻ സാധിക്കാതെ ചെങ്കടലിന്റെ മുൻപിൽ പാളയമടിക്കുകയും ചെയ്തു. ഫറവോ രാജാവ് അറിഞ്ഞു തന്റെ അടുത്ത് നിന്ന് പോയവർ എങ്ങും എത്താതെ ചെങ്കടലിന്റെ മുൻപിൽ ഒറ്റപ്പെട്ട് എന്നു. നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്ന വെല്ലുവിളി ആണ്, ചില കാര്യങ്ങൾ നമ്മളിൽ ഒതുങ്ങി നിൽക്കാതെ മറ്റുള്ളവർ അറിയുമ്പോൾ ആണ് നാം ഏറ്റവും കൂടുതൽ വേദനിക്കുന്നത്. ദൈവം പറഞ്ഞ വഴി തിരഞ്ഞെടുത്തിട്ടും മോശയ്ക്ക് മുൻപിൽ തടസങ്ങളാണ് കാണുന്നത്. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ മനുഷ്യരായ നാം ചിന്തിച്ചേക്കാം, ദൈവം വഞ്ചനയാണോ പ്രവർത്തിക്കുന്നത് എന്ന് .
പിന്നീട് നാം വചനത്തിൽ കാണുന്നത് മോശ ഒറ്റപ്പെട്ടു പോയി എന്നറിഞ്ഞ ഫറവോ, മോശയെ ആക്രമിക്കാൻ വന്നു. അപ്പോൾ ചെങ്കടൽ ഇസ്രായേൽ ജനതയ്ക്ക് വഴി മാറുകയും, മോശയെ ആക്രമിക്കാൻ വന്ന ഫറവോയെ ദൈവം ചെങ്കടലിൽ താഴ്ത്തുകയും ചെയ്തു. ദൈവം തിരഞ്ഞെടുത്ത വഴികളിലൂടെ മോശ സഞ്ചരിച്ചപ്പോൾ പ്രതിസികളാണ് വന്നത്, എന്നാൽ പ്രതിസന്ധികൾ വന്നത് ദൈവത്തിന്റെ മഹത്വം മോശയുടെ മുൻപിൽ ഇറങ്ങാനാണ്. ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകാം, അതെല്ലാം ദൈവത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിൽ ഇറങ്ങാനാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.