കർത്താവിന്റെ അടുക്കൽ ചെല്ലുന്നവനെ കർത്താവ് തള്ളിക്കളയാറില്ല, പകരം അവനെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ലോകം മനുഷ്യനെ ചേർത്ത് പിടിക്കുന്നത്, സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചാണ്, എന്നാൽ കർത്താവ് നമ്മെ ചേർത്ത് പിടിക്കുന്നത് നമ്മളുടെ കുറവുകൾ നോക്കിയാണ്. ഏശയ്യ 1 :18 ൽ പറയുന്നു, കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും. ഭൂമിയിൽ ജീവിച്ചു മരിക്കുന്ന ഒരാൾ പോലും നരകത്തിൽ പോകരുത് എന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്.
വഴിതെറ്റിപ്പോയവരെയും തള്ളിക്കളയാതെ അന്വേഷിച്ച് പിന്തുടരുന്ന ദൈവത്തിന്റെ സമീപനം അൽഭുതകരമാണ്. ദൈവകൽപന നിരസിച്ച യോനായ്ക്ക് പകരം മറ്റൊരാളെ ദൈവത്തിന് നിഷ്പ്രയാസം കണ്ടെത്താമായിരുന്നു., പക്ഷേ കർത്താവ് ക്ഷമാപൂർവ്വം പിന്തുടർന്നു ദൈവിക പദ്ധതിയിലേയ്ക്ക് മടക്കി കൊണ്ടുവന്നു. ദൈവിക പദ്ധതികൾ ഉപേക്ഷിച്ച് വീണ്ടും മീൻപിടുത്തത്തിന് പോയ ശിഷ്യൻമാരെ പിൻതുടർന്ന് ധൈര്യപ്പെടുത്തി. അതിനാൽ ദൈവ കൃപയിൽ അഭയം തേടുക; അടുത്ത നിമിഷം നാം മരിക്കുമോ എന്ന് നമ്മൾക്കറിയില്ല. പാപികളായ മറ്റുള്ളവരെയും ദൈവ കൃപയിലേയ്ക്ക് ആകർഷിച്ചു കൊണ്ടുവരിക, .
വിലയേറിയ ഒരു സ്വർണ്ണമാല ദുർഗന്ധം വമിക്കുന്ന അഴുക്കിൽ വീണുപോയാൽ, ആ സ്വർണ്ണമാല തിരിച്ചെടുക്കാൻ ശ്രമിക്കാത്ത ആരുണ്ട്? ആ അഴുക്കിനെ നിങ്ങൾ വെറുക്കുന്നുവെങ്കിലും അതിൽ വീണുകിടക്കുന്ന വസ്തുവിനെ നിങ്ങൾ സ്നേഹിക്കുന്നു. പാപമാകുന്ന അഴുക്കിൽ വീണുകിടക്കുന്ന ഒരു പാപിയെ ഈശോ എത്രയോ അധികമായി വിലമതിക്കുന്നു! അതിനാൽ പാപത്തെ വെറുക്കുക; പാപിയെ സ്നേഹിക്കുക. പാപിയെ വെറുക്കുന്നത് ഈശോയുടെ വഴിയല്ല. നാം ഒരോരുത്തർക്കും തള്ളിക്കളയാത്ത കർത്താവിന്റെ തിരുമുമ്പിലേയ്ക്ക് ധൈര്യത്തോടെ കടന്ന് ചെല്ലാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.