For you have been to me a fortress and a refuge in the day of my distress.”
(Psalm 59:16) ✝️
സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. സഹനങ്ങളിൽനിന്നും മോചനത്തിനായി ദൈവസന്നിധിയെ ശരണം വയ്ക്കുന്നവരോടാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ സംസാരിക്കുന്നത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ് യേശു പറയുന്നത്
ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്ന ഒട്ടനവധിപേരുടെ ഒരു തെറ്റിദ്ധാരണ ദൈവം നമ്മുടെ സഹനങ്ങളെയെല്ലാം എടുത്തുമാറ്റി യാതൊരു വേദനകളും ഇല്ലാത്ത ഒരു ജീവിതം തന്നു നമ്മെ അനുഗ്രഹിക്കുമെന്നാണ് എന്നാണ് പല വ്യക്തികളും കരുതുന്നത്. എന്നാൽ യാതൊരു ഭാരങ്ങളുമില്ലാത്ത ഒരു ജീവിതത്തിലേക്കല്ല ഈശോ നമ്മെ വിളിക്കുന്നത്, കഷ്ടതയിൽ കൂടിയും, മരണത്തിന്റെ താഴ്വരയിൽ കൂടി കടന്നു പോകുമ്പോളും ആശ്വാസം നൽകി നമ്മളെ കരുതുന്ന ദൈവം നമ്മൾക്ക് സമീപസ്ഥനായി നമ്മുടെ അരികിൽ ഉണ്ട്. കഷ്ടതയിലൂടെ പോകുന്ന സമയം ആയിരിക്കാം ദൈവ പ്രവർത്തികളുടെ സമയം. അതിനാൽ കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ സന്തോഷിക്കുവാൻ കഴിയട്ടെ
നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം അഭിമാനിക്കണം. കഷ്ടത ഇല്ല അനുഗ്രഹം മാത്രമേ ക്രിസ്തിയ ജീവിതത്തിൽ ഉണ്ടാകു എന്ന് പഠിപ്പിക്കുന്ന ഉപദേശങ്ങളിൽ നാം വീണു പോകരുത്. അതേ സമയം അനുഗ്രഹം തെറ്റല്ല മറിച്ചു കഷ്ടതയിലൂടെ ഉള്ള അനുഗ്രഹം ശ്രേഷ്ഠത തന്നെ ആണ്. ദൈവ വചനത്തിൽ തന്നെ അനേക ഭക്തന്മാരുടെ ജീവിതം എടുത്തു പരിശോധിച്ചാൽ കഷ്ടത അവർക്കു അനുഗ്രഹമായി തീർന്നു എന്ന സാക്ഷ്യങ്ങൾ കാണുവാൻ കഴിയുന്നു, കാരണം കഷ്ടതയിൽ അവർക്ക് കർത്താവിന്റെ അഭയം അനുഭവിക്കാൻ സാധിച്ചു. നാം ഓരോരുത്തർക്കും ഏതു പ്രതിസന്ധിയിലും കർത്താവിൽ അഭയം പ്രാപിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.