പന്ത്രണ്ടു വർഷമായി രക്തസ്രാവം എന്ന രോഗത്തിന്റെ അടിമയായിരുന്ന ആ സ്തീയുടെ ദുരിതം കേവലം ശാരീരികം മാത്രമല്ലായിരുന്നു. മോശയുടെ നിയമമനുസരിച്ച് രക്തസ്രാവമുള്ള സ്ത്രീകൾ ആചാരപരമായി അശുദ്ധരായിരുന്നു. ഒട്ടേറെക്കാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും നിരാശയാകാതെ തന്റെ രോഗത്തിൽനിന്നും മോചനം അവൾ അന്വേഷിച്ചുകൊണ്ടിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടമായിട്ടും സ്വയം വെറുക്കുവാനവൾ തയ്യാറായില്ല. പലപ്പോഴും നമ്മൾ പരാജയപ്പെടുന്ന ഒരു മേഖലയാണിത്. പരിഹാരം തേടിനടന്ന് കുറേക്കാലം കഴിഞ്ഞും അത് ലഭിക്കാതെ വരുന്പോൾ, ഇനി എനിക്കീ ദുരിതത്തിൽനിന്നും മോചനമില്ല എന്ന് കരുതി അന്വേഷണം നിറുത്തുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ ഇടയിൽ. രോഗത്തിൽനിന്നും മോചനം തേടി അലയുന്നതിടയിൽ എപ്പോഴോ ആ സ്ത്രീ യേശുവിനെക്കുറിച്ച് കേട്ടു.

യേശുവിനു തന്നെയും സുഖപ്പെടുത്താനാവും എന്നവൾ വിശ്വസിച്ചു. ഏതു വിധേനയും യേശുവിന്റെ അടുത്തൊന്ന് എത്തിപ്പെടാനായി അവൾ ശ്രമിച്ചുകൊണ്ടിരുന്നു. നമ്മൾ പരാജയപ്പെടുന്ന മറ്റൊരു മേഖലയാണിത്. ഒന്നുകിൽ, യേശുവിനു നമ്മെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമുക്ക് സാധിക്കാറില്ല. അല്ലെങ്കിൽ, എന്തു ത്യാഗം സഹിച്ചാണെങ്കിലും ദൈവസന്നിധിയിൽ എത്തിപ്പെടാനുള്ള വൈമനസ്യം. എന്നാൽ, “ദൈവസന്നിധിയിൽ ശരണംപ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം” (ഹെബ്രായർ 11:6). അതിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകണം.

ഇളക്കമില്ലാത്ത വിശ്വാസത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് യേശുവിന്റെ വസ്ത്രത്തിൽ ഒന്നു സ്പർശിക്കുക മാത്രമാണ് ആ സ്ത്രീ ചെയ്തത്. “തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു”. വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല. ഏറെക്കാലമായി പരിഹാരം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നത്തിനുടമയാണോ നിങ്ങളിന്ന്? പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

Phone 9446329343

നിങ്ങൾ വിട്ടുപോയത്