ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ നൻമയുള്ളവനായി മാറുന്നത്. ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചു തിരുമുഖം ദർശിക്കുവാൻ നമ്മെ നൻമയുള്ളവരാക്കി തീർക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലൂടെയും ഞെരുക്കങ്ങളിലൂടെയും എല്ലാം ദൈവത്തിനു നമ്മെ നൻമയുള്ളവരാകാൻ സാധിക്കും. ഇതു മനസ്സിലാക്കി, നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും ദൈവമഹത്വത്തിനായി സമർപ്പിക്കുവാൻ തയ്യാറാകുകയാണ് നമ്മൾ ചെയ്യേണ്ട കാര്യം.
നന്മയോ തിന്മയോ പിന്തുടരുവാൻ എല്ലാ സ്വാതന്ത്ര്യവും ദൈവം മനുഷ്യന് നൽകിയിട്ടുണ്ട്. എന്നാൽ ദൈവഹിതം നാം എന്നും നന്മയെ പിന്തുടരണം എന്നാണ്. നന്മ ചെയ്യുന്നതിനായി സാത്താനോടും ദുഷ്ടലോകത്തോടും നമുക്കു ശക്തമായ ഒരു ‘പോരാട്ടമുണ്ട്. നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത് ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും. ഒന്നാമതായി നന്മ ചെയ്യുമ്പോൾ ദൈവത്തിൻറെ ദാനമായ സ്വർഗീയ നിത്യജീവൻ അവകാശമായി ലഭിക്കുന്നു. അതുപോലെ നന്മ ചെയ്യുമ്പോൾ സന്തോഷവും സമാധാനവും ലഭിക്കുന്നു. നൻമ ചെയ്യുമ്പോൾ തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്നു എന്ന് തിരുവചനം പറയുന്നു
നാം ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവർക്ക് നന്മയുടെ വഴികാട്ടികൾ ആകണ്ടവരാണ്… എന്നാൽ നമുക്ക് അതിനു കഴിയുന്നുണ്ടോ?വ്യക്തി ജീവിതത്തിൽ ആയാലും സമൂഹത്തിൽ ആയാലും നാം മറ്റുള്ളവരെ വഴി തെറ്റിക്കുന്നവരാകാതെ നൻമയുടെ നേരായ വഴികാട്ടുന്നവരായി മാറാം.നമ്മിൽ പലർക്കും കഠിനമാണ് ‘തിന്മയ്ക്കു പകരം നന്മ ചെയ്യുക’ എന്ന പ്രമാണം. പക്ഷെ, യഥാർത്ഥത്തിൽ ജയിക്കുന്നത് ഈ പ്രമാണം പാലിക്കുന്നവരാണ്. ദൈവമേ, ജീവിതത്തിൽ വരുന്ന തിന്മകൾക്ക് പകരം നന്മ ചെയ്യുവാൻ തക്കവണ്ണം എന്റെ മനസ്സിനെ രൂപാന്തരപ്പെടുത്തേണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.