ഇത് ഫ്രാങ്കോ അച്ചൻ. ഇന്ന് തൊണ്ണൂറു വയസ്സ് തികയുന്നു. കൊച്ചി രൂപതയിൽ വിരമിക്കുന്ന വൈദികർക്കായുള്ള ഷാലോമിൽ താമസം. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ വൈപ്പിൻകാരുടെ പ്രിയപ്പെട്ട വികാരിയച്ചനായിരുന്നു ഫ്രാങ്കോ അച്ചൻ.

ഫ്രാങ്കോ ഡി നാസറത്ത് എന്നാണ് മുഴുവൻ പേര്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടയാളാണ്. അതുകൊണ്ടു തന്നെ അച്ചൻ്റെ മലയാളം ഒരു സംഭവമാണ്! ‘എടാ തല്ലിപ്പൊളീ’ എന്നായിരുന്നു ഞങ്ങളെയൊക്കെ ഫ്രാങ്കോച്ചൻ വിളിച്ചിരുന്നത്. പ്രാർത്ഥനയുടെ മനുഷ്യൻ; കാരുണ്യത്തിൻ്റെ ആൾരൂപം!

വൈകുന്നേരമാകുമ്പോൾ തലയിൽ ഒരു കറുത്ത തൊപ്പിയണിഞ്ഞ്, കൈയിൽ ഒരു കാലൻ കുടയും തൂക്കി അച്ചൻ്റെ ഒരു നടപ്പുണ്ട്. ഇടവകാതിർത്തിയോളം നടക്കും. ഇടയ്ക്ക് പല വീടുകളിലും കയറും. ക്രൈസ്തവരെന്നോ അക്രൈസ്തവരെന്നോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല.

ആര് നീട്ടുന്ന കട്ടൻ ചായ കുടിക്കാനും മനസ്സുണ്ടായിരുന്നു. കുട്ടികളുടെ പഠനവും അവരുടെ നന്മയും ഭാവിയും എന്നും സ്വപനം കണ്ട ഒരു വൈദികൻ. അദ്ദേഹം വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളിലെല്ലാം കുട്ടികൾക്ക് ചെറുതാണെങ്കിലും ഒരു സ്കോളർഷിപ്പ് കിട്ടാവുന്ന രീതിയിൽ സ്വന്തം കൈയിൽ നിന്ന് ഒരു തുക ഡിപ്പോസിറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം വിരമിച്ചിട്ടുള്ളത്.

എൻ്റെ വൈദികസങ്കല്പങ്ങളെ ഏറെ സ്വാധീനിച്ചിട്ടുള്ള വൈദികരിൽ ഒരാളായ പ്രിയപ്പെട്ട ഫ്രാങ്കോ അച്ചന് നവതിയുടെ മംഗളങ്ങൾ സ്നേഹപൂർവം നേരുന്നു… തമ്പുരാൻ ആയുരാരോഗ്യങ്ങൾ തരട്ടെയെന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു…

ഫാ .ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്