മലങ്കരയുടെ കൊടുങ്കാറ്റ്, ആധുനിക മലങ്കരയിലെ സന്യാസത്തിന്റെ പിതാവ്, ഹെന്ദോയുടെ അന്തോനി ബാവ, ഭാരതസഭാ ചരിത്രത്തിലെ മിന്നൽപ്പിണർ, മലങ്കരയിലെ ഉരുക്കു മനുഷ്യൻ

✨ ജീവിതരേഖ ✨1815 – നോടടുത്ത് -ജനനം (പാലാ)1838 – മാന്നാനം സെമിനാരിയിൽ1843 (ഏപ്രിൽ 1) – വൈദികപട്ടം1844 – പാലായിലെ വസൂരി ബാധിതർക്കൊപ്പം1845 – അരുവിത്തുറ വികാരി1848 (കർക്കടകം 16) – പ്ലാശനാൽ ദയറ സ്ഥാപനം1853 – ദനഹാ ബർ യോനായുടെ ആഗമനം1853 – കുറവിലങ്ങാട് പള്ളിയോഗം1854 (മധ്യത്തോടെ) – ഒന്നാം ബാഗ്ദാദ് യാത്ര1856 – തിരികെ മലബാറിൽ1856 ഓഗസ്റ്റ് 5 – വികാരി അപ്പസ്തോലിക്കാ അന്തോണി കത്തിനാരെ മഹറോൻ ചൊല്ലി1857 (ഫെബ്രുവരി) – രണ്ടാം ബാഗ്ദാദ് യാത്ര1857 ജൂലൈ 22 – മരണം (ബാഗ്ദാദിൽ വച്ച്)1858 – പ്ലാശനാൽ ദയറ മാന്നാനം കൊവേന്തയോട് ചേർക്കപ്പെട്ടു.1860- പ്ലാശനാൽ കൊവേന്ത ഇല്ലാതായി.

സന്യാസ ശ്രേഷ്ഠൻ – സഹദാ കുടക്കച്ചിറ മാർ അന്തോനി കത്തനാർപാലാ ജന്മം നൽകിയ ശ്രേഷ്ഠരിൽ മുൻപന്തിയിൽ നിൽക്കുന്ന വിശുദ്ധനാണ് സഹദാ കുടക്കച്ചിറ മാർ അന്തോനി കത്തനാർ.സഹദാ എന്ന പേരിൽ അറിയപ്പെടാൻ അദ്ദേഹം രക്തസാക്ഷി ആണോ??രക്തം ചിന്തിയില്ല എന്ന് മാത്രമേ ഉള്ളൂ,അദ്ദേഹം രക്തസാക്ഷി തന്നെയാണ്.

സ്വന്തം ആദർശങ്ങളിൽ ഉറച്ച് നിന്ന് ആ ആദർശങ്ങൾക്ക്‌ വേണ്ടി ജീവൻ ത്യജിച്ച ആളെ പിന്നെ രക്തസാക്ഷി എന്നല്ലാതെ എന്ത് വിളിക്കും.അദ്ദേഹം സഹദാ തന്നെയാണ്,മാർത്തോമ്മാ നസ്രാണി സഭയ്ക്ക് വേണ്ടി ജീവൻ നൽകിയ വൈദിക ശ്രേഷ്ഠൻ.അദ്ദേഹത്തിന്റെ കൃത്യമായ ജനന തീയതി നമുക്ക് അറിവില്ല.അര നൂറ്റാണ്ട് പോലും ജീവിച്ചില്ല എങ്കിലും അതിലേറെ കാര്യങ്ങൾ മാതൃ സഭയ്ക്ക് വേണ്ടി ചെയ്ത ആളാണ് അദ്ദേഹം.

പാലായിൽ വസൂരി പടർന്നു പിടിച്ച അവസരത്തിൽ രോഗ ബാധിതരെ ശുശ്രൂഷിക്കുകയും മരിച്ചവരെ സംസ്കരിക്കുകയും ചെയ്തതിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ആർക്കും തോൽപ്പിക്കാൻ കഴിയാതിരുന്ന വാക്ചാതുര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി അനേകരെ അദ്ദേഹത്തിലേക്ക് ആകർഷിച്ചു,ശത്രുക്കൾ പോലും അദ്ദേഹത്തിന്റെ വിശുദ്ധിയെ വിലമതിച്ചിരുന്നു.

അദ്ദേഹത്തിന്റെ നിലപാടുകളെ എതിർത്തിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ പോലും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെ ആദരിച്ചിരുന്നു.ചാവറ അച്ചന്റെ നാളാഗമത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിക്കപ്പെടുന്ന പേര് കുടക്കച്ചിറ അന്തോനി കത്തനാരുടേതാണ്. നസ്രാണി സഭയുടെ സ്വാതന്ത്ര്യ സമര സേനാനിയാണ് അന്തോനി കത്തനാർ.കുന്നേൽ മല്പാൻ,പൂണ്ടിക്കുളം മല്പാൻ,കട്ടക്കയം മല്പാൻ എന്നിവരുടെ കീഴിൽ പഠിച്ചു.സന്യാസത്തിനു വേണ്ടി കൊതിച്ച അദ്ദേഹം അത് മാന്നാനത്ത് നടപ്പാകില്ല എന്ന് മനസ്സിലായതോടെ സ്വന്തമായി ഒരു ദയറാ സ്ഥാപിക്കാൻ തീരുമാനിച്ചു .

ഈജിപ്റ്റിലെ മഹാനായ സന്യാസ ശ്രേഷ്ഠനായ മാർ അന്തോനി ബാവായുടെ സന്യാസാശ്രമ മാതൃകയിൽ അദ്ദേഹം ഒരു സന്യാസ പ്രസ്ഥാനം പ്ലാശനാൽ സ്ഥാപിച്ചു.സഭയുടെ ഭാഗത്ത് നിന്ന് നിരവധി എതിർപ്പുകൾ അദ്ദേഹം നേരിട്ടു.നമ്മുടെ സഭയുടെ തനത് ശൈലിയിലുള്ള ഒരു ദയറാ ആയിരുന്നു അത്.നിരവധി വൈദികരും മ്ശംശാനാമാരും അദ്ദേഹത്തിന്റെ കൂടെ ചേർന്നു. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ കാലശേഷം പ്രസ്തുത ദയറാ മറ്റൊരു സന്യാസ സമൂഹം ഏറ്റെടുക്കുകയും പിന്നീട് അത് അപ്രത്യക്ഷമാകുകയും ചെയ്തു.

അദ്ദേഹം വിഭാവനം ചെയ്ത പൗരസ്ത്യ സന്യാസത്തിന് പകരം പാശ്ചാത്യ സന്യാസം ഇവിടെ വേരു പിടിച്ചു,ഇൗ സഭയ്ക്ക് ഒരിക്കലും ചേരാത്ത രീതിയിൽ.അതിനെപ്പറ്റി ഇവിടെ പറയുന്നില്ല.സ്വാജാതി മെത്രാൻ ഇല്ലാതെ നമ്മുടെ സഭ നാശത്തിന്റെയും അടിമത്തത്തിന്റെയും പടുകുഴിയിൽ നിന്ന് ഒരിക്കലും കരകയറില്ല എന്ന് അദ്ദേഹം മനസ്സിലാക്കി, സമകാലീന സഭാ നേതാക്കൾ അപ്പോഴും വൈദേശിക നേതാക്കൾക്ക് ഓശാന പാടി നടന്നു.അവരുടെ ഇടയിൽ വേറിട്ട ശബ്ദമായി,നട്ടെല്ലുള്ള നസ്രാണിയായി ഒറ്റയ്ക്ക് സ്വന്തം നിലപാടുകളിൽ ഉറച്ച് നിന്ന അന്തോനി കത്തനാർ വ്യത്യസ്തനായി.സ്വജാതി മെത്രാന്മാരെ കിട്ടാൻ വേണ്ടി അദ്ദേഹം മലങ്കര പള്ളിയോഗത്തിൽ സംസാരിച്ചു.അത് നടന്നത് കുറവിലങ്ങാട് പള്ളിയുടെ പള്ളിമേടയിൽ,വിളിച്ച് ചേർത്തത് സാക്ഷാൽ നിധീരിക്കൽ മാണി കത്തനാരുടെ പിതാവ്, പനങ്കുഴ കത്തനാരുടെ അധ്യക്ഷതയിൽ.അങ്ങനെ നിധീരിക്കൽ മാണി കത്തനാരുടെ പന്ത്രണ്ടാം വയസ്സിൽ രണ്ട് മഹാന്മാർ കണ്ടുമുട്ടി,നിധീരിക്കൽ മാണി കത്തനാരും കുടക്കച്ചിറ അന്തോനി കത്തനാരും. കുടക്കച്ചിറ തുടങ്ങി വച്ചത് പിന്നീട് പൂർത്തിയാക്കിയത് നിധീരിക്കൽ മാണി കത്തനാരിലൂടെ ആയിരുന്നു എന്നതും ദൈവനിയോഗം.പ്രസ്തുത പള്ളിയോഗത്തിൽവച്ച് സ്വജാതി മെത്രാനെ കിട്ടാൻ വേണ്ടി ബാഗ്ദാദിന് പോകാൻ അദ്ദേഹം തയാറായി,

മലങ്കരയിൽ മാർ തോമ്മായുടെ പട്ടത്വം നിലനിർത്താൻ.ഇതിന്റെ പേരിൽ വരാപ്പുഴ അതിരൂപതയിലെ അധികാരികൾ അദ്ദേഹത്തെ മഹറോൻ ചൊല്ലി,അദ്ദേഹം അത് വകവയ്ച്ചില്ല.അങ്ങനെ അദ്ദേഹം സുറിയാനി പ്രതിപുരുഷൻമാരുടെ ഒപ്പുകൾ ശേഖരിച്ച് ബാഗ്ദാദിന് യാത്രയായി.കൂടെ തൊണ്ടനാട്ട്‌ അന്തോനി കത്തനാരും (പിന്നീട് മാർ അബ്ദീശോ തൊണ്ടനാട്ട്/ഇളംതോട്ടം ബാവ) ഉണ്ടായിരുന്നു.

കാൽനടയായി സഞ്ചരിച്ച് ബോംബെയിൽ എത്തിയപ്പോൾ ആദ്യത്തെ പ്രശ്നം,അധികാര കൊതിയന്മാരായ മിഷനറിമാർ അദ്ദേഹത്തെ തടഞ്ഞ് ഒപ്പുകൾ നശിപ്പിച്ചു കളഞ്ഞു. യാത്ര തുടർന്ന് 1854 ൽ കൽദായ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് ആവശ്യം ഉണർത്തിച്ചു, ഒപ്പില്ലാതെ ഉദ്ദേശം നടക്കില്ല,വീണ്ടും ഒപ്പ് ശേഖരിക്കാൻ അദ്ദേഹം തിരിച്ച് കേരളത്തിൽ 1856 ൽ വന്നു.കൽദായ പാത്രിയർക്കീസ് ഒരു കുർബാനക്കല്ലും സ്വർണ്ണ കാസയും അദ്ദേഹത്തിന് സമ്മാനിച്ചു,അടുത്ത കാലം വരെ ഇവ പ്ലാശ്ശനാൽ പള്ളിയിൽ സൂക്ഷിച്ചിരുന്നു.

കേരളത്തിൽ തിരിച്ചെത്തി ഒപ്പുകൾ വീണ്ടും ശേഖരിച്ചു. 1857 ൽ ആരംഭിച്ച രണ്ടാം ദൗത്യ യാത്രയിൽ ഇവിടെ നിന്നും ചില വൈദികരുംപതിനാല് മ്ശംശാനാമാരും കൂടെ കൂടി.പാതി വഴിയിൽ ബാഗ്ദാദിൽ വച്ച് അസുഖം ബാധിച്ച് എല്ലാവരും മരണപ്പെട്ടു.സഭയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച അദ്ദേഹം അവിടെ കബറടങ്ങി.അവരിൽ ജീവനോടെ ശേഷിച്ച വൈക്കം ഇടവകാരൻ കണിയാംപറമ്പിൽ ജോൺ കത്തനാർ മാത്രം തിരിച്ചെത്തി(1892 ൽ മരിച്ചു).അങ്ങനെ ആ ദൗത്യം അവസാനിച്ചു.എത്രയോ കാലങ്ങൾ കാത്തിരുന്നാണ് നമുക്ക് ഒരു നാട്ടു മെത്രാനെ കിട്ടിയത്.പക്ഷേ അപ്പോഴേക്കും കുടക്കച്ചിറ എന്ന പേര് എല്ലാവരും മറന്നു തുടങ്ങി.ചരിത്ര പുസ്തകങ്ങളിൽ ഒന്നോ രണ്ടോ വാക്കുകളിൽ മാത്രമായി അദ്ദേഹം ഒതുങ്ങിപ്പോയി.അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ എന്നേ നമ്മുടെ നാട്ടിൽ എത്തിയ്ക്കേണ്ടത് ആയിരുന്നു, അധികാരികൾ മനഃപൂർവം ഒഴിവാക്കി.ഇനിയും വൈകിയിട്ടില്ല.അദ്ദേഹം അർഹിക്കുന്നതുപോലെ അദ്ദേഹത്തിന്റെ ഭൗതിക ശേഷിപ്പുകൾ എത്രയും വേഗം കണ്ടെത്തി പാലായിൽ തന്നെ വീണ്ടും സംസ്കരിച്ച് അദ്ദേഹത്തെ നാം ആദരിക്കണം.നമ്മുടെ പൂർവ പിതാക്കന്മാരെ നമുക്ക് മറക്കാതിരിക്കാം.-

ഡോ. ഫെബിൻ ജോർജ് മൂക്കംതടത്തിൽ.

നിങ്ങൾ വിട്ടുപോയത്