You shall not mistreat any widow or fatherless child. (Exodus 22:22 )

വിധവകളുടെയും അനാഥരുടെയും വ്യഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും വലിയ ചര്‍ച്ചയാകുന്നില്ല. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുതലും നേരിടേണ്ടി വരുന്നത് വിധവകളും അനാഥരും ആണെന്ന് കാണാം. ഇവയ്ക്കു പുറമെ, മാനസികമായും ശാരീരികമായും വേദനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവരും അനവധിയുണ്ട്.പങ്കാളിയുടെ ആകസ്മികമായ വേര്‍പാട് വല്ലാതെ ഉലച്ചുകളയും. വിയോഗദുഃഖം നല്കുന്ന മാനസീകാഘാതം വളരെ വലുതാണ്. ഓരോ വ്യക്തിയുടെയും മനോഭാവവും മാനസിക നിലയും അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

വിധവകള്‍ സ്വയം പര്യാപ്തതയില്‍ എത്തിയാല്‍ സാമ്പത്തിക പ്രശ്നങ്ങളെ ഒരു പരിധിവരെ പിടിച്ചു നിറുത്താന്‍ കഴിയുമെങ്കിലും സാമൂഹികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ബാക്കി നില്ക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വിധവകളല്ലാതെ, ജീവിത പങ്കാളി ഉപേക്ഷിച്ച് ജീവിതത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെടുന്നവരും വേദനിക്കുന്നവരും ഇന്ന് സമൂഹത്തിൽ ഉണ്ട്. ദൈവം ശിക്ഷിച്ചുവെന്ന ചിന്ത, ദൈവ വിശ്വാസത്തില്‍നിന്നുള്ള അകല്‍ച്ച വിധവകളിലും അനാഥരിലും ഉണ്ടാകാം. ദൈവമക്കൾ എന്ന നിലയിൽ നാം ഓരോരുത്തരും വിധവക്കളെയും അനാഥരെയും ചേർത്ത് നിർത്തേണ്ടതാണ് .

വിധവകളും അനാഥകരും മിക്കപ്പോഴും പീഡനവിധേയരും അരക്ഷിതരുമായിരുന്നെന്നു മനസ്സിലാക്കിക്കൊണ്ട് അവരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ദൈവം പ്രത്യേക നിയമങ്ങൾ നിയമാവർത്തനത്തിൽ നൽകുകയുണ്ടായി. സമൂഹം മാത്രമല്ല അവരെ ചേർത്ത് നിർത്തേണ്ട കുടുംബാംഗങ്ങൾ പോലും ഇന്ന് അനാഥരെയും വിധവകളെയും പീഡിപ്പിക്കുന്നു. തിരുവചനം നോക്കിയാൽ ദാവീദിന് മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും അനാഥതത്വം നിറഞ്ഞ ജീവിതം ആയിരുന്നു ദാവീദിന്റെ ജീവിതം. അനാഥനായ ദാവീദിനെ ദൈവം ചേർത്ത് പിടിച്ചു അനുഗ്രഹിക്കുകയും രാജാവാക്കുകയും ചെയ്തു. തിരുവചനത്തിൽ എസ്തേർ എന്ന സ്ത്രീ അനാഥ സ്ത്രീ ആയിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ അഹസ്വേരൂസ് രാജാവിന്റെ ഭാര്യയും, രാജ്യത്തിന്റെ രാഞ്ജിയും ആയി.

തിരുവചനത്തിൽ വിധവയായ റൂത്തിനെ ദൈവം അനുഗ്രഹിക്കുകയും പുതിയൊരു ജീവിതം നൽകുകയും ചെയ്തു. അനാഥനും അടിമച്ചന്തയിൽ വിറ്റവനുമായ ജോസഫിനെ ദൈവം അനുഗ്രഹിച്ചു. ജോസഫിൻറെ കൂടെ ദൈവം ഇരുന്നു എന്നാണ് വചനം പറയുന്നത്. അനാഥരെയും വിധവകളെയും പ്രിയപ്പെട്ടവരും, സമൂഹവും ഉപേക്ഷിച്ചാലും ദൈവം അവരുടെ കൂടെ ഉണ്ടെന്നാണ് തിരുവചനം പറയുന്നത്. നാം ഓരോരുത്തർക്കും അനാഥരെയും വിധവകളെയും കുറ്റം വിധിക്കാതെയും, പീഡിപ്പിക്കാതെയും അവരെ ചേർത്തു പിടിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ







