ചിക്കാഗോ സിറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗമായ ശ്രീ ജോസ് കെ ജോർജ് മാപ്പിളപറമ്പിൽ കൽദായ കത്തോലിക്കാ സഭ കിഴക്കേ അമേരിക്ക ബിഷപ്പ് മാർ ഫ്രാൻസിസ് കലാഭാറ്റിന്റെയും അസീറിയൻ സഭ ബിഷപ്പുമാരായ പൗലോസ് ബെഞ്ചമിന്റെയും മാർ അപ്രേം നഥാനിയേലിന്റെയും സാന്നിധ്യത്തിൽ അസീറിയൻ സഭയുടെ കാതോലിക്കാ പാത്രിയർക്കീസ് മാറൻ മാർ ആവാ മൂന്നാമന് അദ്ദേഹത്തിന്റെ അമേരിക്കൻ അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മിഷിഗൺ സംസ്ഥാനത്തിലെ വാറനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള പൗരസ്ത്യ സുറിയാനി അസ്സീറിയൻ പള്ളിയിൽ വച്ച് സീറോ മലബാർ സഭയുടെ പ്രതീകമായ മാർ തോമ സ്ലീവ ഉപഹാരമായി സമ്മാനിച്ചു.

മാര്‍ തോമാ സ്ലീവ

മാര്‍ തോമാ നസ്രാണികള്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രതീകമായാണ് മാർ തോമ സ്ലീവ അറിയപ്പെട്ടിരുന്നത്. അവര്‍ വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്‍ തോമാ സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര്‍ കുരിശിന്റെ മാതൃകകള്‍ ദക്ഷിണഭാരതത്തില്‍ പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ് ഈ കല്‍ക്കുരിശുകള്‍. പല പുരാതന ക്രൈസ്തവ സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്‍ക്കനുസൃതമായ കുരിശുരൂപങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്‌ ദ്വീപുകളിലെ പുരാതന ഗേലിക് (Gaelic) കുരിശുകളും അര്‍മേനിയക്കാരുടെ ഖച്കാര്‍ (Khachkar) കുരിശും മധ്യേഷ്യയിലെ ജോര്‍ജിയന്‍ കുരിശും (Georgian cross) ഭാരതത്തിലെ മാര്‍ത്തോമ സ്ലീവയും ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്‍ ആണ്.

ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്‍ കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.

ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.

പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു. ഭാരതത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മാര്‍ തോമാ സ്ലീവാകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവിവരണവും താഴെ കൊടുത്തിരിക്കുന്നു.

മൈലാപ്പൂരിലെ അത്ഭുതസ്ലീവ

മൈലാപ്പൂരിലെ അത്ഭുതസ്ലീവ

സ്ലീവകളില്‍ ഏറ്റവും പ്രധാനമായതാണ് മൈലാപ്പൂരിലെ അത്ഭുതസ്ലീവ. പല പുരാതന ലിഖിതങ്ങളും മൈലാപ്പൂരിനെ തോമാസ്ലീഹായുടെ കബറിടസ്ഥാനമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പറങ്കി വേദപ്രചാരകര്‍ ആണ് 1547 ല്‍ ഈ കുരിശ് കണ്ടെത്തിയത്. പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്‍ വേണ്ടി ഭൂമി കുഴിച്ചപ്പോള്‍ ആണ് ഈ സ്ലീവാ കണ്ടെടുത്തത്. പലതവണ രക്തം വിയത്തത് കൊണ്ട് അത്ഭുതസ്ലീവാ എന്ന് ഇതറിയപ്പെടുന്നു. ഇന്നും മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്‍ത്താരയിലെ മുഖ്യപ്രതിഷ്ഠ ഇതാണ്.

ആലങ്ങാട് സ്ലീവ

ആലങ്ങാട് സ്ലീവ

1931 ല്‍ വഴിയരികില്‍ മറഞ്ഞുകിടന്നിരുന്നതാണ് ഈ സ്ലീവ. ഇതിനുചുറ്റും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്. നേരത്തെ പറഞ്ഞതുപോലെ സ്ലീവകളില്‍ ഏറ്റവും പഴക്കമേറിയത് ഇതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയുടെ ശാസ്ത്രീയമായ അപഗ്രഥനത്തില്‍ നിന്ന് മനസിലാകുന്നത് ഈ സ്ലീവ മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ് എന്നാണ്. ഇതിലെ ലിഖിതങ്ങള്‍ക്ക് മറ്റുള്ളവയില്‍ ഉപയോഗിച്ചിരിക്കുന്ന ലിപികളെക്കാള്‍ കൃത്യതയുള്ളതിനാല്‍ ഇതായിരിക്കാം ആദ്യത്തെ സ്ലീവാ. ഇന്ന് ഇത് ആലങ്ങാട്ടുള്ള സെന്റ്‌ മേരീസ് പള്ളിയുടെ സമീപമുള്ള കുരിശുപള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നു.

കോട്ടയം സ്ലീവ – 1

കോട്ടയം സ്ലീവ – 1

കോട്ടയം വലിയപള്ളിയില്‍ ഇത്തരം രണ്ടു സ്ലീവകള്‍ ഉണ്ട്. ഈ രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ചെറിയ സ്ലീവ കൊടുങ്ങല്ലൂരിലുള്ള പഴയ ഏതോ പള്ളിയില്‍ നിന്നും കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. ഇതിലും മറ്റുസ്ലീവകളില്‍ ഉള്ളതുപോലെ പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.

കോട്ടയം സ്ലീവ – 2

കോട്ടയം സ്ലീവ – 2

വലിയപള്ളിയിലെ രണ്ടാമത്തെ സ്ലീവ ആദ്യത്തേതിനെക്കാള്‍ വലിയതാണ്. വലിയ സ്ലീവയില്‍ പല്ലവിയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും കാണപ്പെടുന്നു. പൌരസ്ത്യ സുറിയാനി ലിഖിതങ്ങള്‍ പിന്നീട് എഴുതി ചേര്‍ക്കപ്പെട്ടതാകാം. ഈ സ്ലീവായ്ക്ക് മൈലാപ്പൂരിലെ സ്ലീവയുമായി വളരെ സാമ്യമുള്ളതിനാല്‍ അതിന്റെ ഒരു പകര്‍പ്പാണെന്നു വിശ്വസിക്കുന്നു.

കടമറ്റം സ്ലീവ

കടമറ്റം സ്ലീവ

ഈ സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്‍ പതിച്ചുവച്ചിരിക്കുന്നു. ഇതിലും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.

കോതനല്ലൂര്‍ സ്ലീവ

കോതനല്ലൂര്‍ സ്ലീവ

ഈ സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.

മുട്ടുചിറ സ്ലീവ

മുട്ടുചിറ സ്ലീവ

മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്‍ഭാഗത്ത്‌ വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന ഈ സ്ലീവ കാണാം. ഇതിലെ പല്ലവി ലിഖിതങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. പള്ളിക്ക് സമീപത്തു നിന്ന് കിട്ടിയ ശിലാഫലകത്തില്‍ ഈ സ്ലീവയുടെ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്.

ഗോവയിലെ സ്ലീവ

ഗോവയിലെ സ്ലീവ

ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്‍ക്കുരിശിന്റെ അടി തറയ്ക്കുള്ളില്‍നിന്നുമാണ് കണ്ടെടുത്തത്. ഈ സ്ലീവയും നശിപ്പിക്കപ്പെട്ടരീതിയില്‍ ആണ് കാണപ്പെട്ടത്. ഇതില്‍ പറങ്കിഭാഷയില്‍ മാര്‍തോമാനസ്രാണികളുടെ കുരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ലിയോൺ ജോസ് വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്