കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ദിനമാണ് എൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തുക… ഇറ്റലിയിലെ സാസ്സറി എന്ന പട്ടണത്തിലെ പാവപ്പെട്ടവർ തിങ്ങിപാർക്കുന്ന ഒരു വലിയ ഇടവകയിലാണ് ഞാൻ സേവനം ചെയ്യുന്നത്.

ഞങ്ങളുടെ ഇടവകയിൽ ഏകദേശം ആറായിരത്തോളം ഭവനങ്ങൾ ഉണ്ട്. 85 ശതമാനവും ദൈവ വിശ്വാസികൾ ആണെങ്കിലും അവരിൽ പകുതിയും വല്ലപ്പോഴും മാത്രം പള്ളിയിൽ വരുന്നവർ. വേദപാഠത്തിനായ് കുട്ടികളെ പള്ളിയുടെ മുമ്പിൽ കൊണ്ട് വിട്ടിട്ട് മാതാപിതാക്കൾ അവരുടെതായ തിരക്കുകളിലേക്ക് കടക്കും… മാതാപിതാക്കളുടെ ജീവിതത്തിൽ വിശ്വസജീവിതം ഇല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തെ വേദപാഠം കുട്ടികൾക്ക് എന്താകാൻ?

സാധാരണയായി ഇറ്റലിയിൽ ഒന്നാം ക്ലാസ്സിൽ വേദപാഠം പിടിപ്പിക്കുന്ന ടീച്ചർ തന്നെയായിരിക്കും ഏഴാം ക്ലാസ് വരെ ആ കുട്ടികളെ വേദപാഠം പഠിപ്പിക്കുക. ഏഴുവർഷത്തെ വേദപാഠക്ലാസ്സിലൂടെ ടീച്ചറും കുട്ടികളും തമ്മിൽ നല്ലൊരു ആത്മബന്ധം തന്നെ സ്ഥാപിച്ചിരിക്കും. എന്നാൽ ഞങ്ങൾ സിസ്റ്റേഴ്സ് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുന്നതുകൊണ്ട് ഇടയ്ക്കുള്ള ഏതെങ്കിലും വർഷമായിരിക്കും അതും ആദ്യകുർബാന സ്വീകരിക്കാനോ സ്ഥൈര്യലേപനം സ്വീകരിക്കാനോ ഒരുങ്ങുന്ന കുട്ടികളെ ആയിരിക്കും വേദപാഠം പഠിപ്പിക്കുക.

രണ്ടുവർഷം മുമ്പ് മറ്റൊരു സ്ഥലത്തുനിന്ന് ട്രാൻസ്ഫർ ആയി വന്നതുകൊണ്ട് അഞ്ചാം ക്ലാസുകാരെയാണ് ഞാൻ വേദപാഠം പഠിപ്പിച്ചിരുന്നത്. സ്ഥൈര്യലേപനം സ്വീകരിക്കാൻ മൂന്നുവർഷത്തെ ഏറ്റവും അടുത്ത ഒരുക്കം നടത്തണം എൻ്റെ കുട്ടികൾക്ക്. ഇടയ്ക്കുവച്ചാണ് അവർ എന്നെ പരിചയപ്പെടുന്നത് എങ്കിലും കളിയായും കാര്യമായും വളരെ പെട്ടെന്ന് തന്നെ ഞാനും കുട്ടികളും പരസ്പരം നല്ലൊരു ആത്മബന്ധം സ്ഥാപിച്ചു. പക്ഷേ കഴിഞ്ഞ ക്രിസ്മസിന് എൻ്റെ ക്ലാസ്സിലെ നാല് കുട്ടികളും അവരുടെ വീട്ടുകാരും വിശുദ്ധ കുർബാനയ്ക്ക് പങ്കെടുക്കാൻ വരാത്തത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഈ കുട്ടികളെ ക്രിസ്തുമസിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കാൻ എന്തെങ്കിലും ഒരു അനുഭവകഥ കണ്ടെത്തണം എന്ന് ഞാൻ ചിന്തിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് പൂജ രാജാക്കന്മാരുടെ തിരുന്നാളും കഴിഞ്ഞാണ് വീണ്ടും വേദപാഠം തുടങ്ങുക.

അവധിക്കാലം കഴിഞ്ഞ് പരസ്പരം കണ്ടുമുട്ടിയ സന്തോഷവും ക്രിസ്മസിന് തങ്ങൾക്ക് കിട്ടിയ സമ്മാനം എന്തൊക്കെയാണെന്നുള്ള വിവരണം ഒക്കെ കഴിഞ്ഞപ്പോൾ ക്ലാസ്സിൽ ഏറ്റവും വികൃതി കുട്ടനെ എൻ്റെ അടുത്തേക്ക് ഞാൻ വിളിച്ചു. വിക്റ്റർ എന്നായിരുന്നു അവൻ്റെ പേര്, ഞാൻ അവന്നോട് പറഞ്ഞു എനിക്ക് നിന്നോട് ഒരു അഭിപ്രായം ചോദിക്കാനുണ്ട്, സത്യസന്ധമായി നീ അതിനു മറുപടി തരണം... പെട്ടെന്ന് ക്ലാസ്സിൽ വല്ലാത്തൊരു നിശബ്ദത!! എല്ലാവരും എന്നെ തുറിച്ച് നോക്കുകയാണ്, ഈ സിസ്റ്റർക്ക് എന്തു പറ്റി അതും വിക്റ്ററിനോട് അഭിപ്രായം ചോദിക്കുന്നോ!!

ഞാൻ കുട്ടികളോട് പറഞ്ഞു വിക്റ്റർ നിങ്ങളുടെ പ്രതിനിധിയാണ് പക്ഷേ ഈ ചോദ്യം നിങ്ങൾ ഓരോരുത്തരോടുമാണ്… ഞാൻ നിങ്ങളോടും അഭിപ്രായം ചോദിക്കും, അപ്പോൾ എല്ലാവർക്കും സന്തോഷമായി. ഞാൻ തുടർന്നു: വിക്റ്റർ അടുത്ത ശനിയാഴ്ച നിൻ്റെ ബർത്ത് ഡേ ആണെന്ന് സങ്കൽപ്പിക്കുക, ബർത്ത് ഡേ പ്രമാണിച്ച് നിൻ്റെ വീട്ടിൽ വലിയൊരു വിരുന്നു നടത്തുകയാണ് നിൻ്റെ മാതാപിതാക്കൾ. നീ നിൻ്റെ കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ പാർട്ടിക്ക് വിളിച്ചിട്ടുണ്ട് ഒപ്പം എന്നെയും. ഞാൻ നിൻ്റെ ക്ഷണം സ്വീകരിച്ച് ബർത്ത് ഡേ പാർട്ടിക്ക് നിൻ്റെ വീട്ടിലെത്തി, എന്നിട്ട് അവിടെ ഉണ്ടാക്കി വച്ചിരുന്ന മധുരപലഹാരങ്ങൾ ഒക്കെ കഴിച്ച്, കൂട്ടുകാരോട് വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുകയാണ്… നീ ദൂരെ നിന്ന് ഇതെല്ലാം കാണുന്നുണ്ട്, ഞാൻ നിന്നെ വിഷ് ചെയ്യാൻ വരുമെന്ന് നീ പ്രതീക്ഷിച്ചു… പക്ഷേ ഞാൻ നിന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ നടന്നു… ഇങ്ങനത്തെ ഒരു സാഹചര്യത്തിൽ നീ എന്നോട് ഇങ്ങനെ പെരുമാറും?

ഉടനടി വിക്റ്ററിൻ്റെ മറുപടി വന്നു, ഞാൻ ഓടി വന്നിട്ട് നിൻ്റെ കുത്തിനു പിടിച്ച് പുറത്തേക്ക് തള്ളിയിട്ട് വാതിലടയ്ക്കും… അല്പം രോഷത്തോടെ ചെറിയ ഒരു ഡയലോഗും പറഞ്ഞു കൊണ്ട് അവൻ ചുറ്റുമുള്ള കൂട്ടുകാരെ നോക്കി.. അവരുടെ മുഖത്തും അതേ ഭാവം തന്നെ, ഒരേ സ്വരത്തിൽ ഞങ്ങളും വിക്റ്ററിനോട് യോജിക്കുന്നു എന്ന് അവർ പറഞ്ഞപ്പോൾ വിക്റ്ററിന് കൂടുതൽ സന്തോഷം. ഞാൻ ചെറിയ ഒരു മന്ദഹാസത്തോടെ കുട്ടികളോട് പറഞ്ഞു… വിശുദ്ധ കുർബാനയിൽ പോലും പങ്കെടുക്കാതെ ബാഹ്യമായ ആഘോഷങ്ങളിൽ വ്യാപൃതരായി ക്രിസ്തുമസ് ആഘോഷിച്ചപ്പോൾ നിങ്ങളിൽ ചിലരും ഉണ്ണിയേശുവിനോട് കാണിച്ചത് ഈ അവഗണന അല്ലേ? പെട്ടെന്ന് ക്ലാസ് മുറിയിൽ വല്ലാത്തൊരു നിശബ്ദത നിറഞ്ഞു... ഉണ്ണിയേശുവിൻ്റെ പിറന്നാളിന് ഒരു മണിക്കൂർ പോലും അവനോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ ഉണ്ണിയേശുവിനും നൊമ്പരം ഉണ്ടാകില്ലേ?

ആത്മശോധന ചെയ്യാനായി കുറേ ചോദ്യങ്ങൾ ഞാൻ അവർക്ക് കൊടുത്തു… ആഴ്ചയിൽ എത്ര മണിക്കൂർ ഉണ്ട്? എത്ര മണിക്കൂർ പഠനത്തിനായി നിങ്ങൾ നീക്കിവയ്ക്കുന്നു? എത്ര മണിക്കൂർ ഭക്ഷണം കഴിക്കാനായി നീക്കിവയ്ക്കുന്നു? എത്ര മണിക്കൂർ കളിക്കാനായി നീക്കിവെക്കുന്നു? എത്ര മണിക്കൂർ മൊബൈലിൽ ചെലവഴിക്കുന്നു? എത്ര മണിക്കൂർ ഉറങ്ങാൻ ചെലവഴിക്കുന്നു? എത്ര മണിക്കൂർ കൂട്ടുകാരോടൊപ്പം ചെലവഴിക്കുന്നു?

പിറ്റേ ആഴ്ച ക്രിസ്തുമസിന് പള്ളിയിൽ വരാതിരുന്ന ആ കുട്ടികളുടെ മാതാപിതാക്കൾ എൻ്റെ അടുത്ത് വന്നു പറഞ്ഞത് നന്ദി സിസ്റ്റർ സോണിയ, ആ കഥയിലൂടെ ഞങ്ങളുടെ വീഴ്ച്ച ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന്… കുട്ടികൾ ഞങ്ങളോട് വന്ന് എല്ലാം പറഞ്ഞിരുന്നു…

ലോകത്തിൻ്റെ ഓരോ കോണും ക്രിസ്തുമസ് ആഘോഷിക്കാനുള്ള തിരക്കിൽ ആണ്.. അന്തരിക ഒരുക്കത്തേക്കാൾ കൂടുതൽ ബാഹ്യമായ ഒരുക്കത്തിനാണ് പലരും കൂടുതൽ പ്രാധാന്യം കൊടുക്കുക… പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാനും സമ്മാനങ്ങൾ നൽകാനുമുള്ള വ്യഗ്രതയിൽ ചിലപ്പോൾ എങ്കിലും നാം ക്രിസ്തുമസിൻ്റെ യഥാർത്ഥ സത്ത മറന്ന് പോകാറുണ്ട് എന്നത് ഒത്തിരി വേദനാജനകം ആണ്..

. നാം ഓരോരുത്തർക്കും ഈ ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തു “മിസ്” ആയോ എന്ന് ഒന്ന് വിചിന്തനം ചെയ്യാം….

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു.

✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്