ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ് ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ് കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചത്.
സ്നേഹിക്കപ്പെടുക എന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവും അവകാശവുമായി തോന്നാമെങ്കിലും, ഇന്നത്തെ വചനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ സ്നേഹത്തെക്കുറിച്ച് ദൈവത്തിന്റെ മറ്റൊരു കാഴ്ചപ്പാടാണ് നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. “നാം അവിടുത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയക്കുകയുംചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാൻ 4:10). സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം.
ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് എന്താണ് സ്നേഹം എന്നു നമ്മൾ അറിഞ്ഞത്. “ദൈവം സ്നേഹമാണ്” (1 യോഹന്നാൻ 4:8) എന്ന തിരിച്ചറിവോടെ ദൈവസ്നേഹത്തിനായി ഹൃദയങ്ങളെ തുറന്നുകൊടുക്കുന്നവരിലേക്ക് അവിടുന്ന് തന്റെ പരിശുദ്ധാത്മാവിലൂടെ സ്നേഹം ചൊരിയുന്നു. മനുഷ്യർ നമ്മെ സ്നേഹിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്ന അവസരങ്ങളിലെല്ലാം മനുഷ്യരെ സ്നേഹിക്കാൻ നമുക്ക് ശ്രമിക്കാം, അതിനായി നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. നാം ഓരോരുത്തരുടെയും പ്രവർത്തികൾ സ്നേഹത്തിൽ വേരുപാകി ഉറയ്ക്കാനുള്ള ദൈവ കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.