അപ്പമായവൻ

2020 മാർച്ച് 24.
അന്നാണ് 21 ദിവസം നീണ്ടു
നിൽക്കുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രാജ്യം മുഴുവൻ നിശ്ചലമായിരുന്നു
ആ ദിനങ്ങളിൽ. ആ സമയത്താണ് അപരിചിതമായ നമ്പറിൽ നിന്നും
ഒരു പുരോഹിതന് ഫോൺ ലഭിക്കുന്നത്.

“അച്ചനാണോ…?”

“അതെ…. അച്ചനാണ്”

”അച്ചാ ഒരു കാര്യം പറയാനാണ് വിളിച്ചത്.”

“പറഞ്ഞോളൂ…”

“ഞങ്ങളുടെ പപ്പ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്.
ഈ ദിവസങ്ങളിൽ പണിക്ക് പോകാൻ പറ്റാത്തതിനാൽ ഞങ്ങൾ പട്ടിണിയിലാണ്.
പുറത്തിറങ്ങിയാൽ പോലിസ് പിടിക്കും….
വിശന്നിട്ടു വയ്യ…
ഞങ്ങൾക്കല്പം ഭക്ഷണം
എത്തിച്ചു തരുമോ…”

ആ കുട്ടികളുടെ സ്വരം പതിച്ചത്
ആ പുരോഹിതൻ്റെ കാതുകളിലല്ല ഹൃദയത്തിലായിരുന്നു.
ആ കുട്ടികളുടെ വിലാസം അദ്ദേഹം ചോദിച്ചറിഞ്ഞു. വിശപ്പു മാറുവോളം കഴിക്കാനുള്ള അന്നവുമായ്
അവരുടെ ചാരെയെത്തി. അവിടെയെത്തിയപ്പോഴാണ് ഇങ്ങനെയുള്ള കുടുംബങ്ങൾ ഇനിയുമുണ്ടെന്ന് തിരിച്ചറിയുന്നത്.

അവരുടെ മിഴിനീർ തുടയ്ക്കുവാൻ അദ്ദേഹം തീരുമാനിച്ചു.
ലോക്ക്ഡൗൺ ദിനങ്ങളിൽ പോലിസിൻ്റെ അനുമതിയോടെ അനേകരിലേക്ക് അന്നമായ് അദ്ദേഹം കടന്നു ചെന്നു.

പറഞ്ഞു വരുന്നത് വെറുമൊരു പുരോഹിതനെക്കുറിച്ചല്ല, നിത്യതയിലേക്ക് യാത്രയായ
പുരോഹിത ശ്രേഷ്ഠൻ
ബിഷപ് ഡോ: ജേക്കബ് മാർ ബർണബാസ് തിരുമേനിയെക്കുറിച്ചാണ്.

“എൻ്റെ സഹോദരങ്ങൾ വിശന്നിരിക്കുമ്പോൾ എനിക്ക് ഭക്ഷണം ഇറങ്ങില്ല. മക്കളുടെ വിശപ്പു മാറ്റാതെ അപ്പന് കഴിക്കാനാകില്ല. വിശക്കുന്നവൻ്റെ വയറു നിറയുമ്പോൾ അവരിലൂടെ യേശുക്രിസ്തുവിനെ കാണാനാകും” എന്നദ്ദേഹം പറയുമായിരുന്നു
(കടപ്പാട്: ദീപിക).

അപരനിലേക്ക് അന്നമായും
മരുന്നായും അവശ്യ വസ്തുക്കളുമായെല്ലാം കടന്നു ചെല്ലണമെങ്കിൽ ക്രിസ്തുവിനെപ്പോലെ ഒരു മനസു വേണം.
അങ്ങനെയൊന്നില്ലാത്തവരുടെ കാഴ്ച സ്വന്തം കുടുംബത്തിലേക്കും
സ്വകാര്യ ആവശ്യങ്ങളിലേക്കും
മാത്രമായ് ഒതുങ്ങി നിൽക്കും.

“ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം.” (മര്‍ക്കോസ്‌ 2 : 17) എന്ന ക്രിസ്തു വചനങ്ങൾ നെഞ്ചോട് ചേർക്കുമ്പോൾ മാത്രമേ നമ്മുടെ കരുണാർദ്രമായ ഇടപെടലിനു വേണ്ടി കാത്തിരിക്കുന്ന അനേകരെ കാണാനാകൂ.

മറ്റുള്ളവരെ സഹായിക്കാൻ
പണത്തേക്കാൾ ഉപരി
പങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച
ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം!

വി.അഗസ്റ്റിൻ്റെയും
വി.എവുപ്രാസിയാമ്മയുടെയും
തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

ആഹാരമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കുക .ഓരോ പ്രദേശത്തും സാധുക്കളെ സഹായിക്കുന്ന പദ്ധ്യതികൾ ആരംഭിക്കുവാൻ ശ്രമിക്കുക .

കൊച്ചി നഗരത്തിലുള്ളവർ ബന്ധപ്പെടുക 9446329343

നിങ്ങൾ വിട്ടുപോയത്