കൊച്ചി: സഭയില്‍ എക്കാലത്തും സംവാദത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്കാ മെത്രാന് സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പതിനൊന്നാമത് വാര്‍ഷികയോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന സിനഡിന്റെ മുഖ്യപ്രമേയമായ സഭയിലെ സിനഡാലിറ്റി എന്ന വിഷയം സംബന്ധിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജെസി ജയിംസ് ആണ് സെക്രട്ടറി. തുടര്‍ദിവസങ്ങളില്‍ നടക്കുന്ന കെസിബിസി സമ്മേളനം പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് പൊതുചര്‍ച്ചകള്‍ നടന്നു.
നിയമപരിഷ്കരണ കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുള്ള വിവാഹ രജിസ്ട്രേഷന് ബില്‍ പിന്‍വലിക്കണമെന്നും റവന്യു ഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കണമെന്നും പ്രമേയങ്ങളിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദ് പരിഷത്ത്, ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ സാഗര്‍ രൂപതയിലെ ഗഞ്ച് ബസോദ എംഎംബി മിഷന് സ്റ്റേഷനിലെ സെന്റ് ജോസഫ്സ് സ്കൂളില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ കേരള കാത്തലിക് കൗണ്‍സില്‍ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സമിതി ആവശ്യപ്പെട്ടു. . 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും.