ഒരു സ്ഥലത്ത് ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കന്യാസ്ത്രിയോട് അക്രൈസ്തവനായ എഞ്ചിനീയർ ചോദിച്ചു:”വരാന്തകളിൽ നിങ്ങൾ പ്രതിമകൾ വയ്ക്കുന്നത് എന്തിനാണ്? ആവശ്യമുള്ളവർ പള്ളിയിൽ പോയി പ്രാർത്ഥിക്കുമല്ലോ? രൂപങ്ങൾ വയ്ക്കുന്നത് ഒഴിവാക്കിയാൽ അത്രയും സ്ഥലം കൂടി ലാഭിക്കാം.”

“അതൊന്നും താങ്കൾക്കിപ്പോൾ മനസിലാകില്ല. രൂപങ്ങൾ വയ്ക്കാനുള്ള സ്ഥലം ഉൾപ്പെടുത്തി പ്ലാൻ വരയ്ക്കൂ… ഞാൻ അതെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.”അങ്ങനെയായിരുന്നു സിസ്റ്ററിന്റെ മറുപടി.

വർഷങ്ങൾ കഴിഞ്ഞു. മുമ്പ് സൂചിപ്പിച്ച എഞ്ചിനീയറുടെ ഭാര്യയെ ഇതേ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചു. ലേബർ റൂമിന് പുറത്ത് വരാന്തയിൽ ഇരിക്കുയായിരുന്ന ഭർത്താവിനോട് ഡോക്ടർ പറഞ്ഞു:“അല്പം കോംപ്ലിക്കേറ്റഡാണ്… കുഞ്ഞ് തിരിഞ്ഞു വരുന്നില്ല. അവൾക്കാണെങ്കിൽ ബി.പി. വേരിയേഷനുമുണ്ട്. നന്നായ് പ്രാർത്ഥിച്ചോളൂ….”

പെട്ടന്നാണ് അയാളുടെ ശ്രദ്ധയിൽ കരങ്ങൾ വിരിച്ചു പിടിച്ചിരിക്കുന്ന ക്രിസ്തുവിന്റെ രൂപം ശ്രദ്ധയിൽപ്പെട്ടത്. അയാൾ ആ രൂപത്തിന്നരികിൽ ചെന്നു. കണ്ണീരൊഴുക്കി….പണ്ടൊരിക്കൽ വരാന്തയിൽ തിരുസ്വരൂപം വയ്ക്കുന്നതിന്നെതിരെ പറഞ്ഞതും അപ്പോഴുള്ള സിസ്റ്ററിന്റെ മറുപടിയും അയാളുടെ മനസിൽ മിന്നിമറഞ്ഞു…

കുറച്ചു സമയം കഴിഞ്ഞപ്പോൾലേബർ റൂമിൽ നിന്നും വിളി വന്നു.”താങ്കളുടെ ഭാര്യ പ്രസവിച്ചു… പെൺകുഞ്ഞ്!”

തിരുസ്വരൂപങ്ങളും കുരിശു പള്ളികളും കപ്പേളകളുമൊക്കെ എന്തിനാണെന്ന് ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിരിക്കാം. ചില പ്രതിസന്ധികളിൽ അകപ്പെട്ടു കഴിയുമ്പോൾ നമ്മെ ദൈവത്തിലേയ്ക്കടുപ്പിക്കാനും കൂട്ടിനൊരു ദൈവമുണ്ടെന്ന് ഓർമപ്പെടുത്താനും ഇവയ്ക്ക് കഴിയുമെന്ന് തിരിച്ചറിയുക.

ക്രിസ്തുവിന്റെ വാക്കുകൾ മനസിൽ സൂക്ഷിക്കാം:”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.”(മത്തായി 11 : 28)

ആൾക്കൂട്ടത്തിനിടയിൽ ചിലപ്പോൾ നമ്മൾ തനിയെ ആയിപ്പോകാറില്ലേ?മനസു തുറക്കാനും ഭാരം ഇറക്കി വയ്ക്കാനും ഒരു അത്താണി അപ്പോൾ നമ്മൾ അന്വേഷിക്കും. പോക്കറ്റിലെ ജപമാലയുടെയും ഭിത്തിയിലെ ക്രൂശിത രൂപത്തിന്റെയുംവരാന്തയിലെ തിരുസ്വരൂപത്തിന്റെയുംവഴിയോരത്തെ കുരിശു പള്ളിയുടെയുമെല്ലാം പ്രാധാന്യമെന്തെന്ന് നമുക്കന്ന് മനസിലാകും.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്