Those who turn aside to their crooked ways the Lord will lead away with evildoers!
‭‭(Psalm‬ ‭125‬:‭5‬)

തിന്മ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കാത്തവനാണ് നമ്മുടെ ദൈവം. പരിശുദ്ധനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് പാപത്തിൽനിന്ന് അകലുവാൻ പഠിക്കുക. ഹൃദയത്തിന്റെ ഉള്ളിൽ നന്മയും സത്യവുമുള്ളവരുടെ അധരങ്ങളാണ് സത്യവും നന്മയും ജീവിതത്തിലൂടെ പ്രഘോഷിക്കുക. ഉള്ളിൽ തിന്മയാണ് വസിക്കുന്നതെങ്കിൽ പുറത്തേക്ക് വരുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും അത് നിഴലിക്കും. പാപത്തിന്റെ വക്രതയിൽ ജീവിക്കുന്നവരെ കർത്താവ് പുറന്തള്ളും. ദൈവത്തെ ധിക്കരിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് അവകാശമില്ല. ദൈവത്തിന് പകരം തങ്ങളെത്തന്നെ വലുതായി കാണുന്നതിലാണ് അവരിൽ പാപം ജന്മമെടുക്കുന്നത്. തങ്ങളുടെ തന്നെ രക്ഷയായ ദൈവത്തെയാണ് അവർ തള്ളിക്കളയുന്നത്.

പൊതുജീവിതത്തിന്റെ നല്ലൊരു ഭാഗവും ജറുസലെമിനു വെളിയിൽ ചിലവഴിച്ച യേശു, കോറാസീനിലും  ബെത് സയിദായിലും കഫർണ്ണാമിലും ധാരാളം അത്ഭുതപ്രവർത്തികൾ ചെയ്തു. എന്നാൽ ആ പട്ടണവാസികൾ ദൈവവചനം ശ്രവിച്ചിട്ടും യേശുവിന്റെഅൽഭുത  പ്രവർത്തനങ്ങളെല്ലാം കണ്ടിട്ടും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിങ്കലേക്കു തിരിയാൻ കൂട്ടാക്കിയില്ല. ഇക്കാരണത്താൽ അവർ ടയീർ, സീദോൻ, സോദോം എന്നീ പഴയനിയമ നഗരങ്ങളെക്കാൾ ദുരിതങ്ങൾക്ക് ഇരയായി തീരും എന്നാണ് ഈശോ താക്കീത് നൽകുന്നുണ്ട്. ടയീറും സീദോനും വളരെ പുരാതനകാലം മുതൽ നിലവിലുള്ള ഫിനീഷ്യൻ നഗരങ്ങളായിരുന്നു. ഉൽപത്തി പുസ്തകം 10:15 ൽ സീദോനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്നത്തെ ലെബനോനിൽ സ്ഥിതി ചെയ്തിരുന്ന ഈ രണ്ടു നഗരങ്ങളും വ്യാപാരത്തിലൂടെ ഒട്ടേറെ ധനം സമാഹരിച്ചവയായിരുന്നു.

എസെക്കിയേൽ പ്രവാചകനിലൂടെയാണ് ദൈവം ടയീറിനും സീദോനു മെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. എസെക്കിയേൽ 26, 27, 28 അദ്ധ്യായങ്ങളിലൂടെ കർത്താവിന്റെ കോപത്തിന് അവരെങ്ങിനെ പാത്രമായെന്നും വിവരിക്കുന്നുണ്ട്. ഉൽപത്തി പുസ്തകം അദ്ധ്യായം 19ൽ സോദോമിന്റെ പാപങ്ങൾ വിവരിച്ചു പറയുന്നുണ്ട്. ഗുരുതരമായ പാപത്തിനു അടിമയായ സോദോം പട്ടണം ആകാശത്തിൽനിന്നു അഗ്നിയും ഗന്ധകവും ഇറങ്ങി നാമാവശേഷമായി. ഈ മൂന്നു നഗരങ്ങളുടെ മേലുണ്ടായ വിധിയെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ഈശോ കോറാസീനെയും,   ബെത്സയിദായെയും, കഫർണ്ണാമിനെയും ശാസിക്കുന്നത്. പാപത്തിൽ കഴിഞ്ഞ ദേശങ്ങളെ പോലും വചനത്തിലൂടെയും, ചരിത്രത്തിലൂടെയും നമുക്കു കാണുവാൻ കഴിയും. അപ്പോൾ പാപത്തിൽ കഴിയുന്ന വ്യക്തികളെ കർത്താവ് എത്ര മാത്രം ദൈവ സന്നിധിയിൽ നിന്ന് പുറന്തള്ളും.

ഇന്നത്തെ ലോകത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തന്റെ വചനത്തിലൂടെയാണ്. എന്നാൽ ദൈവചനത്തോട്‌ വിശ്വാസികളുടെ ഇടയിൽപോലും ഇന്ന് ഒരുതരം നിസ്സംഗതാ മനോഭാവമാണ്. കേവലം ഒരു കഥാപുസ്തകം പോലെ വിശുദ്ധ ഗ്രന്ഥത്തെ കണക്കാക്കുന്ന വ്യക്തികളാവരുത് നമ്മൾ. നമ്മെ ദുരിതങ്ങളിൽനിന്നു മോചിപ്പിക്കാനും പുതുജീവൻ പ്രദാനം ചെയ്യാനുംകഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം. അതിനു തടസ്സമായി നമ്മിലുള്ള പാപത്തിന്റെയും സംശയത്തിന്റെയും ലജ്ജയുടെയും ഭയത്തിന്റെയും കെട്ടുകളഴിക്കാൻ ദൈവാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്