For the Lord will not rebuke forever. For, if he has cast down, he will also have compassion, according to the multitude of his mercies.
‭‭(Lamentations‬ ‭3‬:‭31‬-‭32‬)

ജീവിതത്തിലെ ഏതു സാഹചര്യത്തിലും നമ്മെ വിട്ടു പിരിയാത്ത ഒരു ദൈവം കൂടെയുണ്ട്. മാനുഷികമായ രീതിയിൽ ചിന്തിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന വേളകളിൽ പോലും അസാധ്യമായി ഒന്നും ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കാൻ നമുക്കാവണം. ദൈവത്തിൽ ആശ്രയിച്ച്, തന്നെ മുഴുവനായും ദൈവഹിതത്തിനു സമർപ്പിച്ച്‌, ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ദൈവം ഒരിക്കലും കൈവിടുകയില്ല. മാത്രവുമല്ല, അവരുടെ ആവശ്യവേളകളിൽ അവിടുന്ന് തക്കസമയത്ത് ഇടപെടുകയും ചെയ്യും. ദൈവത്തിലുള്ള ആശ്രയമാണ് നമ്മുടെ ജീവിതത്തിലുള്ള എല്ലാ അനാവശ്യ ഭയങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

ദൈവത്തിനു എടുത്ത് മാറ്റാനാവാത്ത ഒരു ദുഃഖവും നമ്മിലില്ല. നമ്മുടെ ഇന്നലെകളിലെ തെറ്റായ ജീവിത രീതികളിലൂടെ വന്നുചേർന്നിട്ടുള്ള വേദനകൾ പോലും ദൈവത്തിൽ നിന്നും ലഭ്യമായ സന്തോഷത്തിനു അതീതമല്ല. നമ്മെ ദൈവത്തിൽ നിന്നും അകറ്റി, നമ്മിൽ വേദനയും ആകുലതയും ജനിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും ദൈവത്തിനു മുൻപിൽ തുറന്നു കാട്ടാൻ നമ്മൾ തയ്യാറാവണം. എന്റെ ഹൃദയത്തിന്റെ അന്ധത അകറ്റുന്ന, എന്റെ ശരീരത്തിന്റെ മുടന്ത് സുഖപ്പെടുത്തുന്ന, കുഷ്ഠം പിടിച്ച എന്റെ മനസ്സിനെ ശുദ്ധീകരിക്കുന്ന, അഹങ്കാരത്താൽ അടഞ്ഞു പോയ എന്റെ കാതുകളെ തുറക്കുന്ന, മൃതമായ എന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന രക്ഷകനാണ് ദൈവം

ജോബിനെ സാത്താനാൽ പരീക്ഷിക്കാൻ ദൈവം അനുവദിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെടുന്ന സമയത്ത് ജോബ് വേദനയുടെ അനുഭവത്തിൽ കൂടി പോയെങ്കിലും ദൈവത്തിന്റെ ദയ ജോബിന്റെ മേൽ ഉണ്ടായിരുന്നു. സാത്താനാൽ ദൈവം പരീക്ഷണം അനുവദിച്ചു എങ്കിലും പിന്നീട് നാം കാണുന്നത്, ആദ്യത്തെക്കാൾ കൂടുതൽ നൻമകളാൽ ജോബിനെ ദൈവം അനുഗ്രഹിച്ചു. ജീവിതത്തിൽ പലവിധ പ്രതിസന്ധിയാൽ നാം ഒറ്റപ്പെടുമ്പോൾ ദൈവത്തിന്റെ ദയയാൽ നാം മുന്നോട്ട് നയിക്കപ്പെടുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്