യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവരാണു ദൈവത്തിന്റെ മക്കൾ. ദൈവമക്കൾക്കല്ലാതെ മറ്റാർക്കും ലോകത്തെ ജയിക്കുവാൻ സാധിക്കുകയില്ല. നാം ഓരോരുത്തർക്കും ദൈവത്തിന്റെ ആൽമാവിനാൽ മാത്രമേ യേശു ദൈവപുത്രനാണെന്നു പറയുവാൻ സാധിക്കുകയുള്ളു. പ്രതികൂലസാഹചര്യങ്ങളിലും പരീക്ഷണവേളകളിലും ദൈവത്തിൽ ആശ്രയിച്ചിട്ട്, ആ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാത്തതുമൂലം ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയ ധാരാളംപേരുണ്ട് നമ്മുടെ ഇടയിൽ. ഇവിടെയെല്ലാം നമ്മുടെ തെറ്റ്, നമ്മൾ വിശ്വാസത്തെയും ദൈവത്തിന്റെ ശക്തിയെയും ഒക്കെ വിലയിരുത്തുന്നത് വ്യക്തിപരമായ സാഹചര്യങ്ങളിലൂടെയാണ് എന്നതാണ്.
ചില കാര്യങ്ങൾ നമ്മൾ ചെയ്യുകയും, നമുക്ക് സാധിക്കാത്ത, അല്ലെങ്കിൽ ശ്രമിച്ചു പരാജയപ്പെട്ട, കാര്യങ്ങൾ ദൈവം ചെയ്യുകയും ചെയ്യുന്ന ഒരു ചിന്താധാര ക്രിസ്തീയ വിശ്വാസത്തിന് അനുയോജ്യമായതല്ല. നമ്മുടെ ഏതാനും ചില ആവശ്യങ്ങളിൽ ദൈവം ഇടപെടും എന്നതായിരിക്കരുത് നാം ദൈവത്തിലർപ്പിക്കുന്ന പ്രത്യാശ; നമ്മുടെ എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ കാരുണ്യം തേടാൻ നമുക്കാവണം എങ്കിൽ മാത്രമേ ദൈവമക്കൾ എന്ന നിലയിൽ ലോകത്തെ ജയിക്കുവാൻ സാധിക്കുകയുള്ളു. തങ്ങളുടെ ജീവിതങ്ങളെ പൂർണ്ണമായും ദൈവത്തിനു വിട്ടുകൊടുത്ത്, അവിടുത്തെ പ്രവർത്തികളിൽ സഹപ്രവർത്തകരാകാനുള്ള കൃപയ്ക്ക് വേണ്ടിയാണ് ശിഷ്യന്മാർ പ്രാർത്ഥിച്ചത്.
ലോകത്തിൽ പല യോദ്ധാക്കളും ലോകത്തെ ജയിച്ചത്, യുദ്ധങ്ങളിലൂടെയും, രക്ത ചൊരിച്ചിലും കൂടെ ആയിരുന്നു, എന്നാൽ ആ ജയങ്ങൾ എല്ലാം ക്ഷണികളായിരുന്നു. ദൈവമക്കളായ നാം ലോകത്തെ ജയിക്കേണ്ടത് സ്നേഹത്തിലും, കരുണയിലൂടെയും, പരിശുദ്ധാൻമാവിന്റെ ശക്തിയാലും, ക്ഷമയിലൂടെയും, ദൈവചനത്താലും, ദൈവക്യപയാലും ആയിരിക്കണം. നാം ഓരോരുത്തർക്കും പാപത്തിൽ നിന്ന് ലോകത്തെ ജയിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ