ജീവിതത്തിൽ പലപ്പോഴും ലോകത്തിന്റെ അധികാരത്താലും, സമ്പത്തിനാലും പ്രതിയോഗികളുടെ കരങ്ങൾ ഉയർന്ന് നിൽക്കുന്നതായി കാണുവാൻ സാധിക്കും. ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. നാം ഒരോരുത്തരുടെയും ജീവിത മേഖലകളിൽ സാത്താനിക ശക്തിയാൽ സൃഷ്ടിക്കപ്പെട്ട പ്രതിയോഗികളുടെ മേൽ ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവന്റെ കരം ഉയർന്നു നിൽക്കും. തിരുവചനം നോക്കിയാൽ പഴയനിയമത്തിലെ ജോസഫ് അതിനൊരു ഉദാഹരണമായിരുന്നു.

സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കൂടെപ്പിറപ്പിനെപ്പോലും ഒറ്റിക്കൊടുക്കാന്‍ മടിയില്ലാത്ത, കണ്ണില്‍ചോരയില്ലാത്ത സഹോദരന്മാര്ക്കുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ജോസേഫിന്റെ സഹോദരന്മാര്ക്കു ലഭിച്ച ഈ അവഗണന. ജോസേഫിനെ വിറ്റുകിട്ടിയ വെള്ളിക്കാശുകൊണ്ട് അവര്‍ എന്തു നേടി? കൊടും പട്ടിണികാരണം ഈജീപ്തിലേയ്ക്ക് ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നില്ലേ ? അവര്‍ വിറ്റുകളഞ്ഞ ജോസഫിന്റെ അടുക്കലേക്കു തന്നെ ദൈവം അവരെ വരുമാറാക്കിയില്ലേ ? സഹോദരന്മാർ കൈവിട്ടു കളഞ്ഞെങ്കിലും, സ്വര്‍ഗ്ഗത്തിലെ ദൈവം ജോസേഫിനോട് കൂടെയിരുന്നു, പിന്നീടുണ്ടായ സംഭവബഹുലമായ ജീവിത യാത്രയ്ക്കൊടുവിൽ ജോസേഫ് ഈജിപ്തിലെ രാജ്യത്തിൻ്റെ മേലധികാരിയായിത്തീർന്നു.

ബലഹീനരെയും അശക്തമായവരെയും തിരഞ്ഞെടുക്കുന്നതാണ് ദൈവത്തിന്റെ വഴികള്‍. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍ ലോകദൃഷ്ട്യാ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് ദൈവം ഇപ്രകാരം ചെയ്തത് (1 കോറിന്തോസ് 1/27-29).ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.





