സമൂഹത്തിൽ മതവിദ്വേഷവും തീവ്രവാദ ആശയങ്ങളും കുത്തിവയ്ക്കുന്ന ഒരു വിവാദ പുസ്തകം നിരോധിക്കണമെന്ന കേരളത്തിലെ രണ്ടു പോലീസ് മേധാവികളുടെ ആവർത്തിച്ചുള്ള നിർദേശം അവസാനം ഒരു വിദഗ്ധസമിതിയുടെ പഠനത്തിനു വിടാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൗതുകകരം സമിതിയുടെ കാലാവധി നിർണയിച്ചിട്ടില്ല എന്നുള്ളതാണ്.
അതായത് അടുത്തകാലത്തൊന്നും ഇതു സംബന്ധിച്ച തീരുമാനം എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യാഖ്യാനിക്കാവുന്ന വിധമാണ് ഉത്തരവ്. പിന്നെന്തിന് ഉത്തരവ് ഇറക്കി എന്ന് ചോദിച്ചാൽ വേറെ ഉന്നത തലങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വല്ലതും വന്നാൽ സർക്കാരിനു പിടിച്ചുനിൽക്കാനുള്ള തന്ത്രം എന്നു കരുതാനാണു ന്യായം.
വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ
വിവാദ പുസ്തകത്തിന്റെ പേര് “വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ’. ഇബൻ നുഹാസ് എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഇമാം അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്ക്വി അൽ ദുമയന്തി 1411 ൽ രചിച്ച മഷാറി അൽ അഷ്വാക് ഇലാ മസാരി അൽ ഉഷാക് എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്ന ഈ മതപുസ്തകം. പണ്ഡിതൻ എന്നതുപോലെ മുജാഹിദും ആയിരുന്നു ഇമാം നുഹാസ്.
റോമൻ സൈന്യവുമായുള്ള പോരാട്ടത്തിൽ 1411 ൽ കൊല്ലപ്പെട്ട പോരാളിയാണ്. 20ാം നൂറ്റാണ്ടിൽ ജിഹാദി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ച ഷെയ്ക്ക് അബദുള്ള അസാം ജിഹാദിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥമായാണ് ഇതിനെ ചിത്രികരിക്കുന്നത്. പുസ്തകത്തിന്റെ മലയാള വിവർത്തകൻ ആരാണെന്നത് ഇപ്പോഴും നിഗൂഢമാണ്.
ദേശദ്രോഹപരവും മതതീവ്രവാദപരവും ആയ ഉള്ളടക്കങ്ങൾ ഉള്ള, മതവിദ്വേഷം പരത്തുന്ന ഈ പുസ്തകം യുവാക്കളെ വഴിതെറ്റിക്കുമെന്നും തീവ്രവാദി സംഘടനകളിൽ ചേരാൻ സഹായിക്കുമെന്നുമാണ് പോലീസ് കരുതുന്നത്.
ബെഹ്റയും അനിൽ കാന്തും
തീവ്രവാദ പ്രസ്ഥാനങ്ങൾ കേരളത്തിൽ ശക്തമാകുന്നതുകണ്ട പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റാ 2020 ഡിസംബർ 23 ന് സർക്കാരിനോട് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ശിപാർശ സമർപ്പിച്ചതല്ലാതെ ഫോളോ അപ്പ് ഒന്നും നടത്തിയതായി സൂചനയില്ല. ഇത്രയും ഗുരുതരമായ വിഷയത്തിലുള്ള ശിപാർശ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തതും ഇല്ല.
ആ സാഹചര്യത്തിലാണ് 2021 ജൂലൈ 21 ന് ഇപ്പോഴത്തെ പോലീസ് മേധാവി അനിൽ കാന്തും ശിപാർശ ആവർത്തിച്ചത്. കേരളത്തിൽ നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ ബലപ്പെട്ടതോടെ സർക്കാർ അനങ്ങി.
2021 സെപ്റ്റംബർ 25 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഇതേക്കുറിച്ചു പഠിക്കാൻ സംസ്ഥാനസർക്കാറിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ഇന്റേണൽ സെക്യുരിറ്റിക്കുള്ള പോലീസ് ഐജി ജി. സ്പർജൻകുമാർ, മുഖ്യമന്ത്രിയുടെ മുൻ നിയമോപദേഷ്ടാവും നിയമ വിദഗ്ധനുമായ എൻ.കെ. ജയകുമാർ എന്നിവർ അംഗങ്ങളായ ഒരു വിദഗ്ധസമിതിയോട് ഡിജിപിമാരുടെ നിർദേശത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
ഇവരിൽ ജയകുമാർ ഒഴികെയുള്ളവർ ഒൗദ്യോഗികമായാണ് പദവി വഹിക്കുന്നത്. അതായത് അവർ മാറി പകരം വരുന്ന ആളിനും സമിതിയിൽ തുടരാനാവും. രണ്ടു പോലീസ് മേധാവികൾ ഒന്നുപോലെ ശിപാർശ ചെയ്തിട്ടും സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖം രക്ഷിക്കുന്നു.
തീ തുപ്പുന്ന പുസ്തകങ്ങൾ
കേരളാ പോലീസ് 2013 ഒക്ടോബറിലും മതപരമായ വിദ്വേഷം പരത്തുന്ന പുസ്തകങ്ങൾ നിരോധിക്കണമെന്ന് ഇത്തരത്തിൽ ഒരു നിർദേശം സർക്കാരിനു സമർപ്പിച്ചിരുന്നു. പ്രസാധകരെ പോലീസ് റെയ്ഡ് ചെയ്തു വിവാദപരമായ പുസ്തകങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ശിപാർശ.
അക്കാലത്ത് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ കാഷ്മീരിലേക്ക് തീവ്രവാദികളെ തെരഞ്ഞെടുത്ത സംഭവം, കോഴിക്കോട്ട് നടന്ന ഇരട്ട ബോംബ് സ്ഫോടനം, പ്രഫ. ജോസഫിന്റെ കൈവെട്ട് തുടങ്ങിയവയ്ക്കെല്ലാം പ്രേരണയായത് ഈ പുസ്തകങ്ങളാണെന്ന് പോലീസ് വിലയിരുത്തി.
2013 സെപ്റ്റംബർ നാലിന് പോലീസ് തിരൂരങ്ങാടിയിലെ ഒരു ബുക്ക് സ്റ്റാൾ റെയ്ഡ് ചെയ്ത് ദാവത്തും ജിഹാദും എന്ന പുസ്തകം പിടിച്ചെടുത്തിരുന്നു. ഖുറാൻ ദുർവ്യാഖ്യാനം ചെയ്ത് യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം എന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രസാധകനും വിതരണക്കാരനും എതിരേ കേസും എടുത്തു. ഇത്തരം എത്ര പുസ്തകങ്ങൾ സമുഹത്തിൽ പ്രചരിക്കുന്നുണ്ട് എന്നതും അന്വേഷിക്കേണ്ടതാണ്
നേതാക്കൾ പ്രതികരിക്കണം
ക്രൈസ്തവ സഭ പ്രസിദ്ധികരിച്ച ഒരു മതബോധന ഉപപാഠപുസ്തകത്തിൽ ഇസ്ലാമിന് വിഷമമുണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നുപറഞ്ഞ് താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി പുസ്തകം തത്കാലത്തേക്കു വിതരണം ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് സഭാധികാരികളെ നയിച്ച മുസ്ലിം പണ്ഡിതന്മാർക്കും എം.കെ. മുനീറിനെപ്പോലെ അതിനു മുൻകൈ എടുത്തവർക്കും ഇത്തരം പുസ്തകങ്ങൾ വിതരണം ചെയ്യുന്ന തീവ്രവാദികളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
തീ തുപ്പുന്ന പുസ്തകങ്ങളും രേഖകളും ഒരു കൂട്ടർ വിതരണം ചെയ്യുന്നു. അതേക്കുറിച്ച് പരാതി ലഭിച്ചാൽ പോലീസോ അവർ വളരെ വിഷമിച്ച് ശിപാർശ ചെയ്താൽ സർക്കാരോ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് യഥാർഥ്യം. അതാണ് മറ്റു മതസ്ഥരിൽ സംശയവും ആശങ്കയും വളർത്തുന്നതും.
ഈ ചതിയുടെ പേര് എന്ത്?
മലപ്പുറത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളെ മയക്കുമരുന്നു കൊടുത്ത് ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പെണ്കുട്ടിയുടെ ചിത്രം കാട്ടി മതംമാറ്റത്തിനും വിവാഹത്തിനും നിർബന്ധിക്കുകയും ചെയ്തതിനു മൂന്നു മുസ്ലിം യുവാക്കളെ അടുത്ത ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ ജാവിദ്, 24 കാരനായ ഷെറിഫ്, 22 കാരനായ മൂഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന കഥ അനുസരിച്ച് സംഭവം ഏതാണ്ട് ഇങ്ങനെയാണ്:
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി ഉണ്ടാക്കിയ പരിചയം മയക്കുമരുന്ന് ഉപയോഗത്തിലേക്ക്് നയിച്ചു. പെണ്കുട്ടിക്ക് മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാനാവാത്ത നില വന്നപ്പോൾ പ്രതികൾ മയക്കുമരുന്നു കൊടുക്കാതെയായി. പെൺകുട്ടിയെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനാകുമെന്ന് അവർക്കറിയാം. അങ്ങനെ പെണ്കുട്ടി അവരുടെ കെണിയിലെത്തി.
അവരുടെ വാഹനത്തിൽ കരിപ്പൂരിനടുത്ത് ഒരു സ്വകാര്യ ഹോട്ടലിൽ എത്തിച്ചു. മയക്കു മുരുന്ന് കഴിച്ച് തളർന്ന പെണ്കുട്ടിയെ അവർ പീഡിപ്പിച്ചു. അവളുടെ ഫോട്ടോ പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി അവളെ മതം മാറാനും അവരെ വിവാഹം കഴിക്കാനും നിർബന്ധിക്കുകയായി. എന്നാൽ പോലീസിൽ പരാതിപ്പെടാൻ കുട്ടിയും പോലീസ് ഉദ്യോഗസ്ഥനായ കുട്ടിയുടെ പിതാവും തന്റേടം കാണിച്ചു. ഏതായാലും പോലീസിന് നടപടി എടുക്കേണ്ടി വന്നു.
മയക്കുമരുന്നു കൊടുക്കുന്നതും പീഡിപ്പിക്കുന്നതും ക്രിമിനലുകളുടെ ഹീനകൃത്യമായി കരുതിയാൽ പോലും അതിന്റെ ചിത്രങ്ങളെടുത്തു മതം മാറ്റത്തിനും വിവാഹത്തിനും നിർബന്ധിക്കുന്നതിനെയാണ് നാർക്കോട്ടിക് ജിഹാദ് എന്ന് ഇരകളുടെ ബന്ധുക്കൾ ചിത്രികരിക്കുന്നത്. അവ സംഭവിക്കുന്നില്ലെന്നു വാദിക്കുന്ന ചാനലകളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ എന്താവുമോ പറയുക?
നടപടി ഇല്ല
2021 ജൂലൈയിൽ കോഴിക്കോട് പ്രവേശന പരീക്ഷയ്ക്കു പഠിക്കാൻ വന്ന ഒരു പെണ്കുട്ടിക്കു ജ്യൂസിൽ മയക്കുമരുന്നു കൊടുത്തു പീഡിപ്പിച്ചു. അവളെയും മതം മാറാനും വിവാഹം കഴിക്കാനും യുവാവും കൂട്ടുകാരും നിർബന്ധിച്ചു. പെണ്കുട്ടിയും പിതാവും പോലീസിൽ പരാതി കൊടുത്തു. നടപടി ഉണ്ടായില്ല. ഒക്ടോബർ ആയിട്ടും പോലീസ് അന്വേഷണം എങ്ങും എത്തുന്നില്ല.പോലീസുകാരന്റെ മകളുടെ കേസിൽപോലും അന്വേഷണം യഥാർത്ഥ പ്രതികളിൽ എത്തുമോ?
കണ്ണൂർ, കാസർഗോഡ് മേഖലകളിൽനിന്ന് 20 പേർ സിറിയയിൽ തീവ്രവാദികളായി എത്തിപ്പെട്ട സംഭവങ്ങളിലും അവരെ അവിടെയെത്തിച്ചവർ ഇവിടെ സ്വൈരവിഹാരം നടത്തി തീവ്രവാദ പ്രവർത്തനം തുടരുന്നു. എൻഐഎ വല്ലപ്പോഴും നടത്തുന്ന അറസ്റ്റുകളല്ലാതെ ഒന്നും കേരള പോലീസ് അറിയുന്നതേയില്ല. കാസർഗോട്ടെ ഒരു കോളജിൽ പഠിക്കാനെത്തുന്ന അമുസ്ലിങ്ങളായ കുട്ടികൾ വലിയ അളവിൽ മതപരിവർത്തനത്തിനു വിധേയരാക്കപ്പെടുന്നത് പതിവാകുന്നു.
എൻഐഎയിലും സ്വാധീനം
ജ്യൂസ് കുടിപ്പിച്ചു മയക്കിയ സംഭവത്തിലെ കുട്ടിയും പിതാവും പ്രധാനമന്ത്രിക്കുവരെ പരാതി കൊടുത്തു കാത്തിരിക്കുകയാണ്. മയക്കുമരുന്നു കൊടുത്തവൻ സ്വതന്ത്രമായി വിഹരിക്കുന്നു. കേരളാ പോലീസിൽ മാത്രമല്ല എൻഐഎയിലും സ്ഥിതി വ്യത്യസ്തമല്ല.
തൊടുപുഴയിലെ പ്രഫ. ജോസഫിന്റെ കേസ് അന്വേഷിക്കുവാൻ വന്ന എൻഐഎയിലെ മുസ്ലിം ഉദ്യോഗസ്ഥൻ പ്രവാചകനെക്കുറിച്ച് ഇങ്ങനെ പറഞ്ഞ തനിക്ക് അതു വരണം എന്ന മട്ടിൽ പറഞ്ഞതിനെക്കുറിച്ച് പ്രഫ. ജോസഫ് എഴുതിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു.
സേനയിലെ ഈ അപചയം വലിയ വിപത്തിലേക്കാവും നാടിനെ നയിക്കുക. അഫ്ഗാനിസ്ഥാന്റ തകർച്ചയെക്കുറിച്ചു നടത്തിയ നീരിക്ഷണങ്ങളിൽ ഒന്ന് അതാണ്. ഉദ്യോഗസ്ഥർ താലിബാൻകാരിൽനിന്നു പണവും ആനുകുല്യങ്ങളും വാങ്ങി തീവ്രവാദികളെ സഹായിച്ചു സർക്കാർ സംവിധാനം ആകെ തകർത്തു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ഭാരതം കാണിച്ച ജാഗ്രത വീണ്ടും പ്രസക്തമാവുകയാണ്.
ആരെയാണ് ഭയം?
മതംമാറ്റത്തിനായി മയക്കുമരുന്നു കൊടുത്ത് പീഡനം നടത്തുന്നത് ഒരു മതവും അംഗീകരിക്കുന്ന മതപ്രചാരണ രീതിയല്ല. എല്ലാ മതങ്ങൾക്കും അപമാനകരവുമാണ് . പക്ഷേ, കേരളത്തിൽ ചിലർ അങ്ങനെ ചെയ്യുന്നതിന്റെ നിരവധി സംഭവങ്ങൾ പുറത്തുവരുന്നു.
ഒരു സമൂഹവും ന്യായീകരിക്കാത്ത ഈ ക്രിമിനൽ പ്രവൃത്തിക്കെതിരേ കർശനമായ നടപടി എടുക്കാൻ പോലീസ് മടിക്കുന്നു. ആരെ ഭയന്ന്? തീവ്രവാദികളെയോ? മയക്കു മരുന്ന് മാഫിയയെയോ? ഭയപ്പെടുന്നത് ആരെയായാലും അത് നാടിനുണ്ടാക്കുന്നത് ഭീകര ദുരന്തമാവും.