മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി

ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച ജനിച്ചു.

എറണാകുളം അതിരൂപതയില്‍പ്പെട്ട വെച്ചൂരായിരുന്നു അഭിവന്ദ്യപിതാവിന്റെ ഇടവക. ഇടവകപരിധിയിലുള്ള കോട്ടയം രൂപതയുടെ കണ്ണങ്കര സെന്റ് മാത്യൂസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.1944ല്‍ ചേര്‍ത്തല ഗവ.ഹൈസ്‌കൂളില്‍ നിന്ന് ഋ.ട.ഘ.ഇ പാസ്സായി. 1945ല്‍ എറണാകുളം അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. മോണ്‍.തോമസ് മൂത്തേടനായിരുന്നു റെക്ടര്‍. മലേറിയ പിടിപെട്ട് വൈദ ികപഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ബഹു. മൂത്തേടനച്ചന്റെ പ്രത്യേക താല്‍പര്യം മൂലം പഠനം പുനഃരാരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു അഭിവന്ദ്യപിതാവിന്റെ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍. വൈദീക വിദ്യാര്‍ത്ഥിയായിരിക്കെ സാഹിത്യം അഭിവന്ദ്യപിതാവിന് പ്രിയപ്പെട്ട വിഷയമായിരുന്നു.

മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ.സക്കറിയാസ് ഒ.സി.ഡി. അദ്ദേഹത്തിന് സാഹിത്യ രചനകള്‍ നടത്തുന്നതിന് പ്രോത്സാഹനം നല്കി. വ്യാകുലമാതാവിന്റെ പ്രത്യേകഭക്തനായ പിതാവ് ശോകാംബികാദാസ് എന്ന തൂലികാനാമത്തില്‍ വിമര്‍ശനപരമായ നിരവധി ലേഖനങ്ങള്‍ എഴുതി.

എറണാകുളം രൂപതാ മെത്രാപോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ സഹായമെത്രാനും പിന്നീട് അതിരൂപതാദ്ധ്യക്ഷനും കര്‍ദ്ദിനാളുമായ അഭിവന്ദ്യ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നും 1955 മാര്‍ച്ച് 12-ാം തീയതി പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. ടാഗോറിന്റെ സത്താദര്‍ശനത്തെ പുരസ്‌ക്കരിച്ചായിരുന്നു ഗവേണഷണ പ്രബന്ധം. റോമില്‍ നിന്ന് മടങ്ങി വന്ന ശേഷം സെമിനാരിയില്‍ പത്തുവര്‍ഷം അഭിവന്ദ്യപിതാവ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. സത്താദര്‍ശനമായിരുന്നു സെമിനാരിയില്‍ പ്രധാനമായും പിതാവ് പഠിപ്പിച്ചിരുന്നത്. തത്ത്വശാസ്ത്രത്തിന് ആമുഖം, തത്ത്വശാസ്ത്ര ചരിത്രം, അസ്തിത്വവാദം, ഭാഷാവിശകലനം, പൗരസ്ത്യ പഠനങ്ങള്‍ക്ക് ആമൂഖം, സുറിയാനി ഭാഷ എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. 1964ല്‍ അധ്യാപക ജീവിതത്തിനിടയില്‍തന്നെ, ബെല്‍ജിയത്തിലെ പ്രസിദ്ധമായ ലുവെയിന്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുവാനും മങ്കുഴിക്കരി പിതാവിന് കഴിഞ്ഞു. 1969 നവംബര്‍ 15ന് എറണാകുളം അതിരൂപത മെത്രാന്‍ ഡോ. ജോസഫ് പാറേക്കാട്ടിലിന്റെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1970 ജനുവരി 6ന് സി.ബി.സി.ഐ സമ്മേളനത്തിന്റെ തലേന്ന് പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ബ്രീനി, സി.ബി.സി.ഐ. പ്രസിഡണ്ടും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കാര്‍ഡിനല്‍ വലേറിയന്‍ ഗ്രേഷ്യസ് എന്നിവരുടെയും സി.ബി.സി.ഐ. അംഗങ്ങളായ ഇതരമെത്രാന്‍മാരുടേയും സാന്നിധ്യത്തില്‍ ഡോ. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

പതിനഞ്ചു വര്‍ഷം രൂപതയുടെ സഹായ മെത്രാനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. അതിരൂപതയുടെ വികാരി ജനറാള്‍ പദവിക്കു പുറമെ കെ.സി.ബി.സി. സെമിനാരി കമ്മീഷന്‍, പി.ഒ.സി.കമ്മീഷന്‍, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബോഡി എന്നിവയില്‍ അംഗമായിരുന്നു. കൂടാതെ ആലുവ, കോട്ടയം മേജര്‍ സെമിനാരികളുടെ കമ്മീഷന്‍, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഇന്റര്‍വ്യൂ ബോര്‍ഡ്, സീറോ-മലാബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാനായും ദീര്‍ഘകാലം പിതാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1984 ഏപ്രില്‍ 1 ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ വിരമിച്ചപ്പോള്‍ മങ്കുഴക്കരി പിതാവ് അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി.

1986 ഏപ്രില്‍ 28 ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ മങ്കുഴിക്കരിയെ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിച്ചു. 1986 ജൂലൈ 3ന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് തിരുവമ്പാടി പ്രോ-കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് പുതിയ രൂപതയുടെ ഇടയസ്ഥാനം ഏറ്റെടുത്തു.

പുതിയ ഇടയന്റെ ആസ്ഥാനമായ താമരശേരിയില്‍ രൂപതയ്ക്കുവേണ്ടി ഒന്‍പത് ഏക്കര്‍ സ്ഥലം ഒരു കൊച്ചു വീടോടുകൂടി നേരത്തേ വാങ്ങിയിരുന്നു. അല്‍ഫോന്‍സാ ഭവന്‍ എന്നു പേരു നല്‍കപ്പെട്ട ഈ വീട് പുതിയ ഇടയന്റെ ഭവനവും രൂപതാകേന്ദ്രവുമായി മാറി. കോഴിക്കോട്,മലപ്പുറം ജില്ലകളിലായി 6000 ചതുരശ്ര കിലോമിറ്റര്‍ വിസ്തീര്‍ണവും ഒരു ലക്ഷത്തിലധികം കത്തോലിക്കരും 65 ഇടവകകളും 30 കുരിശുപള്ളികളും 70വൈദികരും 21 ഹൈസ്‌കൂളുകളും 22 യു.പി.സ്‌കൂളുകളും 21 എല്‍.പി.സ്‌കൂളുകളും ഒട്ടനവധി ഇതരസ്ഥാപനങ്ങളും ഉള്ള ഒരു രൂപതയുടെ ഭരണമാണ് മങ്കുഴിക്കരി പിതാവ് ഏറ്റെടുത്തത്. പുതിയ രൂപത എന്ന നിലയില്‍ അടിസ്ഥാന സംവിധാനങ്ങള്‍ പലതും ഉണ്ടാകേണ്ടിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രൂപതാഭവനമായിരുന്നു.

തന്റെ ജനത്തിന്റെ ഉദാരമനസ്‌കതയില്‍ വിശ്വാസമര്‍പ്പിച്ച പിതാവ് രൂപതയുടെ ആവശ്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചു. ചുരുങ്ങിയ ചിലവില്‍ പണിതീര്‍ത്ത രൂപതാഭവന്റെ വെഞ്ചരിപ്പ് 1989 മെയ് 20ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവ് നിര്‍വ്വഹിച്ചു. സ്ഥാപനങ്ങള്‍ക്കെന്നതിനെക്കാള്‍ അജപാലനപ്രവര്‍ത്തനങ്ങള്‍ക്കാണ് അനുഭവസമ്പന്നനായ അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് മുന്‍ഗണന നല്‍കിയത്.

രൂപതാഭവന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി, ഒരു പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിക്കുവാനുള്ള ശ്രമവുമായി അഭിവന്ദ്യപിതാവ് മുന്നോട്ടിറങ്ങി. രൂപതാഭവന്റെ വെഞ്ചരിപ്പു നടന്ന അന്നു തന്നെകോഴിക്കോട്, മേരിക്കുന്ന് ആസ്ഥാനമായി രൂപതാ പാസ്റ്ററല്‍ സെന്റര്‍ നിലവില്‍ വന്നു. ദൈവജനത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കുള്ള പരിശീലനപരിപാടികള്‍ ഈ കേന്ദ്രത്തില്‍ ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നൂറിലധികം പേര്‍ക്ക് താമസിച്ചു പരിശീലനം നേടാന്‍ കഴിയുന്ന ഒരു സ്ഥാപനമായി ഇത് വളര്‍ന്നു. മൈനര്‍ സെമിനാരിക്കുവേണ്ടി ആദ്യം മരുതോങ്കരയിലും പിന്നീട് പുല്ലൂരാംപാറയിലും ലഭ്യമായ താത്ക്കാലിക കെട്ടിടങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ഭാവി വൈദികരുടെ പരിശീലനത്തില്‍ മെത്രാനും രൂപതയിലെ വൈദികര്‍ക്കും ക്രിയാത്മകമായ പങ്കുണ്ടായിരിക്കണമെന്ന പിതാവിന്റെ വീക്ഷണമാണ് രൂപതാഭവനത്തോട് ചേര്‍ന്ന് സെമിനാരി സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. 1989ല്‍ സെമിനാരി കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെയും ഉദാരമതികളായ സുഹൃത്തുക്കളുടെയും സഹായത്തോടെ, കെട്ടിടത്തിന്റെ പണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കി 1992 മെയ് 23 ന് വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു. രൂപതയ്ക്ക് സ്ഥിരവരുമാനമുണ്ടാകുന്നതിനായി കോഴിക്കോട് മാവൂര്‍ റോഡില്‍ പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്. തലശേരി രൂപതയില്‍ നിന്നു കിട്ടിയ പത്രമേനികൊണ്ടാണ് ഇതിനുവേണ്ട 30 സെന്റ് സ്ഥലം വാങ്ങിയത്. ഏഴു നിലകള്‍ക്ക് അടിത്തറയിട്ടു പണിയാരംഭിച്ച ഈ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ പൂര്‍ത്തിയായി. പാവങ്ങളോടും അനാഥരോടും അങ്ങേയറ്റം കരുണാര്‍ദ്രമായ ഒരു ഹൃദയമാണ് മങ്കുഴിക്കരി പിതാവിനുണ്ടായിരുന്നത്. രൂപതയ്ക്കു ദൈവാനുഗ്രഹത്തിന്റെ ചാനലാകത്തക്കവണ്ണം, നിരാലംബരായ രോഗികളെ മരണം വരെ സംരക്ഷിക്കുന്നതിനായി രൂപതവക ഒരു ഭവനമുണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അതിയായി അഗ്രഹിച്ചു. കരുണാഭവന്‍ (ഒീാല ീള ഇീാുമശൈീി)എന്ന പേരില്‍ ഒരു സ്ഥാപനം അഭിവന്ദ്യ പിതാവ് ചുരുങ്ങിയ കാലം കൊണ്ട് പടുത്തുയര്‍ത്തി. സജ്ജീകരണങ്ങളെല്ലാം തയ്യാറാകുന്നതിനുമുമ്പ്, ഉള്‍പ്രേരണയുടെ ശക്തിയാലെന്നവണ്ണം, പ്ലാന്‍ ചെയ്തിരുന്നതിനേക്കാള്‍ നേരത്തെ, ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1994 ഏപ്രില്‍ 7 ന് തികച്ചും അനാര്‍ഭാടമായി നിര്‍വ്വഹിക്കപ്പെട്ടു.

മരിക്കുന്നതിന്റെ തലേദിവസം തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം എന്നു പറയാവുന്ന കരുണാഭവന്‍ സന്ദര്‍ശിക്കുകയും ഓരോ രോഗിയുടെയും അടുക്കല്‍ പോയി സുഖാന്വേഷണങ്ങള്‍ നടത്തുകയും അവരോടൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. അവിചാരിതമായി അന്ന് അവിടെ അത്താഴവും കഴിച്ചു. അങ്ങനെ താന്‍ ഏറ്റവുമധികം സ്‌നേഹിച്ച അഗതികളുടെ ഭവനത്തിലായിരുന്നു പിതാവിന്റെ അന്ത്യ അത്താഴം!!

രൂപതയുടെ മറ്റൊരു വലിയ ആവശ്യം അജപാലനശുശ്രൂഷയില്‍ നിന്നു വിരമിക്കുന്ന വൈദികര്‍ക്കു വേണ്ടിയുള്ള ഭവനമായിരുന്നു. പി.എം.ഒ.സി.യുടെ അടുത്ത് 40 സെന്റ് സ്ഥലം വാങ്ങിക്കുകയും കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 16 ന് വ്യാഴാഴ്ച കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിശ്ചയിച്ചിരുന്നതാണ്. പക്ഷെ, വിശ്രമഭവനത്തിന്റെ തറക്കല്ലിടലിനു കാത്തുനില്‍ക്കാതെ നിത്യവിശ്രമത്തിന്റെ ഭവനത്തിലേക്ക് പിതാവ് യാത്രയായി.

രൂപതയ്ക്ക് ഒരു കത്തീഡ്രല്‍ പള്ളി ഉണ്ടാകണമെന്ന് പിതാവ് അത്യധികം ആഗ്രഹിച്ചിരുന്നു. താമരശേരിയുടെ ഹൃദയഭാഗത്ത് കത്തീഡ്രല്‍ പള്ളിയ്ക്കുവേണ്ടി ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിക്കുവാന്‍ അദ്ദേഹം മറന്നില്ല. ദൈവജനത്തിന്റെ നവീകരണത്തിനുവേണ്ടി ഒരു ധ്യാനകേന്ദ്രം വേണമെന്ന് പിതാവ് ആഗ്രഹിച്ചു. 1994 ജനുവരി 6ന് ആ സ്വപ്നവും പൂവണിഞ്ഞു. ആരാധനാ സന്ന്യാസിനീ സമൂഹം രൂപതയ്ക്ക് സൗജന്യമായി വിട്ടുകൊടുത്തതും നാലുവര്‍ഷത്തോളം രൂപതാമൈനര്‍ സെമിനാരിയായി ഉപയോഗിച്ചതുമായ കെട്ടിടത്തില്‍, ബഥാനിയ റിന്യൂവല്‍ സെന്റര്‍ എന്ന പേരില്‍ പുല്ലൂരാംപാറയില്‍ ധ്യാനകേന്ദ്രം ആരംഭിച്ചു. മിഷന്‍ ലീഗ്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ക്ക് പുനരേകീകരണവും നവചൈതന്യവും പകര്‍ന്നതോടൊപ്പം, സി.വൈ.എം, കാത്തലിക് വിമന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ പിതാവ് മുന്‍കൈയെടുത്ത് രൂപതയില്‍ ആരംഭിച്ചു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനു ഇഛഉ (ഇലിൃേല ളീൃ ീ്‌ലൃമഹഹ ഉല്‌ലഹീുാലി)േ യും ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന് വൊക്കേഷന്‍ ബ്യൂറോയും റെഗുലര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാന്‍ കോര്‍പ്പറേറ്റു മാനേജുമെന്റും രൂപതയില്‍ സ്ഥാപിതമായി.

അജപാലന പ്രവര്‍ത്തനങ്ങളുടെ മര്‍മ്മം മനസിലാക്കിയ പിതാവ്, ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുവാനും രൂപതയിലെ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായും നാനാജാതി മതസ്തരുമായും നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ നവീകരണപരിപാടികളും അല്മായര്‍ക്കു മുന്‍ഗണനനല്‍കിക്കൊണ്ട് സംവിധാനം ചെയ്യണമെന്നത് പിതാവിന്റെ ശക്തമായ നിര്‍ദ്ദേശമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ അധ്യാപക സെമിനാറുകളും പി.ടി.എ.സെമിനാറുകളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.

വിവാഹത്തിനൊരുങ്ങുന്ന യുവതീയുവാക്കള്‍ക്കായി പ്രീ-കാനാ കോഴ്‌സുകളും വിവാഹിതര്‍ക്കുവേണ്ടി മാര്യേജ് എന്‍കൗണ്ടര്‍ പ്രോഗ്രാമുകളും മാര്യേജ് ബ്യൂറോയും ഫാമിലി കൗണ്‍സിലിംഗ് സെന്ററും ആരംഭിച്ചു. പ്രബുദ്ധമായ ആത്മായനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി മതാധ്യാപകര്‍ക്കായി പരിശീലനപരിപാടി രൂപകല്‍പ്പന ചെയ്തു.

ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട്, സണ്‍ഡേ സ്‌കൂളുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി, മിനി മാസ്റ്റര്‍ ട്രെയിനിംഗ് പ്രോഗ്രാം വിഭാവനം ചെയ്തു. പി.ടി.എ സെമിനാറുകളില്‍ അഭിവന്ദ്യ പിതാവിന്റെ ക്ലാസ്സുകള്‍ നാനാജാതി മതസ്ഥരായ കേള്‍വിക്കാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. കഥയും ഫലിതവും കവിതയും തത്ത്വചിന്തയും കലര്‍ന്ന പിതാവിന്റെ പ്രഭാഷണങ്ങള്‍ എല്ലാവരും ഇഷ്ടപ്പെട്ടു. മറ്റു മതസ്ഥരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ പിതാവിനു താല്‍പര്യമായിരുന്നു.

അക്രൈസ്തവരുടെ കൂടി താല്‍പര്യപ്രകാരമാണ് താമരശേരിയില്‍ അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുവാന്‍ പിതാവ് മുന്‍കൈ എടുത്തത്. അഭിവന്ദ്യ പിതാവിന്റെ നിര്യാണത്തോടെ ക്രൈസ്തവര്‍ക്കു മാത്രമല്ല, തങ്ങള്‍ക്കും ഒരു നല്ല ഇടയന്‍ നഷ്ടപ്പെട്ടു എന്ന ദുഃഖം നാനാജാതി മതസ്തര്‍ക്കും ഉണ്ടായതിന്റെ രഹസ്യം ഈ നല്ല ബന്ധമാണ്. 2000 ത്തോളം സുറിയാനി കുടുംബങ്ങള്‍ താമസിക്കുന്ന കോഴിക്കോട്ട് അജപാലന പ്രവര്‍ത്തനത്തില്‍ സവിശേഷമായ ശ്രദ്ധ പിതാവ് പ്രദര്‍ശിപ്പിച്ചു. രൂപതയുടെ പാസ്റ്ററല്‍സെന്റര്‍ കോഴിക്കോട് സ്ഥാപിക്കാനും പാറോപ്പടി, അശോകപുരം, മാങ്കാവ് എന്നീ ഇടവകകള്‍ സ്ഥാപിക്കാനും പിതാവിന് സാധിച്ചു.

ലാളിത്യം ജീവിതവ്രതമായി സ്വീകരിച്ച മാര്‍ മങ്കുഴിക്കരിപ്പിതാവ് സ്വന്തം സുഖസൗകര്യങ്ങള്‍ ഒരിക്കലും അന്വേഷിച്ചില്ല. അഭിവന്ദ്യ പിതാവിന്റെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും വിശ്വാസദാര്‍ഢ്യവും സഭാസ്‌നേഹവും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തവിധം ധന്യമായിരുന്നു. ഈ സവിശേഷഗുണങ്ങളാണ് കാപട്യത്തിനു മുമ്പില്‍ ധാര്‍മ്മികരോഷത്തിന്റെ കത്തിജ്ജ്വലിക്കുന്ന അഗ്നിഗോളമായി പിതാവിനെ പലപ്പോഴും മാറ്റിയത്. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന ആ പ്രതിഭാധനന്‍ 1994ജൂണ്‍ 11ന് ശനിയാഴ്ച വൈകുന്നേരം 7.55ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു!

MAR SEBASTIAN MANKUZHIKARY(1929 -1994) 

(Former Bishop of Thamarassery)

 His Excellency Bishop Sebastian Mankuzhikary was born at Thannirmukkom, near Cherthala, on 2 March 1929. He did his ecclesiastical studies at St Joseph’s Apostolic Seminary Alwaye and was ordained a priest on 12 March 1955. After working for some time as Assistant Parish Priest at the St. Mary’s Cathedral, Ernakulam, he resumed his studies at the Gregorian University, Rome, from where he took a Doctorate in Philosophy, with distinction. On his return, he was appointed professor of Philosophy at the Pontifical Seminary, Alwaye; He was nominated Bishop Auxiliary to archbishop Joseph Cardinal Parecattil, on 15 November 1969. He was consecrated bishop on 6 January 1970 at Ernakulam. He took charge as the Vicar General of the archdiocese on 7 February 1970, which post he held until 1 April 1984 when he was appointed Apostolic Administrator of the archdiocese following the resignation of His Eminence Joseph Cardinal Parecattil.

On 28 April 1986, he was nominated bishop of Thamarassery and he assumed charge of the new diocese on 3 July 1986.

He passed away on 11 June 1994 and was buried in the pro-cathedral at Thiruvampady on 13 June 1994.

ആദരപ്രണാമം

നിങ്ങൾ വിട്ടുപോയത്