ജന്മദിനാശംസകൾ പ്രിയ ഡോക്ടർ! ഈ സപ്തതിയിലും അങ്ങ് കരുണയുടെ ഉറവിടമാണ്. ആ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ!

രാവിലെ മകളുടെ സ്റ്റെയ്റ്റസ് കണ്ടപ്പോൾ അവളോട് ഒത്തിരി ബഹുമാനം തോന്നി. കാരണം, ഡോ. മാത്യു തെക്കേക്കരയോട് അത്രയേറെ കടപ്പെട്ടവരാണ് എന്റെ കുടുംബം.

എനിക്കു പതിനേഴു വയസ്സുള്ളപ്പോഴാണ് ഒരു പുലർച്ചെ എന്റെ വത്സല പിതാവിന് പക്ഷാഘാതമുണ്ടാകുന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു ഞങ്ങളുടെ വീട്ടുമുറ്റത്ത് അപ്പോഴേക്കും ഒരു ബുള്ളറ്റ് ബൈക്ക് വന്നുനിന്നു. ആരോ അറിയിച്ചതനുസരിച്ചു വന്ന ഡോ. മാത്യു തെക്കേക്കര ആയിരുന്നു അത്. രണ്ടു മരബെഞ്ചുകളും ഒരു മേശയും മാത്രമായിരുന്നു അന്നു ഞങ്ങളുടെ ആ വാടക വീട്ടിലുണ്ടായിരുന്നത്. പായ വിരിച്ചു നിലത്താണ് ഞങ്ങൾ കിടന്നിരുന്നത്.

അപ്പച്ചൻ കിടന്നിരുന്ന പായയ്ക്കരികിൽ നിലത്തിരുന്നുകൊണ്ട് അപ്പച്ചനെ വിശദമായി പരിശോധിച്ചിട്ട് എഴുന്നേറ്റ ഡോക്ടർ എന്നെ മുറ്റത്തേയ്ക്ക് മാറ്റിനിറുത്തിയിട്ടു ചോദിച്ചു: പേരെന്താ ? എന്തു ചെയ്യുന്നു ? അന്ന് ഞാൻ ഒരു ഡിസൈൻ സ്റ്റുഡിയോയിൽ തുടക്കക്കാരനായിട്ടേയുണ്ടായിരുന്നുള്ളൂ. അതു പറഞ്ഞപ്പോൾ കുടുംബത്തിന്റെ ഏക വരുമാന മാർഗം അപ്പച്ചനാണെന്നും എനിക്കു ലഭിക്കുന്ന നിസ്സാര തുക യാത്രാച്ചിലവിനേ തികയൂ എന്നും അദ്ദേഹം ഊഹിച്ചുകാണണം. ഡോക്ടർ എന്നോടിങ്ങനെ പറഞ്ഞു: ഷാജിയുടെ അപ്പച്ചന് ദീർഘകാലത്തെ ചികിത്സ വേണ്ടതുണ്ട്. ഇപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാനൊക്കെ പറയുന്നവർ അങ്ങു പോകും. പിന്നെ നിങ്ങൾക്ക് ചികിത്സാചെലവ് താങ്ങാനാകില്ല. അവിടെ കൂടിയിരുന്നവരുടെ സംസാരം കേട്ടിട്ടാണ് അദ്ദേഹമത് പറഞ്ഞത്. തുടർന്ന് ഡോക്ടർ എന്നോടു പറഞ്ഞു, എന്നെ വിശ്വസിക്കാമെങ്കിൽ ഞാൻ ഷാജിയുടെ അപ്പച്ചനെ ചികിൽസിച്ചുകൊള്ളാം.

അമ്മച്ചിയോടുപോലും ആലോചിക്കാതെ ഞാൻ ആ വാഗ്‌ദാനത്തെ അംഗീകരിക്കുകയായിരുന്നു. എന്റെ മകൾ ഡോക്ടറങ്കിളിന് പിറന്നാൾ ആശംസകൾ അറിയിച്ച അവളുടെ സ്റ്റെയ്റ്റസിൽ പറഞ്ഞതുപോലെ നാലു തലമുറകളിലായി അന്നു മുതൽ എന്റെ കുടുംബ ഡോക്ടറും ആരാധ്യനുമാണ്‌ അദ്ദേഹം. ചില്ലിക്കാശു പോലും വാങ്ങാതെയാണ് നാളിതുവരെയും ഡോക്ടർ ഞങ്ങളെ ചികിൽസിക്കുന്നത്. ഇന്ന് ഞങ്ങൾക്ക് സൗജന്യം ആവശ്യമില്ലാത്ത സാഹചര്യമാണെങ്കിലും ഈ കാരുണ്യവാനുനേരെ പണം നീട്ടാനുള്ള ധൈര്യം ഇപ്പോഴും ഞങ്ങൾക്കില്ല.

ഞങ്ങളുടെ സുഖദുഃഖങ്ങളുടെ എല്ലാ സന്ദർഭങ്ങളിലും ഡോക്ടറും ടെസ്സി ചേച്ചിയും രണ്ടു മക്കളും അവരുടെ കുടുബവും എപ്പോഴും വീട്ടിലെത്താറുണ്ട്.

കവിയത്രി വിജയലക്ഷ്മിയും ബാലചന്ദ്രൻ ചുള്ളിക്കാടും ഡോക്ടറുടെ അടുത്ത സുഹൃത്തുക്കളാണ്. മുമ്പൊരിക്കൽ വിജയലക്ഷ്മി ഗൃഹലക്ഷ്മി മാസികയിൽ ഡോക്ടർ മാത്യു തെക്കേക്കര എന്ന മനുഷ്യ സ്നേഹിയെക്കുറിച്ച് ലേഖനമെഴുതിയിരുന്നു. അങ്ങനെ അനവധി പേർക്ക് പറയാനുണ്ടാകും ഡോക്റ്ററുടെ കാരുണ്യത്തിന്റെ വിശേഷങ്ങൾ.

ഡോക്ടറുടെ സ്നേഹത്തിന്റെ പാനപാത്രം എല്ലായ്പ്പോഴും കവിഞ്ഞൊഴുകട്ടെ!

Shaji Joseph Arakkal

നിങ്ങൾ വിട്ടുപോയത്