“You will not weep. Mercifully, he will take pity on you (Isaiah 30:19) ✝️
ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്. സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം
പ്രസ്തുത വചനം പ്രതിപാദിക്കുന്നത് ഇസ്രായേൽ ജനത്തിന്റെ കണ്ണുനീരിനെ ആണ്. ഇസ്രായേൽ ജനതയെ നോക്കിയും, നമ്മളെയും നോക്കി കർത്താവ് പറയുന്നു നമ്മളുടെ കണ്ണുനീര് ഒപ്പും എന്ന്. മരുഭൂമിയുടെ മണൽപ്പരപ്പിൽ മകനെ കിടത്തി മാറി നിന്ന് മാറത്തടിച്ചു കരഞ്ഞ ഒരു ഹാഗാറുണ്ട്. നിലവിളിച്ച ഹാഗാറിനു വേണ്ടി മരുഭൂമിയിൽ തെളിനീർ ഒരുക്കിയവനാണ് ദൈവം. തിരുവചനത്തിൽ എനിക്കൊരു മകനെ തരികയില്ലയോ എന്നു പറഞ്ഞു കരഞ്ഞ ഒരു ഹന്നയുണ്ട്. ഹന്നയ്ക്കു താരാട്ടു പാടിയുറക്കാൻ ഒരു കുഞ്ഞിനെ നൽകിയവനാണ് ദൈവം. പത്മോസിന്റെ ഒറ്റപ്പെടലിൽ വേദനിച്ച യോഹന്നാനെ സ്വർണ്ണ സ്പടിക തുല്യമായ സ്വർഗ്ഗം കാട്ടിക്കൊടുത്തവനാണ് നമ്മുടെ ദൈവം. മരിച്ച ലാസറിന്റെ പ്രതീക്ഷയറ്റ സഹോദരങ്ങളൾക്ക് ലാസറിന് പുതുജീവൻ നൽകി ലാസറിന്റെ സഹോദങ്ങളുടെ കണ്ണുനീര് ഒപ്പിയവനാണ് നമ്മുടെ ദൈവം
ദൈവം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയാണ്’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. തന്റെ വചനമായ ബൈബിളിലൂടെയും പ്രാർഥനയെന്ന ഉപാധിയിലൂടെയുമാണ് മുഖ്യമായും കർത്താവ് ചെയ്യുന്നത്. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്നപക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ അവൻ നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിൻറെ അടുത്ത് ചെല്ലുന്ന എല്ലാവരെയുംദൈവം പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.