Your guilt is taken away, and your sin atoned for. (Isaiah 6:7)✝️

മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. ശരീരവും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അതിന്റെതായ രീതിയിൽ ലോകത്തിൽ മാലിന്യങ്ങളെ പുറന്തള്ളാറുണ്ട്. മാലിന്യങ്ങളെ വേണ്ടരീതിയിൽ നശിപ്പിച്ചില്ലെങ്കിൽ മാനവരാശിക്ക് അപകടമാണ്. തിരുവചനം പറയുന്നത് ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന മാലിന്യം ഉണ്ട് അതിൻറെ പേരാണ് പാപം. ലോകത്തിൻറെ മാലിന്യത്തെ നീക്കാൻ മനുഷ്യൻ സാധിക്കുമെങ്കിലും പാപം എന്ന മാലിന്യത്തെ തുടച്ചുനീക്കാൻ കർത്താവിനു മാത്രമേ സാധിക്കുകയുള്ളൂ.

നമ്മുടെ ഹൃദയത്തിൽ വേരുപാകിയിരിക്കുന്ന അനാവശ്യമായുള്ളവ എല്ലാം അഗ്നിയിൽ ദഹിപ്പിച്ചും വെട്ടിയോരുക്കിയും, നമ്മുടെ എല്ലാ പ്രവർത്തികളുടെയും വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം വിശുദ്ധി ആയി മാറുമ്പോഴാണ് നമ്മൾ ഹൃദയശുദ്ധി ഉള്ളവരാകുന്നത്. ഒരല്പം പരിശ്രമിച്ചാൽ, മനുഷ്യരുടെ മുൻപിൽ നല്ലവനെന്ന് പേരെടുക്കുവാനും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാനും ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാൽ, ദൈവത്തിന്റെ പ്രകാശത്തിനു മുൻപിൽ നമ്മളുടെ പാപം വെളിപ്പെടും. ദൈവത്തെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു എന്ന് 1 യോഹന്നാൻ 1:9 ൽ പറയുന്നു
ക്രിസ്തീയ ജീവിതത്തിൽ നാം പാപത്തിൽ വീഴാം, എന്നാൽ വീണ പാപത്തിൽ തുടരരുത്. പാപം കർത്താവിനോട് ഏറ്റു പറഞ്ഞ് പാപത്തിൽ നിന്ന് മോചനം നേടുക. ലോകം വച്ചുനീട്ടുന്ന മാനുഷിക പ്രലോഭനങ്ങളോടുള്ള താൽപര്യം മനുഷ്യനിൽ ജൻമസിദ്ധമാണ്. നമ്മളിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായആൽമീയ കൃപകൾ നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. പാപത്തിൽ വീഴാതെ നാം ഒരോരുത്തർക്കും പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.









